കൊറോണ വൈറസ് പോലെ പകർച്ചവ്യാധികൾ പകരുവാൻ കാരണമായാൽ നിയമപ്രകാരം കുറ്റകരമാണോ?

കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നും ദോഹ വഴി കൊച്ചിയിൽ എത്തിയ ഒരു കുടുംബത്തിലെ ചിലർക്ക് ഇറ്റലിയിൽ നിന്നും കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നു.  കൊറോണ വൈറസ് ബാധ സ്ഥിതികരിച്ച രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേയ്ക്ക് വരുന്നവർ ആ വിവരം ആരോഗ്യപ്രവർത്തകരെ അറിയിച്ചു രോഗബാധ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണം എന്ന് സർക്കാർ നിർദേശം ഉണ്ടായിരുന്നു. എന്നാൽ ഈ കുടുംബം ഈ നിർദേശം കാര്യമായി എടുത്തില്ല.  തന്മൂലം അവരുമായി ഇടപെട്ട ചിലർക്കും വൈറസ് ബാധ ഉണ്ടായി. ഇവർ ഇപ്പോൾ ആശുപത്രിയിൽ ഐസൊലേറ്റഡ് വാർഡിൽ കഴിയുന്നതായി വാർത്തകളിൽ കാണുന്നു.

സർക്കാർ നിർദേശം അവഗണിച്ചു വേണ്ട മുന്കരുതൽ  എടുക്കാതെ ഇത്തരം പകർച്ചവ്യാധികൾ പടർത്തുന്നവർ നിയമപ്രകാരം കുറ്റവാളികൾ ആണോ? അതേ! IPC സെക്ഷൻ 269 പ്രകാരം നിയമം അനുശാസിക്കുന്ന മുൻകരുതലുകൾ എടുക്കാതെ വേണ്ടത്ര ശ്രദ്ധകൊടുക്കാതെ ഇത്തരം പകർച്ചവ്യാധികൾ പടർത്തുന്നവർക്ക്, പടർത്തുവാൻ കാരണമായാൽ 6 മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്

വിദേശ അഭിഭാഷകര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് നടത്താന്‍ സാധിക്കുമോ?

വിദേശ അഭിഭാഷകര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് നടത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു (Bar Council of India v. A.K. Balaji & Ors).

എന്നാൽ രാജ്യാന്തര ആര്‍ബിട്രേഷന്‍ ഫോറങ്ങളില്‍ ഹാജരാകുന്നതിന് വിദേശഅഭിഭാഷകര്‍ക്ക് തടസമില്ലെന്നും ജസ്റ്റിസ് എ.കെ.ഗോയല്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ബോംബെ, മദ്രാസ് ഹൈക്കോടതികളുടെ വിധി ഭേദഗതി ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.

നിയമോപദേശം നല്‍കുന്നതിനായി രാജ്യത്തെത്തുന്ന വിദേശ അഭിഭാഷകരുടെ പെരുമാറ്റം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നിരീക്ഷിക്കാമെന്നും കേന്ദ്രസര്‍ക്കാരും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.

ഇന്ത്യയിൽ Advocate Act,1961 അനുസരിച്ചാണ് നിയമ തൊഴിൽ മേഖല പ്രവർത്തിക്കുന്നത്. ഇതിനുവേണ്ടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ എന്ന സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. ഈ സ്ഥാപനം ആണ് നീയമപഠനം, എൻറോൾമെൻറ് തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

വിദേശ കോടതി വിധികൾ ഇന്ത്യയിൽ ബാധകമാണോ? നടപ്പിലാക്കാൻ സാധിക്കുമോ?  

കോടതിയിൽ കേസുകൾ ഫയൽ ചെയ്യുമ്പോൾ ശ്രദ്ദിക്കേണ്ട അടിസ്ഥാന വിഷയമാണ് പ്രസ്തുത കോടതിയുടെ അധികാരപരിധി(jurisdiction) സംബന്ധിച്ച കാര്യം. കോടതിയുടെ അധികാരപരിധിയിൽപെടുന്ന വിധികൾക്കു മാത്രമേ നിയമ സാധുത ഉണ്ടായിരിക്കയുള്ളു.

ഈയിടെ വന്ന ഒരു വാർത്തയാണ് യുഎഇ കോടതി വിധികള്‍ ഇനി ഇന്ത്യയിലെ കോടതികള്‍ മുഖേന നടപ്പാക്കാം. അതായതു യുഎഇകോടതി ഉത്തരവ് (സിവിൽ, കൊമേഴ്സ്യൽ കാര്യങ്ങളിൽ) ഇന്ത്യയിൽ നടപ്പിലാക്കുന്നത് സംബന്ധിച്ചു ഇന്ത്യയും യുഎഇ ആയി ഒരു ധാരണയിൽ എത്തി, ഇതിൽ ഇന്ത്യയുടെ നിയമനീതിന്യായ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി – എന്നതാണ് വാർത്ത. (കരാർ പ്രകാരമുള്ള നടപടിക്രമങ്ങൾ 2000ൽ തന്നെ യുഎഇയിൽ പൂർത്തിയാക്കിയിരുന്നു.)

വിദേശ കോടതി വിധികൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ നിയമത്തിൽ പറയുന്നത് എന്താണെന്നു നോക്കാം. ഇന്ത്യയിലെ സിവില്‍ നടപടിക്രമങ്ങളിലെ സെക്ഷന്‍ 44 എ പ്രകാരമാണ് വിദേശ കോടതി വിധി നടപ്പിലാക്കാന്‍ അപേക്ഷ സമര്‍പിക്കേണ്ടത്. എന്നാല്‍ ഇത്തരം അപേക്ഷകൾ കോടതികള്‍ പരിഗണിക്കണമെങ്കിൽ ഇന്ത്യന്‍ സിവില്‍ നടപടിക്രമത്തിലെ സെക്ഷന്‍ 13 അനുസരിച്ച് 6 വ്യവസ്ഥകള്‍ പാലിച്ചിരിക്കണം.

  1. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം അധികാരമുള്ള കോടതികളുടെ വിധിയായിരിക്കണം.
  2. യുഎഇയിലെ കോടതി വിധി രണ്ടുകൂട്ടരുടെയും, അതായത് വാദിയുടേയും പ്രതിയുടേയും വാദം കേട്ട ശേഷം വിധിക്കപ്പെട്ടവയായിരിക്കണം. ഈ വ്യവസ്ഥ ഏറ്റവും പ്രധാനപ്പെട്ടതുമാണ്.
  3. സ്വാഭാവിക നീതിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള വിധികളാകാൻ പാടില്ല.
  4. കൃത്രിമരേഖ ചമച്ചോ കോടതിയെ തെറ്റിദ്ധരിപ്പിച്ചോ നേടിയെടുത്ത വിധിയാകരുത്.
  5. സ്വകാര്യരാജ്യാന്തര നിയമ തത്വങ്ങൾ അനുസരിച്ചുള്ള വിധിയായിരിക്കണം.
  6.  ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള വിധികളായിരിക്കരുത്.

നമ്മുടെ വാഹനത്തിൽ അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കുന്നത് നിയമവിരുദ്ധമാണോ?

റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാണുന്ന ഒരു പതിവ് കാഴ്ചയാണ് – സ്കൂളിൽ പോകുന്ന കുട്ടികൾ ഉൾപ്പടെ, ലിഫ്റ്റ് ചോദിക്കുന്നവർ. പലരും സൗമനസ്യം കൊണ്ട് അപരിചിതരായ ആളുകളെ കയറ്റിക്കൊണ്ടുപോകാറുണ്ട്.

കുറ്റകൃത്യത്തിൽ ഏർപ്പെട്ട ശേഷം ലിഫ്റ്റ് ചോദിച്ചു കയറുക, വാഹനത്തിൽ കയറി കുറ്റകൃത്യത്തിൽ ഏർപ്പെടുക എന്ന വാർത്തകളും നമ്മൾ കേട്ടിട്ടുണ്ട്, അത് മറ്റൊരു വിഷയം.

എന്നാൽ നിയമപരമായി നമ്മുടെ സ്വകാര്യ വാഹനത്തിൽ അപരിചിതരെ യാത്ര ചെയ്യാൻ അനുവദിക്കാമോ?

മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 66, സെക്ഷൻ 192,  സെക്ഷൻ 39 വകുപ്പുകൾ പ്രകാരം ഇപ്രകാരം ചെയ്യുന്നത്  കുറ്റകരമാണ്. സെക്ഷൻ 66 പ്രകാരം ഒരു വ്യക്തി തൻ്റെ സ്വകാര്യ വാഹനത്തിൽ അപരിചിതർക്ക് യാത്ര ചെയ്യുവാൻ അവസരമൊരുക്കുന്നത് കുറ്റകരമാണ്. ഇങ്ങനെ യാത്ര അനുവദിക്കണമെങ്കിൽ ടാക്സി പെർമിറ്റ് എടുക്കേണ്ടതായുണ്ട്. ഓരോ വാഹനവും അത് രജിസ്റ്റർ ചെയ്ത വിഭാഗത്തിൽ പെടുന്ന കാര്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂ. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതിന് ഇളവുണ്ട്.

എന്നാൽ പൊതുഗതാഗത സംവിധാനം അത്ര സൗകര്യപ്രദമല്ലാത്തതു കൊണ്ട് ഈ നിയമ ലംഘനം അധികാരികൾ കണ്ടതായി നടിക്കാറില്ല.

എന്താണ് ചെക്ക്‌ കേസ് (Cheque Case)? ബാങ്കിൽ പണമില്ലാതെ ചെക്ക് മടങ്ങിയാൽ എന്തു സംഭവിക്കും?

സാമ്പത്തിക ഇടപാടുകളിൽ ഒരു ചെക്ക് ഒരാൾ ഒപ്പിട്ടു നൽകിയാൽ അതിൽ എഴുതിയ തുക നല്കാൻ ഒപ്പിട്ടയാൾ ബാദ്ധ്യസ്ഥനാണ്‌. ചെക്ക് വാങ്ങിച്ചയാൾ ബാങ്കിൽ നൽകി പണം വാങ്ങാവുന്നതാണ്. അക്കൗണ്ടിൽ പണമില്ലാത്തതിനാൽ പണം ലഭിച്ചില്ല എങ്കിൽ ബാങ്കിൽ നിന്നും “പണമില്ല എന്ന മെമ്മോ” (ചെക് റിട്ടേൺ മെമ്മോ) സഹിതം മടങ്ങിയാൽ മെമ്മോ ലഭിച്ചു 30 ദിവസത്തിനകം ചെക്ക് മടങ്ങിയ വിവരം ചെക്ക് തന്നയാളെ രേഖാമൂലം അറിയിക്കേണ്ടതാണ്.

വക്കീൽ നോട്ടീസിൽ കൃത്യമായും പണമിടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെക്ക് മടങ്ങിയ കാര്യങ്ങളുൾപ്പെടെ  അറിയിക്കുക. നോട്ടിസ് കൈപ്പറ്റി അടുത്ത 15 ദിവസത്തിനുള്ളിൽ ചെക്കിൽ പ്രസ്താവിച്ച തുക തിരികെ നൽകണം എന്ന് ആവശ്യപ്പെടുക.

ഒരു വക്കീൽ നോട്ടിസ് അയച്ച് അടുത്ത 15 ദിവസത്തിനുശേഷവും ഇദ്ദേഹം പണം തിരികെ നൽകിയില്ലെങ്കിൽ കോടതിയിൽ കേസ് ഫയൽ ആക്കാവുന്നതാണ്. അയച്ച നോട്ടീസ് കൈപ്പറ്റാതെ തിരിച്ചുവന്നാൽ അന്നേ തിയതിമുതൽ 15 ദിവസത്തിനകം ഫസ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌താവുന്നതാണ്.

ചെക്ക് നൽകിയ സ്ഥലത്തിന്റെയോ ബാങ്കിന്റെയോ അല്ലെങ്കിൽ ഇടപാട് നടന്ന സ്ഥലത്തെയോ പ്രതി താമസിക്കുന്ന സ്ഥലത്തെയോ കോടതി മുമ്പാകെ ആണ് കേസ് ഫയൽ ചെയ്യേണ്ടത്. പരമാവധി 2 വർഷം തടവോ പിഴയോ അതോ രണ്ടും കൂടിയോ ശിക്ഷലഭിക്കാവുന്നതും വിചാരണവേളയിൽ ഒത്തുതീർപ്പു ആക്കാവുന്നതും ആയ ഒരു കുറ്റം ആണ്. ഇതു Negotiable Instruments Act Section 138 ന്റെ പരിധിയിൽ ഉള്ള കേസ് ആണ്.

ക്രിമിനൽ കേസിൽ പ്രതിയെ ശിക്ഷിക്കുന്നതിനുള്ള വിധിയാണ് ഉണ്ടാകുക. നഷ്ടപ്പെട്ട തുക ലഭിക്കാനായി പരാതിക്കാരന്  സിവിൽ കേസ് കൊടുക്കാവുന്നതും ആണ്.

ചെക്ക്‌ വാങ്ങിക്കുന്നത് എന്തിനെയെങ്കിലും സെക്യൂരിറ്റി ആയിട്ടാണ് വാങ്ങിക്കുന്നത് എങ്കിൽ അതിൽ തീയതി രേഖപ്പെടുത്താതെ വാങ്ങുക. കാരണം ചെക്കിൽ തീയതി രേഖപ്പെടുത്തുന്ന തീയതി മുതൽ അടുത്ത 3 മാസത്തേക്ക് മാത്രമേ ചെക്കിന് കാലവധി ഉണ്ടാവുകയുള്ളൂ. കാലവധി കഴിഞ്ഞ ചെക്ക് അസാധു വായിരിക്കും. അതുകൊണ്ടു മൂന്ന് മാസത്തിന് ശേഷം ബാധ്യത തീർത്തില്ലെങ്കിൽ, ചെക്ക്‌ വാങ്ങിച്ചയാൾക്കു ചെക്ക്‌ ബാങ്കിൽ നൽകാനും അത് പണമില്ലാതെ മടങ്ങി കേസ് നൽകാനും സാധിക്കില്ല.

കോടതിയിൽ കേസ് കൊടുക്കുമ്പോൾ നൽകേണ്ട  പ്രധാന രേഖകൾ.

1. പ്രോമിസറി നോട്ട് (ഉണ്ടെങ്കിൽ)
2. മടങ്ങിയ ചെക്ക്
3. ചെക് റിട്ടേൺ മെമ്മോ (ചെക്ക് മടങ്ങിയ രസീത് ബാങ്കിൽ നിന്നും ലഭിച്ചത്)
4. അയച്ച വക്കീൽ നോട്ടീസ്
5. വക്കീൽ നോട്ടിസ് അയച്ചപ്പോൾ കിട്ടിയ പോസ്റ്റൽ രസീത് (postal receipt)
6. വക്കീൽ നോട്ടിസ് പ്രതി കൈപ്പറ്റിയെന്നു കാണിക്കുന്ന Acknowledgement Card / കൈപ്പറ്റാതെ തിരിച്ചു വന്നത്