സ്വകാര്യ വാഹനം പൊതുസ്ഥലം ആണോ?

എന്താണ് പൊതുസ്ഥലം  (public place)?
പൊതുവഴി (public place) എന്നാൽ, പൊതുജനത്തിന് പ്രവേശനമുള്ള അനുവാദമുള്ള  (access)  സ്ഥലം എന്ന് പറയാം.

പൊതുവഴിയിൽ ആയാലും സ്വകാര്യ വാഹനത്തിൽ ഇരുന്നു മദ്യപിക്കുന്നത് കുറ്റകരമല്ല എന്നാണ് ചിലരെങ്കിലും കരുതുന്നത്. ഇതിനു ഒരു കാരണം, ‘പൊതുസ്ഥല’മെന്ന നിർവ്വചനത്തിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. അതുപോലെ പൊതുനിരത്തിലെ സ്വകാര്യവാഹനത്തെ സ്വകാര്യ ഇടമായി പരിഗണിക്കാമെന്ന 1999 ലെ കേരള ഹൈക്കോടതി വിധിയും ഉണ്ടായിരുന്നു.

പൊതുവഴികളിലൂടെ പോകുന്ന സ്വകാര്യ വാഹനവും ‘പൊതുസ്ഥലം’എന്ന നിർവചനത്തിൽ വരുമെന്ന് സുപ്രീം കോടതി. മദ്യപിച്ചതിനു പിടിയിലായ കാര്‍ യാത്രികന്‍റെ അപ്പീല്‍ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. പൊതുസ്ഥലത്ത് അനുവദനീയമല്ലാത്തതൊന്നും സ്വകാര്യ വാഹനത്തിലും പാടില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു. ഇതോടെ പൊതുനിരത്തിലെ സ്വകാര്യവാഹനത്തെ സ്വകാര്യ ഇടമായി പരിഗണിക്കാമെന്ന 1999 ലെ കേരള ഹൈക്കോടതി വിധി ദുർബലമായി.  (കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി, കാറിൽ ഇരിക്കുമ്പോൾ മാസ്ക് ധരിക്കണമോ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ)

ജാർഖണ്ഡിൽ നിന്നു ബിഹാറിലേക്കു സ്വന്തം കാറിൽ വരുംവഴി മദ്യപിച്ച നിലയിൽ അറസ്റ്റിലായി കുറ്റം ചുമത്തപ്പെട്ട സ‍ത്‍വീന്ദര്‍ സിംഗ് എന്നയാള്‍ പട്‍ന ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.  2016 ലാണ് സംഭവം. ബിഹാര്‍ അതിര്‍ത്തിയില്‍ വച്ചാണ്  സ‍ത്‍വീന്ദര്‍ സിംഗ് പിടിയിലാകുന്നത്.

തെരുവ് നായ ആക്രമണം മൂലം (നമ്മുടെ വാഹനം ഇടിച്ചോ മറ്റോ…), നമുക്ക് പരിക്ക് പറ്റിയാൽ നഷ്ടപരിഹാരം ലഭിക്കുമോ?, എന്താണ് നടപടികൾ?

സുപ്രീംകോടതി നിർദ്ദേശപ്രകാരം, തെരുവ് നായ മൂലം ജനങ്ങൾക്കുണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും പരിഹാരം കാണുന്നതി നായി ബഹുമാന പ്പെട്ടകൊച്ചിയിൽ ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ ഒരു മൂന്നംഗ ക്കമ്മിറ്റി രൂപം കൊടുത്തിട്ടുണ്ട്. ജസ്റ്റിസ് ജസ്റ്റിസ് സിരിജഗനെ കൂടാതെ ഡയറ്കടർ ഓഫ് ഹെൽത്ത് സർവീസ്, നിയമ സെക്രട്ടറി എന്നിവ രാണ് ഈ കമ്മിറ്റിയിൽ ഉള്ളത്.

എന്താണ് നമ്മൾ ചെയ്യേണ്ടത്?

തെരുവുനായ ആക്രമിക്കുകയോ ,തെരുവുനാ യമൂലം വാഹനാപകടം സംഭവിക്കുകയോ പരുക്കേൽക്കുകയോ ചെയ്താൽ, ഒരു വെള്ള പ്പേപ്പറിൽ സംഭവിച്ച വിവരങ്ങൾ അപേക്ഷയായി എഴുതി, അതോടൊപ്പം ആശുപത്രിയുടെ ബില്ലുകൾ, ഓ.പി ടിക്കറ്റ്, മരുന്നുകളുടെ ബില്ല്, വാഹന ത്തിന്റെ മെയി ന്റനൻസിനു ചിലവായ തുകയുടെ ബില്ല് എന്നിവ താഴെപ്പറയുന്ന അഡ്രസിലേക്കു അയച്ചുകൊടുക്കുക.

Justice Siri Jagan Committee,
UPAD Building,
Paramara Road,
Kochi -682018

അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ കമ്മിറ്റി അത് പരിശോധിച്ചശേഷം, അപേക്ഷകനെ ഹിയറിംഗിനായി കൊച്ചിയിലേക്ക് വിളിക്കും. അവിടെ വക്കീലിന്റെയോ മറ്റു സഹായികളുടെയോ ആവശ്യമില്ലാതെ,  നമുക്ക് നേരിട്ട് നമ്മുടെ പരാതികളും നടന്ന സംഭവവും കമ്മിറ്റിക്ക് മുന്നിൽ വിവരിക്കുക.

നമ്മുടെ പരാതി തീർത്തും ന്യായമാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടുകഴിഞ്ഞാൽ നമുക്ക് നഷ്ടപരിഹാരം നൽകേണ്ടുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് (പഞ്ചായത്ത് /മുൻസിപ്പാലിറ്റി/കോർപ്പറേഷൻ) നോട്ടീസ് അയക്കുകയും അവരുടെ ഭാഗം കൂടി കേട്ടശേഷം നമുക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻവേണ്ടുന്ന നടപടികൾ എടുക്കുന്നതാണ്.

ഒറ്റപ്പാലത്തു സ്വന്തം വാഹനം ഒരു തെരുവ് നായയുമായി കൂട്ടിയിടിച്ചു മരണപ്പെട്ട സെയ്തുലെവിയുടെ കുടുംബത്തിന്, ഇൻഷുറൻസ് കമ്പനി മറ്റു വാഹനം അപകടത്തിൽ ഉൽപ്പട്ടിട്ടില്ലാത്തതുകൊണ്ട് നഷ്ടപരിഹാരം നിഷേധിച്ചിരുന്നു. അതുകൊണ്ടുസെയ്തുലെവിയുടെ കുടുംബം ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ സമീപിക്കുകയും 18 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തു.

ഹിന്ദു കുടുംബസ്വത്തില്‍ മകള്‍ക്ക് തുല്യാവകാശം; ഭേദഗതിക്ക് സുപ്രീം കോടതി അംഗീകാരം

1956-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം 2005-ല്‍ ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് പെണ്‍മക്കള്‍ക്ക് പിതാവിന്റെ സ്വത്തില്‍ തുല്യ പങ്കാളിത്തം ലഭിച്ചിരുന്നു.
എന്നാല്‍ പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യ അവകാശം ലഭിക്കണമെങ്കില്‍ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍  9-ന് പിതാവ് ജീവിച്ചിരിക്കണമെന്ന്‌ 2015-ല്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍. ദാവെയും എ.കെ. ഗോയലും അടങ്ങിയ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 2005-ലെ നിയമ ഭേദഗതിയിലെ സെക്ഷന്‍ 6-ന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു 2015-ലെ വിധി.

എന്നാല്‍ 2018-ല്‍ ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് മകനുള്ള അതേ അവകാശം മകള്‍ക്കും പിതാവിന്റെ സ്വത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേവര്‍ഷം ജസ്റ്റിസുമാരായ ആര്‍.കെ. അഗര്‍വാളും എ.എം.സാപ്രേയും അടങ്ങിയ ബെഞ്ച് 2015-ലെ വിധിയോട് യോജിപ്പ് രേഖപ്പെടുത്തി.
വിവിധ രണ്ടംഗ ബെഞ്ചുകള്‍ വ്യത്യസ്ത വിധികള്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ ആണ് വിഷയം മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക്വിടാൻ സുപ്രിം കോടതി തീരുമാനിച്ചത്.   ഇത് പ്രകാരം  ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് ഈ വിഷയം പരിഗണിച്ചു!

ഹിന്ദു പിന്തുടര്‍ച്ച അവകാശം നിയമ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍ 9-ന് മുമ്പ് അച്ഛന്‍ മരിച്ച പെണ്മക്കള്‍ക്കും സ്വത്തില്‍ തുല്യ അവകാശമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് ആണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

(Daughters will have the right over parental property even if the coparcener had died prior to the coming into force of the Hindu Succession (Amendment) Act, 2005.  Pronouncing the verdict, Justice Mishra recognizing the importance of conferring equal rights on daughters and sons and said that the daughter shall remain a coparcener throughout life, irrespective of whether her father is alive or not.  )

18 വയസ്സിൽ താഴെയുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാണോ?

എന്താണ് ഐപിസി സെക്‌ഷൻ 375 (IPC 375 – Rape – ബലാല്‍സംഗം ) ഉം പോക്‌സോ (POCSO)  നീയമവുമായുള്ള പരസ്‌പരവിരുദ്ധത?
(What is the conflict between IPC 375 and POCSO Act)
—————————————–

IPC 375 പ്രകാരം, 18 വയസ്സിൽ താഴെയുള്ള സ്ത്രീയുമായുള്ള ലൈംഗിക ബന്ധം, ബലാല്‍സംഗം ആയി പരിഗണിക്കും. എന്നാൽ സെക്ഷൻ 375 Exception പ്രകാരം 15 വയസ്സിനു മുകളിൽ ഉള്ള, സ്വന്തം ഭാര്യയുമായി സമ്മത്തോടെയോ അല്ലാതെയോ ഉള്ള ലൈംഗിക ബന്ധം, ബലാല്‍സംഗം ആയി പരിഗണിച്ചിരുന്നില്ല.

എന്നാൽ, 2012 ൽ നിലവിൽ വന്ന POCSO Act പ്രകാരം, ലൈംഗിക ബന്ധത്തിനുള്ള സമ്മതത്തിനുള്ള (consent) കുറഞ്ഞ പ്രായം 18 വയസ്സാണ്. ഇത് IPC സെക്ഷൻ 375 യുമായി പരസ്‌പരവിരുദ്ധമായിരുന്നു. അതുപോലെ തന്നെ ഈ നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 21 നു വിരുദ്ധമെന്ന് 2017 ഒക്ടോബർ 11 നു സുപ്രിം കോടതി വിധിച്ചു. ആയതിനാൽ  IPC 375 ലെ പ്രസ്തുത ഭാഗം റദ്ദുചെയ്തു.

അതുപോലെ തന്നെ ഈ exception, ശൈശവ വിവാഹ നിരോധന നിയമം ( Prohibition of Child Marriage Act ) ആയിട്ടും വിരുദ്ധമായിരുന്നു.

അതായത് 18 വയസ്സിൽ താഴെയുള്ള ഏതു സ്ത്രീയമായും, അത് ഭാര്യ ആയാലും  സമ്മത്തോടെയോ അല്ലാതെയോ ആയാലും ബലാല്‍സംഗം ആയി പരിഗണിക്കും. കുറ്റകരമാണ്!

എന്താണ് പോക്സോ (POCSO )കേസ് / പോക്സോ നിയമം (The Protection of Child from Sexual Offenses Act)

2012 വരെ ഇന്ത്യയില്‍ ബാലലൈംഗികചൂഷണം (CSA – Child Sex Abuse ) തടയുന്നതിനായി പ്രത്യേകം നിയമമൊന്നും ഉണ്ടായിരുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ IPC 354 (സ്ത്രീകളെ അപമാനിക്കല്‍), 375 (ബലാത്സംഗം) , 377 (പ്രകൃതിവിരുദ്ധ ലൈംഗികബന്ധം), 509 (Insult the modesty of a woman) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ നല്‍കിയിരുന്നത്. ഈ വകുപ്പുകൾ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളെ ഉദ്ദേശിച്ചു കൊണ്ടായിരുന്നില്ല. അതുപോലെ നീയമങ്ങളിൽ പലതും സ്ത്രീകളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളവയായിരുന്നു. ഇതുകൊണ്ട് തന്നെ, പല രീതിയിൽ ഉള്ള പാകപ്പിഴകൾ ബാലലൈംഗികചൂഷണം കൈകാര്യം ചെയ്യുന്നതിൽ ഉണ്ടായിരുന്നു.
ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമം  (The Protection of Child from Sexual Offenses Act) 2012 ലാണ് പ്രാബല്യത്തിലായത്. ഇത് POCSO – പോക്‌സോ എന്നറിയപ്പെടുന്നു. 18 വയസില്‍ താഴെയുളള കുട്ടികൾ (ആണ്‍കുട്ടികളും പെണ്‍കുട്ടികളും) നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ തടയുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം.
നിലവിലുണ്ടായിരുന്ന പഴയ നിയമത്തില്‍ നിന്ന് വ്യത്യസ്തമായി, ലൈംഗിക അക്രമം മാത്രമല്ല, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവൃത്തികളെയും ലൈംഗിക അക്രമമായി കുറ്റമായി കാണുന്നുവെന്നതാണ് പോക്‌സോയുടെ പ്രത്യേകത. കുട്ടികളുടെ അശ്ലീല ചീത്രങ്ങള്‍ ഉള്‍പ്പെടെ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.
പോക്‌സോ നിയമം ചുമത്തുന്നതോടെ പ്രതിക്ക് ഒത്തുതീര്‍പ്പിലൂടെ കേസില്‍ നിന്ന് തലയൂരാനുളള സാധ്യതകളും പഴുതുകളും അടയും. പ്രതിക്ക് ജാമ്യം കിട്ടില്ല. ഇരയായ കുട്ടി തന്റെ മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യം പറഞ്ഞ മൊഴിയാകും നിലനില്‍ക്കുക.
കുട്ടികളെ ലൈംഗികച്ചുവയോടെ സ്പര്‍ശിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാനുളള കുറ്റകൃത്യമായി കണക്കാക്കും. ഈ കുറ്റം അധ്യാപകര്‍, മതാധ്യാപകര്‍, ഹോസ്പിറ്റര്‍ സ്റ്റാഫുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചെയ്താല്‍ തടവ് ശിക്ഷ 8 വര്‍ഷം വരെയാകാം. ഒരു കുട്ടി പീഡനത്തിനിരയായാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലെങ്കില്‍ മൂന്നാമതൊരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യം ചെയ്യാവുന്നതും പരാതി നല്‍കാത്ത രക്ഷിതാക്കള്‍ക്കെതിരെ പോക്‌സോ ചുമത്താവുന്നതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം കേസുകള്‍ അധ്യാപകര്‍ മറച്ചുവച്ചാലും സമാനശിക്ഷ ലഭിക്കും.
കേസിന്റെ പ്രാരംഭം മുതല്‍ രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നതാണ് പോക്‌സോയുടെ മറ്റൊരു പ്രത്യകത. കുട്ടിയെ തിരിച്ചറിയുവാൻ സാധിക്കുന്ന പേരോ, ഫോട്ടോയോ, ദൃശ്യങ്ങളോ, മേല്‍വിലാസമോ പുറത്തുപറയാന്‍ പാടില്ല, മാധ്യമങ്ങളില്‍ ഇരയെ തിരിച്ചറിയാന്‍ കഴിയുന്ന വാര്‍ത്ത വരാന്‍ പാടില്ല. കേസില്‍ കൈക്കൊണ്ട നടപടിക്രമങ്ങളെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും കോടതിയെയും ബോധ്യപ്പെടുത്തുകയും വേണം.
അതുപോലെ തന്നെ വളരെയേറെ ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു നിയമമാണ് ഇത്. വ്യക്തി വൈരാഗ്യം തീർക്കുന്നതിനായി കുട്ടികളെ കരുവാക്കി ഇത് ദുരുപയോഗം ചെയ്യാറുണ്ട്.