വിദേശ കോടതി വിധികൾ ഇന്ത്യയിൽ ബാധകമാണോ? നടപ്പിലാക്കാൻ സാധിക്കുമോ?  

കോടതിയിൽ കേസുകൾ ഫയൽ ചെയ്യുമ്പോൾ ശ്രദ്ദിക്കേണ്ട അടിസ്ഥാന വിഷയമാണ് പ്രസ്തുത കോടതിയുടെ അധികാരപരിധി(jurisdiction) സംബന്ധിച്ച കാര്യം. കോടതിയുടെ അധികാരപരിധിയിൽപെടുന്ന വിധികൾക്കു മാത്രമേ നിയമ സാധുത ഉണ്ടായിരിക്കയുള്ളു.

ഈയിടെ വന്ന ഒരു വാർത്തയാണ് യുഎഇ കോടതി വിധികള്‍ ഇനി ഇന്ത്യയിലെ കോടതികള്‍ മുഖേന നടപ്പാക്കാം. അതായതു യുഎഇകോടതി ഉത്തരവ് (സിവിൽ, കൊമേഴ്സ്യൽ കാര്യങ്ങളിൽ) ഇന്ത്യയിൽ നടപ്പിലാക്കുന്നത് സംബന്ധിച്ചു ഇന്ത്യയും യുഎഇ ആയി ഒരു ധാരണയിൽ എത്തി, ഇതിൽ ഇന്ത്യയുടെ നിയമനീതിന്യായ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി – എന്നതാണ് വാർത്ത. (കരാർ പ്രകാരമുള്ള നടപടിക്രമങ്ങൾ 2000ൽ തന്നെ യുഎഇയിൽ പൂർത്തിയാക്കിയിരുന്നു.)

വിദേശ കോടതി വിധികൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ നിയമത്തിൽ പറയുന്നത് എന്താണെന്നു നോക്കാം. ഇന്ത്യയിലെ സിവില്‍ നടപടിക്രമങ്ങളിലെ സെക്ഷന്‍ 44 എ പ്രകാരമാണ് വിദേശ കോടതി വിധി നടപ്പിലാക്കാന്‍ അപേക്ഷ സമര്‍പിക്കേണ്ടത്. എന്നാല്‍ ഇത്തരം അപേക്ഷകൾ കോടതികള്‍ പരിഗണിക്കണമെങ്കിൽ ഇന്ത്യന്‍ സിവില്‍ നടപടിക്രമത്തിലെ സെക്ഷന്‍ 13 അനുസരിച്ച് 6 വ്യവസ്ഥകള്‍ പാലിച്ചിരിക്കണം.

  1. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം അധികാരമുള്ള കോടതികളുടെ വിധിയായിരിക്കണം.
  2. യുഎഇയിലെ കോടതി വിധി രണ്ടുകൂട്ടരുടെയും, അതായത് വാദിയുടേയും പ്രതിയുടേയും വാദം കേട്ട ശേഷം വിധിക്കപ്പെട്ടവയായിരിക്കണം. ഈ വ്യവസ്ഥ ഏറ്റവും പ്രധാനപ്പെട്ടതുമാണ്.
  3. സ്വാഭാവിക നീതിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള വിധികളാകാൻ പാടില്ല.
  4. കൃത്രിമരേഖ ചമച്ചോ കോടതിയെ തെറ്റിദ്ധരിപ്പിച്ചോ നേടിയെടുത്ത വിധിയാകരുത്.
  5. സ്വകാര്യരാജ്യാന്തര നിയമ തത്വങ്ങൾ അനുസരിച്ചുള്ള വിധിയായിരിക്കണം.
  6.  ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള വിധികളായിരിക്കരുത്.