എന്താണ് സമന്‍സ് കേസ് (Summons case), വാറണ്ട് കേസ് (Warrant case)?

പൊതുവേ കേസുകളെ നമുക്ക് മൂന്നായി വിഭജിക്കാം – സമന്‍സ് കേസ്, വാറണ്ട് കേസ്, പെറ്റി കേസ്.

വാറണ്ട് കേസ് എന്നാല്‍ രണ്ട് വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നതാണ്. സാധാരണ വാറണ്ട് കേസുകളിലാണ് കുറ്റവാളികളെ തടവിൽ ഇടാൻ വിധിക്കുന്നത്.

അതില്‍ താഴെ ശിക്ഷ കിട്ടാന്‍ ഇടയുള്ള കേസുകളെ സമന്‍സ് കേസുകള്‍ എന്നാണ് വിളിക്കുന്നത്.

സമന്‍സ് കേസുകളില്‍ പരാതിക്കാരന് എപ്പോള്‍ വേണമെങ്കിലും പരാതി പിന്‍വലിക്കാം. എന്നാല്‍ വാറണ്ട് കേസുകളില്‍ പരാതിക്കാരന് പരാതി പിന്‍വലിക്കാന്‍ സാധിക്കുകയില്ല. ക്രിമിനല്‍ കേസ് ഒരിക്കൽ രജിസ്റ്റര്‍ ചെയ്താല്‍ അത് ഒത്തു തീര്‍പ്പായി തീര്‍ക്കുക സാധ്യമല്ല.
ചില കേസുകൾ കോമ്പൗണ്ടബിൾ (Compoundable offence) എന്ന് CrPC യിൽ വിശേഷിപ്പിച്ചിരുന്ന കേസുകള്‍ കോടതിയുടെ അറിവോടുകൂടി ഒത്തു തീര്‍ക്കാം.

പെറ്റിക്കേസുകളാകട്ടെ അപ്പോള്‍ തന്നെ പിഴയടച്ച്‌ പുറത്ത് വിടുന്ന കേസുകളാണ്. ഓരോ തരം കേസുകൾക്കും വ്യത്യസ്തമായ നടപടിക്രമം ആണ് കോടതികൾക്കുള്ളത്.

Petty എന്ന വാക്കിന്റെ അർത്ഥം ‘നിസാരമായ’, ‘അപ്രധാനമായ’ (Trivial) എന്നൊക്കെയാണ്. അപ്പോൾ പെറ്റി കേസെന്നാൽ നിസാരമായ കേസ് എന്ന് അർത്ഥം.

ആയിരം രൂപയിൽ കവിയാത്ത പിഴ ശിക്ഷ നൽകുന്ന കേസുകൾ ആണ് പെറ്റി കേസുകൾ. ഇതിൽ മോട്ടോർ വാഹന നിയമം (Motor Vehicles Act, 1939) അനുസരിച്ചുള്ള കുറ്റങ്ങൾ പെടുന്നില്ല.

പെറ്റി കേസുകളിൽ പ്രതികൾക്ക് നേരിട്ടോ വക്കീൽ മുഖേനയോ കുറ്റസമ്മതം നടത്തി പിഴയടച്ചു കോടതി നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് Section 206 of CrPc പരിശോധിക്കാവുന്നതാണ്.

സമന്‍സ് കേസും വാറണ്ട് കേസും കേസുകളെ തരം തിരിച്ചിട്ടുള്ള രണ്ട് പദങ്ങളാണ്. എന്നാൽ സമന്‍സും വാറണ്ടും ഇതുമായി യാതൊരു ബന്ധവുമില്ല.

എന്താണ് വാറന്റ് (Warrant)?
എന്താണ് സമൻസ് (Summons) ?

എന്താണ് ഏകികൃത സിവിൽ കോഡ് (Uniform Civil Code)? അല്ലെങ്കിൽ പരിഷ്കരിച്ച വ്യക്തി നീയമങ്ങൾ? അതിന്റെ ഗുണ ദോഷങ്ങൾ എന്തൊക്കെ?

ഇന്ത്യയിലെ മിക്കവാറും എല്ലാ നീയമങ്ങളും ( ക്രിമിനൽ, സിവിൽ, കോൺട്രാക്ട്, മോട്ടോർ വാഹന നിയമം….) ഏതൊരു മതസ്ഥർക്കും ഒരു പോലെ ആണ്. എന്നാൽ വ്യക്തി നിയമങ്ങൾ(Personal law) ഓരോ മതസ്ഥർക്കും വ്യത്യസ്തമാണ്. അതായതു വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയെ സംബന്ധിച്ച നീയമങ്ങൾ ഓരോ മതസ്ഥർക്കും വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, ഇസ്ലാം നിയമപ്രകാരം ഒരാൾക്ക് 4 വിവാഹം വരെ കഴിക്കാം. എന്നാൽ ഹിന്ദു നിയമ പ്രകാരം ഒരാൾക്ക് ഒരു വിവാഹം മാത്രമേ നിയമപരമായി സാധിക്കു.

അതുപോലെ തന്നെ ഇത്തരം വ്യക്തി നിയമത്തിൽ ഒരുപാടു അപാകതകൾ ഉണ്ട്. ഹിന്ദു നീയമങ്ങൾ പല പ്രാവശ്യം പരിഷ്കരിക്കപ്പെടുകയും മെച്ചപ്പെടുത്തുകയും ചെയ്തു. ഇനിയും പരിഷ്കരിക്കാൻ ഉണ്ട്. എന്നാൽ ഇസ്ലാം നീയമങ്ങളിൽ ഉള്ള പല പോരായ്മകളും പലവിധ പ്രശ്നങ്ങളാൽ യാതൊരു മാറ്റവും വരുത്താതെ തുടരുന്നു.

നിലവിലുള്ള നിയമത്തിൽ ഉള്ള ചില പോരായ്മകൾ

  1. ഹിന്ദു പുരുഷൻ മരിച്ചാൽ, അയാൾക്ക്‌ അവശേഷിക്കുന്ന സ്വത്ത് ഹിന്ദു സ്വത്തവകാശ നിയമം അനുസരിച്ചു, അയാളുടെ അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും തുല്യമായി ലഭിക്കും. അച്ഛന് യാതൊരു സ്വത്തും ലഭിക്കില്ല. ഇത് മരിച്ചയാളുടെ അച്ഛന് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.
  2. ക്രിസ്ത്യൻ പുരുഷൻ മരിച്ചാൽ, മൂന്നിൽ ഒന്ന് ഭാര്യയ്ക്കും ബാക്കി മൂന്നിൽ രണ്ട് ഭാഗം അയാളുടെ മക്കൾക്കും ലഭിക്കും. മരിച്ചയാളുടെ സ്വത്തിൽ അയാളുടെ അച്ഛനോ അമ്മയ്ക്കോ യാതൊരു അവകാശവും ഇല്ല. ഇത് മരിച്ചയാളുടെ അപ്പനും അമ്മയും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.
  3. ഒരു മുസ്ലിം പുരുഷൻ മരിച്ചാൽ, ഒരു പെൺകുട്ടി മാത്രമെങ്കിൽ പിതാവിന്റെ സ്വത്തിന്റെ പകുതി മാത്രമേ കുട്ടിക്ക് ലഭിക്കു. (ഒന്നിൽ കൂടുതൽ പെൺ കുട്ടികൾ ഉണ്ടെങ്കിൽ പിതാവിന്റെ സ്വത്തിന്റെ മൂന്നിൽ രണ്ടു സ്വത്ത് എല്ലാ പെൺകുട്ടികൾക്കും.) ബാക്കി വസ്തുവകകൾ മരിച്ചയാളുടെ സഹോദരങ്ങൾക്ക് ലഭിക്കും. ഇനി മറ്റൊരു രീതിയിൽ ആണെങ്കിൽ, മകൻ അപ്പന് മുന്നേ മരിച്ചെങ്കിൽ, മകന്റെ ഭാര്യയ്ക്കും കുട്ടികൾക്കും മരിച്ചയാളുടെ അപ്പന്റെ സ്വത്തിൽ യാതൊരു അവകാശവും ഉണ്ടാവില്ല. ഇത് മരിച്ചയാളുടെ ഭാര്യയ്ക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.


വ്യക്തിനിയമങ്ങളിലെ ചില പോരായ്മകൾ, വിവിധ പരിഷ്കരണത്തിലൂടെ തിരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്,THE HINDU SUCCESSION (KERALA AMENDMENT AMENDMENT BILL 2015, BILL NO: 333 ) ഹിന്ദു പിന്തുടർച്ച അവകാശത്തിലുണ്ടായിരുന്ന ഒരു തെറ്റ് തിരുത്തുവാൻ വേണ്ടിയുള്ള ഭേദഗതി ആണ്ഹിന്ദു നിയമ പ്രകാരം, മരിച്ച മകന്റെ സ്വത്തിൽ അമ്മയ്ക്ക് അവകാശം ഉണ്ടായിരുന്നു. അതായതു അമ്മയുടെ സ്വത്ത്‌ മക്കൾക്ക് ഭാഗം വെച്ചതിനു ശേഷം പോലും മകൻ മരിച്ചാൽ മകന്റെ സ്വത്തിൽ അമ്മയ്ക്ക് അവകാശം ലഭിക്കും. ഇപ്രകാരം അമ്മയ്ക്ക് ലഭിക്കുന്ന സ്വത്തിൽ സ്വാഭാവികമായും വീണ്ടും അമ്മയുടെ മറ്റു മക്കൾക്ക് (മരിച്ച ആളുടെ സഹോദര(രി)ങ്ങൾക്ക്) അവകാശം ഉണ്ടാകും. അത് വീണ്ടും പാർട്ടീഷൻ നടത്തേണ്ടി വരും. ഇത് മരിച്ച മകന്റെ ഭാര്യയുടെയും മക്കളുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതു കൊണ്ടാണ് ഇങ്ങനെ ഒരു ഭേദഗതി വന്നത്


ഇതുപോലെ പല പ്രശ്നങ്ങളും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയിൽ ഉണ്ട്. ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത എന്നതിനെ കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്.

ഏകീകൃത പൗരനിയമം എന്ന ആവശ്യം എപ്പോഴെല്ലാം ഉയർന്നു വന്നിട്ടുണ്ടോ അപ്പോഴെല്ലാം മുസ്‌ലിം യാഥാസ്ഥിതികവിഭാഗങ്ങൾ അതിനെ പ്രതിരോധിക്കാൻ ആശ്രയിച്ചുപോന്നിട്ടുള്ള (ഇപ്പോഴും ആശ്രയിക്കുന്ന) ചില വാദമുഖങ്ങളുണ്ട്‌. ഉദാഹരണത്തിന്: മുസ്‌ലിം വ്യക്തിനിയമങ്ങൾക്കുപകരം ഏകീകൃത സിവിൽകോഡ്‌ വരുമ്പോൾ മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യം ഇല്ലാതാകും, മുസ്‌ലിങ്ങളുടെ സാംസ്കാരികസ്വത്വം നഷ്ടപ്പെടും, മുസ്‌ലിങ്ങളിൽ ഹിന്ദുകോഡ്‌ അടിച്ചേല്പിക്കപ്പെടും, ഏകീകൃത പൗരനിയമം ബഹുസ്വരത തകർക്കും.

എന്നാൽ മതവിശ്വാസങ്ങളുടെയോ മതാചാരങ്ങളുടെയോ ഏകീകരണമല്ല, പൗരനിയമങ്ങളുടെ ഏകീകരണമാണ്‌ സിവിൽകോഡ്‌ ലക്ഷ്യമിടുന്നത്‌. ഇസ്‌ലാമിന്റെ ഈശ്വരാരാധനമുറകളായ പ്രാർഥന (നമസ്കാരം), വ്രതം, സക്കാത്ത്‌, ഹജ്ജ്‌ എന്നീ മേഖലകളിലും പൊതുപൗരനിയമം കൈകടത്തുന്ന പ്രശ്നമുദിക്കുന്നില്ല. എന്നാൽ ഈ വസ്തുത മനസിലാക്കാതെ പൗരനിയമ ഏകീകരണം മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമെന്ന്‌ പ്രചരിപ്പിക്കുന്നു.

വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.

എല്ലാ വിവാഹങ്ങളും മുൻസിപ്പാലിറ്റി/പഞ്ചായത്ത് ൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം പോലെ, ഏകീകൃത സിവിൽ കോഡ് വന്നാലും നിലവിൽ നടത്തുന്ന ആചാരങ്ങൾ അതുപോലെ തന്നെ നടത്താം.

എന്താണ് ലോക്കൗട്ട് (Lockout)? , ലേഓഫ് (Layoff), സമരം (Strike), Closure? എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?

നമ്മൾ വളരെ സാധാരണയായി കേൾക്കാറുള്ള വാക്കുകൾ ആണ് ലോക്കൗട്ട്, ലേഓഫ്, സമരം എന്നിവ. എന്താണ് ശെരിക്കും എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?

സമരം എന്നാൽ തൊഴിലാളികൾ അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി ചെയ്യുന്ന അവകാശബോധത്തോടെ ഉള്ള ആവശ്യപ്പെടല്‍ / അഭ്യര്‍ത്ഥന ആണ്. ഇത് പണിമുടക്ക്, മെല്ലെ പോകൽ, ഖരാവോ തുടങ്ങി പല മാർഗ്ഗങ്ങൾ ആവാം. അതായതു സമരം സാധാരണ തൊഴിലാളികൾ ചെയ്യാറുള്ളതാണ്.

ലോക്കൗട്ട് (Lockout)
ലോക്ക് ഔട്ട് എന്നാൽ,  lock = പൂട്ടുക, out = പുറത്തുനിന്നു. അതായതു ഫാക്ടറി/കമ്പനി പൂട്ടുക എന്നർത്ഥം.

ഇന്ത്യൻ നിയമ പ്രകാരം ലോക്ക് ഔട്ട് എന്നാൽ

  1. താൽക്കാലികമായി ഫാക്ടറി/കമ്പനി പൂട്ടുക
  2. സാധാരണയായി ഫാക്ടറി/കമ്പനി പൂർണ്ണമായും പൂട്ടാറുണ്ട്.
  3. സമരമോ മറ്റു രാക്ഷ്ട്രീയ സാമ്പത്തീക കാരണങ്ങളോ കൊണ്ട് ഫാക്ടറി/കമ്പനി പൂട്ടുക.
  4. സമരം നേരിടാനുള്ള ഫാക്ടറി/കമ്പനി ഒരു മാർഗ്ഗമാണ്.
  5. പ്രത്യേക കാരണം ഉണ്ടാകണമെന്നില്ല.
  6. കൂട്ടായ വിലപേശല്‍ (collective bargaining) നടത്തുവാൻ വേണ്ടി ഉപയോഗിക്കാറുണ്ട്.

ലേഓഫ് (Layoff)
ഇന്ത്യൻ നിയമ പ്രകാരം ലേ ഓഫ് എന്നാൽ,

  1. തൊഴിൽ ദാതാവിന് അയാളുടെ ഒന്നോ അതിലധികമോ തൊഴിലാളികൾക്ക് തൊഴിൽ നല്കാൻ ആവാത്ത സാഹചര്യം ഉണ്ടാകുമ്പോൾ ചെയ്യാവുന്നതാണ്. ചില ഷിഫ്റ്റുകളിലും ലേഓഫ് പ്രഖ്യാപിക്കാം.
  2. ഫാക്ടറി/കമ്പനി കുറഞ്ഞ ശേഷിയിൽ പ്രവർത്തിച്ചുകൊണ്ടേ ഇരിക്കും. പൂർണ്ണമായും അടച്ചു പൂട്ടാറില്ല.
  3. ലേ ഓഫ് ചെയ്യാറുള്ള സാഹചര്യങ്ങൾ – ആവശ്യത്തിന് അസംസ്കൃത വസ്തു/ വൈദ്യുതി ഇല്ലാത്തത്, മെഷിനറി തകരാറുകൾ, സർക്കാർ നിയന്ത്രണം, ഉല്പ്പന്നം കെട്ടികിടക്കുന്നത് / ആവശ്യക്കാർ ഇല്ലാത്തതു/ സംഭരണ സൗകര്യം ഇല്ലാത്തതു തുടങ്ങിയവ ആകാം.
  4.  ലേ ഓഫ്നു പ്രത്യേക കാരണം ഉണ്ടാകണം
  5. തൊഴിലാളികൾക്ക് നഷ്ടപരിഹാരം കൊടുക്കും.

ലേഓഫ്, ലോക്കൗട്ട് ഇത് രണ്ടും താൽക്കാലികമായ നടപടി ആണ്. തൊഴിൽ കരാറുകൾ അവസാനിക്കില്ല. പക്ഷെ താൽക്കാലമായ മരവിപ്പിക്കൽ മാത്രം.

എന്താണ് Closure അഥവാ അടച്ചുപൂട്ടൽ?
തൊഴിൽശാലകൾ സ്ഥിരമായി അടച്ചുപൂട്ടുന്നതിനെ Closure എന്ന് പറയുന്നു.
നല്ല ഉദ്ദേശത്തോടെ ഉള്ള അടച്ചുപൂട്ടൽ നീയമവിരുദ്ധമല്ല.
തൊഴിൽ കരാറുകൾ Closure ൽ അവസാനിക്കും

നിര്‍ദ്ധനരായവർക്ക്‌ നീതി എങ്ങനെ ലഭ്യമാകും? കേസ് നടത്തുവാൻ പണമില്ലാത്തവർ എന്ത് ചെയ്യണം?

നമ്മുടെ നാട്ടിൽ കേസ് നടത്തി കുടുംബം നശിഞ്ഞവർ ധാരാളം ഉണ്ട്. അതുകൊണ്ടു തന്നെ കോടതി വ്യവഹാരങ്ങൾ സാധാരണ ജനങ്ങൾ ഭീതിയോടെ ആണ് കാണുന്നത്. കേസ് നടത്തിപ്പ് ദരിദ്രർക്ക് താങ്ങാൻ സാധിക്കില്ല എന്നതുകൊണ്ട് തന്നെ നീതി നിഷേധം സഹിക്കുന്ന ഒരുപാടു ജനങ്ങൾ നമുക്കുചുറ്റും ഉണ്ട്.

ഭരണഘടനയുടെ 39A ആർട്ടിക്കിൾ (Article 39A of Constitution of India) പ്രകാരം പണമില്ലായ്മ നീതി നിഷേധത്തിനു കാരണമാകുന്നില്ല എന്നത് ഉറപ്പുവരുത്തുവാനുള്ള ബാധ്യത രാജ്യത്തിനുണ്ട്. അതിനുള്ള സൗകര്യങ്ങൾ നിയമസംവിധാനം ഉറപ്പുവരുത്തുന്നുണ്ട്. (Legal Services Authorities Act, Legal Aid (Amendment) Act )

ക്രിമിനൽ കേസുകൾ നടത്തുന്നത് സർക്കാർ സംവിധാനം ആയതുകൊണ്ടു കോടതി – വക്കിൽ ചിലവുകൾ ഒരു പരാതിക്കാരൻ നൽകേണ്ടി വരുന്നില്ല.

എന്നാൽ സിവിൽ കേസുകൾ/ സ്വകാര്യ കേസുകൾ നടത്തുമ്പോൾ കോടതി ചിലവുകളും വക്കിൽ ചിലവുകളും പരാതിക്കാരൻ വഹിക്കേണ്ടി വരുന്നു. ഇതിനുള്ള സാമ്പത്തീക ഭദ്രത ഇല്ലാത്ത ദാരിദ്രം അനുഭവിക്കുന്നവർക്ക് കോടതി ചിലവ് ഒഴിവാക്കി കേസ് നടത്തുവാനുള്ള സൗകര്യം ഉണ്ട്. സംസ്ഥാന കേന്ദ്ര സർക്കാർ / ബാർ കൗൺസിൽ തുടങ്ങിയ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സോസൈറ്റികളിൽ നിന്നും വക്കിലിന്റെ സേവനവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ/ അർഹത സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയുന്നതിന് ലീഗൽ എയ്ഡ് സൊസൈറ്റികളിലോ ഏതേലും വക്കിലുമായോ ബന്ധപ്പെടുക.

എന്താണ് V. S അച്ചുദാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ നടത്തിയ മൂന്നാർ ദൗത്യത്തിൽ പ്രസിദ്ധമായ രവീന്ദ്രൻ പട്ടയം?

V. S അച്ചുദാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ മുന്നാറിൽ അനധികൃത കയ്യേറ്റങ്ങളും കെട്ടിട നിർമ്മാണങ്ങളും കണ്ടെത്തുവാൻ ഒരു ദൗത്യ സംഘത്തെ നിയോഗിക്കുകയും അതിനെ തുടർന്ന് പല പ്രക്ഷോഭങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു. ഇതിനിടെ ആണ് (കു)പ്രസിദ്ധമായ രവീന്ദ്രൻ പട്ടയം എന്ന വിവാദം ഉണ്ടായത്‌.

മൂന്നാറിലെ പട്ടയവിതരണത്തിലൂടെയാണ് എം.ഐ.രവീന്ദ്രൻ വിവാദ നായകനായത്. രവീന്ദ്രൻ ദേവികുളത്ത് അഡീഷനൽ തഹസിൽദാരുടെ ചുമതലയുണ്ടായിരുന്ന സമയം. 1999 ൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ശുപാർശ പ്രകാരമെന്ന പേരിൽ ദേവികുളം താലൂക്കിലെ ഒൻപതു വില്ലേജുകളിൽ 530 പട്ടയങ്ങൾ വിതരണം ചെയ്‌തിരുന്നു. അന്നു ജില്ലാ കലക്‌ടറായിരുന്ന വി.ആർ. പത്മനാഭന്റെ ഉത്തരവു പ്രകാരമാണു പട്ടയം നൽകാൻ രവീന്ദ്രനെ ചുമതലപ്പെടുത്തിയത്. ജില്ലാ കലക്‌ടറുടെ ഉത്തരവ്, സ്‌റ്റാറ്റ്യൂട്ടറി റഗുലേറ്ററി ഓർഡർവഴി ഗസറ്റിൽ വിജ്‌ഞാപനം ചെയ്‌തു സാധൂകരിക്കാൻ തിരക്കിനിടയിൽ റവന്യു വകുപ്പ് മറന്നു. അതോടെ നിയമപ്രകാരം രവീന്ദ്രൻ തഹസിൽദാർ ആയില്ല. പട്ടയം ഒപ്പിട്ടുനൽകാനുള്ള അധികാരം തഹസിൽദാർക്കു മാത്രമാണെന്നാണു ചട്ടം. രവീന്ദ്രൻ ഒപ്പിട്ടു വിതരണം ചെയ്‌ത പട്ടയങ്ങൾ ചട്ടവിരുദ്ധമായതും അവ റദ്ദാക്കാൻ മൂന്നാർ ദൗത്യസംഘം തലവനായിരുന്ന കെ.സുരേഷ്കുമാർ തീരുമാനിച്ചതും ഇങ്ങനെയായിരുന്നു.