എന്താണ് അനന്തരാവകാശ സർട്ടിഫിക്കറ്റ് (Legal Heir Certificate)?

എന്താണ് അനന്തരാവകാശ സർട്ടിഫിക്കറ്റ് (Legal Heir Certificate)?

ഒരാൾ മരിച്ചു പോയാൽ അയാളുടെ സ്വത്തിന്മേലുള്ള അവകാശം ആർക്കൊക്കെയാണെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റാണ് അനന്തരാവകാശ സർട്ടിഫിക്കറ്റ്. കുടുംബത്തിൽ ആര് മരണപ്പെട്ടാലും അത് തദ്ദേശ സ്ഥാപനത്തിൽ അറിയിച്ച് അവിടെ നിന്നും മരണ സർട്ടിഫിക്കറ്റ്  വാങ്ങേണ്ടതുണ്ട്.

5 രൂപയുടെ കോര്‍ട്ട്ഫീസ്റ്റാംപ് പതിപ്പിച്ച്, മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം താലൂക്ക് തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷയില്‍ അപേക്ഷകന്റെ പൂര്‍ണ്ണമായ മേല്‍വിലാസം ഉണ്ടായിരിക്കണം. മരണപ്പെട്ടയാളുടെ അവകാശികളുടെ പേര്, വയസ്സ്, ബന്ധം എന്നിവ ചേര്‍ക്കണം. പരേതന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ എന്നും, ടിയാന്‍ വേറെ വിവാഹം കഴിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കേണ്ടതാണ്.

തഹസില്‍ദാര്‍ക്ക് നൽകിയ, അപേക്ഷ അന്വേഷണത്തിനായ് വില്ലേജ് ഓഫീസര്‍ക്ക് തഹസില്‍ദാര്‍ നല്‍കുന്നു.  അവകാശികളെ നിശ്ചയിക്കാനുള്ള വില്ലേജ് ഓഫീസറുടെ പ്രാദേശികാന്വേഷണമാണ് ഏറ്റവും പ്രധാനം.   മരണപ്പെട്ടിട്ടുള്ള ആളെയും കുടംബ/വൈവാഹിക ബന്ധങ്ങളെയും കുറിച്ച് അറിവുള്ള 2 ബന്ധുക്കളുടെയും, അയല്‍വാസികളുടെയും മൊഴിരേഖപ്പെടുത്തി അവകാശികളെ വിചാരണ ചെയ്ത് മൊഴിരേഖപ്പെടുത്തി യഥാര്‍ത്ഥ അവകാശികളെ നിശ്ചയിച്ച് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. അവകാശികളെ നിശ്ചയിച്ചിരിക്കുന്നതില്‍ പ്രഥമികമായി തര്‍ക്കങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ പരിശോധനാര്‍ത്ഥം ഗസറ്റ് വിജ്ഞാപനം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിന് തിരുവനന്തപുരം ഗവണ്‍മെന്റ് പ്രസ് സൂപ്രണ്ടിന് അയച്ചു നല്‍കുന്നു.  ഗസറ്റ് വിജ്ഞാപനം വന്ന് 30 ദിവസത്തിനകം ആക്ഷേപങ്ങള്‍ ലഭിച്ചിട്ടില്ലയെങ്കില്‍ അവകാശികളെ നിശ്ചയിച്ച് സാക്ഷ്യപത്രം നല്‍കുന്നതാണ്.

താഴെപ്പറയുന്ന കാര്യങ്ങളിൽ ആണ് അന്വേഷണം നടത്തിയാണ് തഹസിൽദാർ തീരുമാനങ്ങൾ എടുക്കുന്നത്. ഹാജരാക്കുവാൻ തയ്യാറാക്കി വെയ്ക്കുക.
1. മരണ സർട്ടിഫിക്കറ്റ്
2. വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്
3. മരിച്ചയാളുടെ അവകാശികളായ (ഭാര്യ, ഭർത്താവ്, മക്കൾ) മൊഴി
4. അവിവാഹിതരായ സഹോദരീ സഹോദരന്മാർ, മാതാപിതാക്കൾ, മരിച്ച വ്യക്തിയുടെ വിവാഹിതരായ മക്കൾ ഇവരിൽ ആരെങ്കിലും മരണമടഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ അവകാശികളുടെയും രണ്ട് അയൽക്കാരുടെയും മൊഴി.