ഇസ്ലാമിക നിയമപ്രകാരം (ഫിഖ്ഹ്) / മുസ്ലിം വ്യക്തിനിയമം അനുസരിച്ചു ഒരു പുരുഷന് രണ്ടാമത് വിവാഹം കഴിക്കാൻ ആദ്യഭാര്യയുടെ സമ്മതം നിർബന്ധമല്ല.
എന്നാൽ രണ്ടാം വിവാഹം രജിസ്റ്റർ ചെയുമ്പോൾ ആദ്യ ഭാര്യയുടെ അഭിപ്രായം ആരായണമെന്ന് ഹൈക്കോടതി വിധി ഉണ്ട്. ( WP(C) NO. 26010 OF 2025)
മുസ്ലിം വ്യക്തിനിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008-ലെ വിവാഹ രജിസ്ട്രേഷന് ചട്ടപ്രകാരം തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം ആരായണമെന്ന് ഹൈക്കോടതി. ആദ്യ ഭാര്യ എതിര്‍പ്പ് ഉന്നയിച്ചാല്‍ വിവാഹം രജിസ്റ്റര്‍ചെയ്തുനല്‍കരുത്. വിവാഹ രജിസ്ട്രേഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് ഉത്തരവിട്ടു.
രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുംമുന്‍പ് ആദ്യ ഭാര്യക്ക് പറയാനുള്ളത് കേള്‍ക്കണം. 2008-ലെ വിവാഹ രജിസ്ട്രേഷന് ചട്ടത്തില്‍ (THE KERALA REGISTRATION OF MARRIAGES (COMMON) RULES, 2008) രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം ബന്ധപ്പെട്ട ഓഫീസര്‍ ആരായണമെന്നുണ്ട്. ഭര്‍ത്താവിന്റെ രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്യുമ്പോള്‍ ആദ്യഭാര്യ അനുഭവിക്കുന്ന മാനസികാവസ്ഥയെ കോടതിക്കു അവഗണിക്കാനാകില്ല. അതിനാല്‍ വിവാഹബന്ധം നിലനില്‍ക്കേ ആദ്യ ഭാര്യയെ മറികടന്ന് രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്യാനാകില്ല. ആദ്യവിവാഹം തലാഖിലൂടെ വേര്‍പെടുത്തിയതാണെങ്കില്‍ ഇത് ബാധകമാകില്ല.
THE KERALA REGISTRATION OF MARRIAGES (COMMON) RULES, 2008 ൽ ഇത് പറയുന്നുണ്ടോ?
ഈ ചട്ടത്തിലെ ‘റൂൾ 11’ അടിസ്ഥാനമാക്കിയാണ് കേരള ഹൈക്കോടതി ഈ ചരിത്രപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ചട്ടപ്രകാരം, വിവാഹ രജിസ്ട്രേഷനായുള്ള അപേക്ഷ (Memorandum of Marriage – Form I) ലഭിക്കുമ്പോൾ അതിലെ വിവരങ്ങൾ പരിശോധിക്കാൻ ലോക്കൽ രജിസ്ട്രാർക്ക് ഉത്തരവാദിത്തമുണ്ട്. അപേക്ഷയിലെ കോളം 3(f), 3(g) എന്നിവയിൽ മുൻപ് വിവാഹം കഴിച്ചിട്ടുണ്ടോ എന്ന വിവരങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്.
സ്വാഭാവിക നീതി (Natural Justice): ഒരാൾക്ക് നിലവിൽ ഭാര്യയുള്ളപ്പോൾ രണ്ടാമതൊരു വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചാൽ, ആ വിവരം രജിസ്ട്രാർക്ക് ബോധ്യപ്പെടും. അതുകൊണ്ടുതന്നെ, ഭരണഘടനാപരമായ തുല്യതയും സ്വാഭാവിക നീതിയും മുൻനിർത്തി ആദ്യ ഭാര്യക്ക് നോട്ടീസ് നൽകാനും അവരുടെ ഭാഗം കേൾക്കാനും രജിസ്ട്രാർ ബാധ്യസ്ഥനാണ് എന്ന് ഹൈക്കോടതി വ്യക്തമാക്കി.