എന്താണ് ചെക്ക്‌ കേസ് (Cheque Case)? ബാങ്കിൽ പണമില്ലാതെ ചെക്ക് മടങ്ങിയാൽ എന്തു സംഭവിക്കും?

സാമ്പത്തിക ഇടപാടുകളിൽ ഒരു ചെക്ക് ഒരാൾ ഒപ്പിട്ടു നൽകിയാൽ അതിൽ എഴുതിയ തുക നല്കാൻ ഒപ്പിട്ടയാൾ ബാദ്ധ്യസ്ഥനാണ്‌. ചെക്ക് വാങ്ങിച്ചയാൾ ബാങ്കിൽ നൽകി പണം വാങ്ങാവുന്നതാണ്. അക്കൗണ്ടിൽ പണമില്ലാത്തതിനാൽ പണം ലഭിച്ചില്ല എങ്കിൽ ബാങ്കിൽ നിന്നും “പണമില്ല എന്ന മെമ്മോ” (ചെക് റിട്ടേൺ മെമ്മോ) സഹിതം മടങ്ങിയാൽ മെമ്മോ ലഭിച്ചു 30 ദിവസത്തിനകം ചെക്ക് മടങ്ങിയ വിവരം ചെക്ക് തന്നയാളെ രേഖാമൂലം അറിയിക്കേണ്ടതാണ്.

വക്കീൽ നോട്ടീസിൽ കൃത്യമായും പണമിടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെക്ക് മടങ്ങിയ കാര്യങ്ങളുൾപ്പെടെ  അറിയിക്കുക. നോട്ടിസ് കൈപ്പറ്റി അടുത്ത 15 ദിവസത്തിനുള്ളിൽ ചെക്കിൽ പ്രസ്താവിച്ച തുക തിരികെ നൽകണം എന്ന് ആവശ്യപ്പെടുക.

ഒരു വക്കീൽ നോട്ടിസ് അയച്ച് അടുത്ത 15 ദിവസത്തിനുശേഷവും ഇദ്ദേഹം പണം തിരികെ നൽകിയില്ലെങ്കിൽ കോടതിയിൽ കേസ് ഫയൽ ആക്കാവുന്നതാണ്. അയച്ച നോട്ടീസ് കൈപ്പറ്റാതെ തിരിച്ചുവന്നാൽ അന്നേ തിയതിമുതൽ 15 ദിവസത്തിനകം ഫസ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌താവുന്നതാണ്.

ചെക്ക് നൽകിയ സ്ഥലത്തിന്റെയോ ബാങ്കിന്റെയോ അല്ലെങ്കിൽ ഇടപാട് നടന്ന സ്ഥലത്തെയോ പ്രതി താമസിക്കുന്ന സ്ഥലത്തെയോ കോടതി മുമ്പാകെ ആണ് കേസ് ഫയൽ ചെയ്യേണ്ടത്. പരമാവധി 2 വർഷം തടവോ പിഴയോ അതോ രണ്ടും കൂടിയോ ശിക്ഷലഭിക്കാവുന്നതും വിചാരണവേളയിൽ ഒത്തുതീർപ്പു ആക്കാവുന്നതും ആയ ഒരു കുറ്റം ആണ്. ഇതു Negotiable Instruments Act Section 138 ന്റെ പരിധിയിൽ ഉള്ള കേസ് ആണ്.

ക്രിമിനൽ കേസിൽ പ്രതിയെ ശിക്ഷിക്കുന്നതിനുള്ള വിധിയാണ് ഉണ്ടാകുക. നഷ്ടപ്പെട്ട തുക ലഭിക്കാനായി പരാതിക്കാരന്  സിവിൽ കേസ് കൊടുക്കാവുന്നതും ആണ്.

ചെക്ക്‌ വാങ്ങിക്കുന്നത് എന്തിനെയെങ്കിലും സെക്യൂരിറ്റി ആയിട്ടാണ് വാങ്ങിക്കുന്നത് എങ്കിൽ അതിൽ തീയതി രേഖപ്പെടുത്താതെ വാങ്ങുക. കാരണം ചെക്കിൽ തീയതി രേഖപ്പെടുത്തുന്ന തീയതി മുതൽ അടുത്ത 3 മാസത്തേക്ക് മാത്രമേ ചെക്കിന് കാലവധി ഉണ്ടാവുകയുള്ളൂ. കാലവധി കഴിഞ്ഞ ചെക്ക് അസാധു വായിരിക്കും. അതുകൊണ്ടു മൂന്ന് മാസത്തിന് ശേഷം ബാധ്യത തീർത്തില്ലെങ്കിൽ, ചെക്ക്‌ വാങ്ങിച്ചയാൾക്കു ചെക്ക്‌ ബാങ്കിൽ നൽകാനും അത് പണമില്ലാതെ മടങ്ങി കേസ് നൽകാനും സാധിക്കില്ല.

കോടതിയിൽ കേസ് കൊടുക്കുമ്പോൾ നൽകേണ്ട  പ്രധാന രേഖകൾ.

1. പ്രോമിസറി നോട്ട് (ഉണ്ടെങ്കിൽ)
2. മടങ്ങിയ ചെക്ക്
3. ചെക് റിട്ടേൺ മെമ്മോ (ചെക്ക് മടങ്ങിയ രസീത് ബാങ്കിൽ നിന്നും ലഭിച്ചത്)
4. അയച്ച വക്കീൽ നോട്ടീസ്
5. വക്കീൽ നോട്ടിസ് അയച്ചപ്പോൾ കിട്ടിയ പോസ്റ്റൽ രസീത് (postal receipt)
6. വക്കീൽ നോട്ടിസ് പ്രതി കൈപ്പറ്റിയെന്നു കാണിക്കുന്ന Acknowledgement Card / കൈപ്പറ്റാതെ തിരിച്ചു വന്നത്

എന്താണ് പ്രോമിസറി നോട്ട് (promissory note)?

പ്രോമിസറി നോട്ട് (promissory note) മലയാളത്തിൽ ‘വാഗ്ദാന പത്രം’ എന്ന് വിളിക്കാം. പ്രോമിസറി നോട്ട് എന്നാൽ ബാങ്ക് നോട്ടോ കറൻസി നോട്ടോ അല്ലാത്ത ലിഖിത രൂപത്തിൽ ഉള്ളഒരു പ്രമാണം/രേഖ ആണ്. ഇതിൽ ഒരാൾ മറ്റൊരാൾക്ക് ഒരു നിശ്ചിത തുക നൽകാമെന്ന വ്യവസ്ഥ എഴുതി ഒപ്പിട്ടു കൈമാറുന്നു. പ്രോമിസറി നോട്ട് കൈമാറ്റം ചെയ്യപ്പെടാവുന്നതോ കൈമാറ്റം വിലക്കിയതോ ആവാം. കൈമാറ്റം ചെയ്യപ്പെടാവുന്നതു മറ്റൊരാളിലേക്ക് കൈമാറാം. ഒരു പ്രോമിസറി നോട്ടിൽ തുക നൽകാമെന്ന വാഗ്ദാനം ഉണ്ടായിരിക്കണം. മറ്റു വ്യവസ്ഥകൾ ഒന്നും പാടില്ല. രണ്ടു കക്ഷികൾ ഇതിൽ ഉണ്ടാകും. നിയമപ്രകാരമുള്ള നിശ്ചിത തുകയുടെ സ്റ്റാമ്പ് പതിച്ചിരിക്കണം.

Illustrations/Examples from The Negotiable Instruments Act, 1881: [The instruments respectively marked (a) and (b) are promissory notes. The instruments respectively marked (c), (d), (e), (f), (g) and (h) are not promissory notes.]
A signs instruments in the following terms:—(a) “I promise to pay B or order Rs. 500.”
(b) ‘‘I acknowledge myself to be indebted to B in Rs. 1,000, to be paid on demand, for value received.”
(c) “Mr. B. I.O.U. Rs. 1,000.”
(d) “I promise to pay B Rs. 500 and all other sums which shall be due to him.”
(e) “I promise to pay B Rs. 500 first deducting there out any money which he may owe me.”
(f) “I promise to pay B Rs. 500 seven days after my marriage with C.”
(g) “I promise to pay B Rs. 500 on D’s death, provided D leaves me enough to pay that sum.”
(h) “I promise to pay B Rs. 500 and to deliver to him my black horse on 1st January next.”

പ്രോമിസറി നോട്ടിന്‍റെ മറ്റു ചില  പ്രത്യേകതകള്‍ താഴെ കൊടുക്കുന്നു:

  1.  Promissory note is defined in The Negotiable Instruments Act, 18812.
  2. ഒരു പ്രോമിസറി നോട്ട്, The Negotiable Instruments Act , Indian Stamp Act പ്രകാരം എഴുതപ്പെട്ടതും ശരിയായി ഒപ്പുവയ്ക്കപ്പെട്ടതും മതിയായ സ്റ്റാമ്പ് പതിച്ചതുമായിരിക്കണം.
  3. ഒരു പ്രോമിസറി നോട്ട്,പണം നല്കാമെന്നുള്ള ഒരു വാഗ്ദ്ധാനമോ ഉറപ്പോ ഉള്‍ക്കൊള്ളുന്നതായിരിക്കണം. ബാദ്ധ്യതയുടെ വെറും രസീത് (Acknowledgement) മാത്രം മതിയാവുകയില്ല. ഉദാഹരണത്തിന്, ഒരാള്‍, “ഞാന്‍ സുരേഷിന് 2000 രൂപ കടപ്പെട്ടിരിക്കുന്നു” എന്ന് എഴുതി ഒപ്പിട്ടു കൊടുത്താൽ അത് പ്രോമിസറി നോട്ട് ആവുകയില്ല.
  4. ഒരു പ്രോമിസറി നോട്ടിൽ, പണം നല്കാമെന്നുള്ള വ്യവസ്‌ഥ മാത്രമേ ഉള്‍ക്കൊള്ളിക്കാവൂ. ഉദാഹരണത്തിന്, “ഞാന്‍ സുരേഷിന് ഒരു കമ്പ്യൂട്ടർ നല്കാമെന്ന് ഉറപ്പു നല്കുന്നു” എന്ന് എഴുതി നല്കിയാല്‍ അത് പ്രോമിസറി നോട്ട് ആവില്ല.

എന്തൊക്കെയാണ് വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ?

യഥാർഥ (Original) ആധാരം കണ്ടു ബോധ്യപ്പെട്ടു മാത്രം ഇടപാട് നടത്തുക.

ഫോട്ടോസ്റ്റാറ്റ് ആധാരം കണ്ട്ഇടപാടുകൾക്ക് തുനിയരുത്.

വസ്തുവിന്റെ ബാധ്യത സർട്ടിഫിക്കറ്റ് പരിശോധിക്കുക. ആധാരം പണയത്തിലാണെങ്കിൽ ബാദ്ധ്യതാ സർട്ടിഫിക്കറ്റ് എടുക്കുക വഴി നിലവിലുള്ള കടബാദ്ധ്യത അറിയാൻ സാധിക്കില്ല. പണയവസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ രജിസ്ട്രാർ ഓഫീസിൽ അറിയിക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നില്ല.

കുറഞ്ഞത് 31 വർഷത്തെ ബാദ്ധ്യതാ സർട്ടിഫിക്കറ്റ് സബ് രജിസ്ട്രാർ ഓഫീസിൽ അപേഷ നൽകി ശേഖരിച്ച് പരിജ്ഞാനമുള്ളവരെക്കൊണ്ട് പരിശോധിപ്പിക്കണം. ഒപ്പം അതിൽ പറഞ്ഞിരിക്കുന്ന ആധാരങ്ങളുടെ അസ്സലും പരിശോധിക്കണം.

വസ്തു കേസുകളിൽ പെട്ടിട്ടുണ്ടോ എന്ന് പരിജ്ഞാനമുള്ളവരെക്കൊണ്ട് പരിശോധിപ്പിക്കണം.

കരം അടച്ച രസീത് പരിശോധിച്ചു വസ്തുവിനെ എല്ലാ വിവരങ്ങളും
അറിയുക. വസ്തുവിന്റെ തരം, കോടതി, ജപ്തി നടപടികൾ
എന്തെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ മനസ്സിക്കുക.
വസ്തുവിന്റെ വിസ്തീർണത്തിലോ റീസർവേ നമ്പറിലോ എന്തെങ്കിലും വ്യത്യാസമുണ്ടോ, ഭൂമി  ‘പുരയിടം’, ‘പാടം’, എന്ന ഗണത്തിൽപ്പെടുന്നതാണോ എന്നീ കാര്യങ്ങളും പരിശോധിക്കുന്നത് നല്ലതാണ്.

വിൽക്കുന്ന ആൾക്ക് വിൽക്കുവാനുള്ള അധികാരം ഉണ്ടോ എന്ന് പരിശോധിക്കുക. ( പ്രത്യേകിച്ചും അവിഭക്ത ഹിന്ദുകുടുംബങ്ങൾ (HUF ), കമ്പനി, ക്ലബുകൾ, സംഘടനകൾ ).

ഒന്നിലേറെ അവകാശികളുളള സ്ഥലമാണെങ്കിൽ വസ്തു സ്വന്തം പേരിലാക്കുന്നതിനു മുമ്പ് എല്ലാവരുടെ കൈയിൽ നിന്നും ‘ഒഴിമുറി’ (റിലീസ്) വാങ്ങണം. മറ്റ് ആളുകളുടെ അവകാശങ്ങൾ ഭൂമിയിലൂടെ നടപ്പവകാശമുണ്ടോ, കിണർ ഉപയോഗിക്കാൻ മറ്റുളളവർക്കും അവകാശമുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കണം.

പവർ ഓഫ് അറ്റോർണി ഉപയോഗിച്ച്  ഉള്ള കൈമാറ്റമെങ്കിൽ കൂടുതൽ ശ്രെദ്ദിക്കുക.  വസ്തുവിന്റെ ഉടമസ്ഥാവകാശം ജനറൽ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് കൈമാറ്റം ചെയ്യപ്പെടാനാകില്ല.  മുക്ത്യാറുകളുടെ അസ്സൽ നേരിട്ടു കണ്ട് ബോധ്യപ്പെടുക

മരിച്ചുപോയ ആൾക്കു വേണ്ടി എഴുതുമ്പോൾ മരണ സർട്ടിഫിക്കറ്റ് ആധാരം എഴുതി കൊടുക്കുന്ന ആളുകൾ അനന്തരാവകാശികൾ ആണെന്നു വില്ലേജ് അധികാരി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ആവശ്യമാണ്. മരണപ്പെട്ട വ്യക്തിയുടെ മക്കൾ പ്രായപൂർത്തിയാകാത്തവരാണെങ്കിൽ നിയമത്തിൽ അനവധി ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്.

ആധാരത്തിൽ തിരുത്തലുകൾ പാടില്ല. അഥവാ ഉണ്ടെങ്കിൽ അവസാന പുറത്തിൽ പ്രത്യേകം അവ പരാമർശിച്ചിരിക്കും. രജിസ്റ്റർ ചെയ്തശേഷം പിനീടാണ് തെറ്റു കാണുന്നതെങ്കിൽ വേറെ തെറ്റുതിരുത്തൽ ആധാരം (Correction deed) ചെയ്യണം. ആ ആധാരം യഥാർഥ ആധാരത്തിനൊപ്പം സൂക്ഷിക്കണം. രജിസ്റ്റർ ചെയ്ത ആധാരത്തിൽ തിരുത്തിയാൽ അത് അസാധുവാകും.
വയൽ/ചതുപ്പ് എന്നിവ അനധികൃതമായി നികത്തി കരഭൂമി ആക്കി ചിലർ വിൽക്കാറുണ്ട്. മുൻ ആധാരത്തിൽ നിലം/ചതുപ്പ് എന്നാണെങ്കിൽ എഴുതി കിട്ടുന്ന ആധാരത്തിലും അങ്ങനെയേ ലഭിക്കൂ. ഇതിൽ തിരുത്തു വരുത്തിയാൽ പിന്നീട് നിയമനടപടികൾക്ക് (നീർത്തട സംരക്ഷണ നിയമവും ബാധകം) വിധേയമാകേണ്ടി വരും.

(ഇത് പൂർണ്ണമല്ല. വസ്തു വാങ്ങുന്നതിനു മുൻപ് നിയമ വിദഗ്ദ്ധരുമായി കൂടിയാലോചിച്ചു ചെയ്യുക)

കുടിക്കടം (Encumbrance) എന്നാൽ എന്താണ്?

ഒരു വസ്തുവിന്റെ ആധാരതിനുമേൽ ഏതെങ്കിലും നിയമപരവും, സാമ്പത്തികവുമായ ബാദ്ധ്യതകൾ അവശേഷിക്കുന്നുണ്ടോ എന്ന് രേഖപ്പെടുത്തുന്നത് കുടിക്കടത്തിലാണ്. ആധാരപ്രകാരമുള്ള ഉടമസ്ഥന് സ്വതന്ത്രമായ ഉടമസ്ഥാവകാശം നിലനില്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കുടിക്കടം പരിശോധിക്കുന്നത് വഴി സാധിക്കും. വില്പ്പനയ്‌ക്കോ പണയത്തിനോ  സ്വീകരിക്കുന്ന വസ്തു, മറ്റെല്ലാ ബാദ്ധ്യതകളിൽ നിന്നും തീർത്തും മുക്തമാണെന്ന് ഉറപ്പാക്കേണ്ടത് പ്രസ്തുത വസ്തു വാങ്ങിക്കുന്നവൻ/പണയത്തിനു എടുക്കന്നവന്റെ ചുമതലയാണ്. പക്ഷെ രജിസ്ട്രാർ ഓഫീസിൽ രേഖപ്പെടുത്തിയ പണയങ്ങൾ മാത്രമേ കുടിക്കടത്തിൽ(Encumbrance) ഉണ്ടാകുകയുള്ളൂ. അതുകൊണ്ടു Encumbrance മാത്രം നോക്കി ഇടപാട് നടത്തുന്നത് ബുദ്ധിപരമല്ല.

1908 ലെ രജിസ്ട്രഷൻ നിയമ പ്രകാരം ചില തരത്തിലുള്ള ബാധ്യതകൾ/പണങ്ങൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ല. അത്തരം ബാദ്ധ്യതകൾ കുടിക്കടം(Encumbrance) എന്ന രേഖയിൽ കാണില്ല. ഒരു ഉദാഹരണത്തിന് Equitable Mortgage നൽകുന്നത് മുഴുവൻ അസ്സൽ രേഖകളും പണയ സ്ഥാപനം കൈവശത്തിൽ വാങ്ങിച്ചിട്ടാണ്, എന്നാൽ ഇത് രജിസ്റ്റർ ചെയ്യാറില്ല ).

വസ്തു ഇടപാടുകൾ നടത്തുമ്പോൾ ഇത്തരം കാര്യങ്ങൾ വേണ്ടവിധം അന്വേഷിച്ചില്ല എങ്കിൽ അപകടത്തിൽ പെടാം.

എന്താണ് ഒഴിമുറി ആധാരം? എന്താണ് അവകാശ/കൂട്ടവകാശ ഒഴിമുറി?

ഒഴിമുറി ആധാരം
വസ്തുവിന്മേലുള്ള ഒരു പണയം/മറ്റേതെങ്കിലും ബാധ്യതകൾ രജിസ്റ്റർ ഓഫീസിൽ രേഖപ്പെടുത്തി കഴിഞ്ഞാൽ അത് കുടിക്കടത്തിൽ(Encumbrance) ഒരു ആധാരം നമ്പർ സഹിതം അടയാളപ്പെടുതുന്നതാണ്. കടത്തിന്റെ സ്വഭാവം, ഇത് ആര് എഴുതി നൽകി, ആർക്ക് എഴുതി നൽകി എന്നും കുടിക്കടരേഖയിൽ രേഖപ്പെടുത്തും. ഇങ്ങനെ രേഖപ്പെടുത്തിയ ഒരു കടം തീരുമ്പോൾ, കടം കൊടുത്തയാൾ പ്രസ്തുത കടം തീർന്നു എന്ന് ബോധ്യപ്പെട്ടു ആ വസ്തു തിരിച്ച് ഉടമസ്ഥന് എഴുതി നല്കുന്നതാണ് ഒഴിമുറി ആധാരം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്.

എന്താണ് അവകാശ/കൂട്ടവകാശ ഒഴിമുറി?
ഒന്നിൽ കൂടുതൽ അവകാശികൾ ഉള്ള വസ്തുവിൽ നിന്നും ഒരാളുടെ അവകാശം പ്രതിഫലം വാങ്ങി ഒഴിഞ്ഞു കൊടുക്കുന്നു ഒഴിഞ്ഞു പോകുന്ന ആളും ഒഴിഞ്ഞു കിട്ടുന്ന ആളും മേൽ പ്രകാരമുള്ള വസ്തുവിൽ അവകാശി ആയിരിക്കണം.