V. S അച്ചുദാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ മുന്നാറിൽ അനധികൃത കയ്യേറ്റങ്ങളും കെട്ടിട നിർമ്മാണങ്ങളും കണ്ടെത്തുവാൻ ഒരു ദൗത്യ സംഘത്തെ നിയോഗിക്കുകയും അതിനെ തുടർന്ന് പല പ്രക്ഷോഭങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു. ഇതിനിടെ ആണ് (കു)പ്രസിദ്ധമായ രവീന്ദ്രൻ പട്ടയം എന്ന വിവാദം ഉണ്ടായത്.
മൂന്നാറിലെ പട്ടയവിതരണത്തിലൂടെയാണ് എം.ഐ.രവീന്ദ്രൻ വിവാദ നായകനായത്. രവീന്ദ്രൻ ദേവികുളത്ത് അഡീഷനൽ തഹസിൽദാരുടെ ചുമതലയുണ്ടായിരുന്ന സമയം. 1999 ൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ശുപാർശ പ്രകാരമെന്ന പേരിൽ ദേവികുളം താലൂക്കിലെ ഒൻപതു വില്ലേജുകളിൽ 530 പട്ടയങ്ങൾ വിതരണം ചെയ്‌തിരുന്നു. അന്നു ജില്ലാ കലക്‌ടറായിരുന്ന വി.ആർ. പത്മനാഭന്റെ ഉത്തരവു പ്രകാരമാണു പട്ടയം നൽകാൻ രവീന്ദ്രനെ ചുമതലപ്പെടുത്തിയത്. ജില്ലാ കലക്‌ടറുടെ ഉത്തരവ്, സ്‌റ്റാറ്റ്യൂട്ടറി റഗുലേറ്ററി ഓർഡർവഴി ഗസറ്റിൽ വിജ്‌ഞാപനം ചെയ്‌തു സാധൂകരിക്കാൻ തിരക്കിനിടയിൽ റവന്യു വകുപ്പ് മറന്നു. അതോടെ നിയമപ്രകാരം രവീന്ദ്രൻ തഹസിൽദാർ ആയില്ല. പട്ടയം ഒപ്പിട്ടുനൽകാനുള്ള അധികാരം തഹസിൽദാർക്കു മാത്രമാണെന്നാണു ചട്ടം. രവീന്ദ്രൻ ഒപ്പിട്ടു വിതരണം ചെയ്‌ത പട്ടയങ്ങൾ ചട്ടവിരുദ്ധമായതും അവ റദ്ദാക്കാൻ മൂന്നാർ ദൗത്യസംഘം തലവനായിരുന്ന കെ.സുരേഷ്കുമാർ തീരുമാനിച്ചതും ഇങ്ങനെയായിരുന്നു.