ഒരു ട്രാഫിക് പോലീസ് ഓഫീസർക്ക് ട്രാഫിക് കുറ്റകൃത്യം സംബന്ധിച്ചല്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ സാധിയ്ക്കുമോ?

ഒരു ട്രാഫിക് പോലീസ് ഓഫീസർക്ക് ട്രാഫിക് കുറ്റകൃത്യം സംബന്ധിച്ചല്ലാതെയുള്ള കുറ്റകൃത്യത്തിലും ഒരാളെ അറസ്റ്റ് ചെയ്യാൻ സാധിക്കും!

ട്രാഫിക് പോലീസ് എന്നാൽ ട്രാഫിക്‌ ജോലി ചെയ്യാൻ നിയോഗിക്കപ്പെട്ട ഒരു പോലീസ് ഓഫീസർ തന്നെയാണ്. അതേ പദവിയിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥന് ഉള്ള എല്ലാ അധികാരങ്ങളും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാവും.

ഒരു പോലീസ് ഓഫീസർ എപ്പോഴും ഡ്യൂട്ടിയിൽ ആണോ? ഞാൻ ഇപ്പോൾ ഡ്യൂട്ടിയിൽ അല്ല എന്ന് പറയാൻ പറ്റുമോ?

അതെ. പോലീസ് ആക്ട് പ്രകാരം, സസ്പെന്ഷനിലോ അവധിയിലോ അല്ലാത്ത ഏതൊരു പോലീസ് ഉദ്യോഗസ്ഥനും എപ്പോഴും ഡ്യൂട്ടിയിൽ ആണ്. ഇത് പോലീസ് ഉദ്യോഗസ്ഥർ വിശ്രമമില്ലാതെ ജോലി ചെയ്യണമെന്നല്ല. യൂണിഫോമിൽ ആണെങ്കിലും അല്ലെങ്കിലും നിയമവാഴ്ച ഉറപ്പുവരുത്താൻ ബാധ്യസ്ഥൻ ആണ്. ഒരു കുറ്റകൃത്യം നടക്കുമ്പോഴോ നിയമവാഴ്ച ഉറപ്പുവരുത്തേണ്ട സന്ദർഭത്തിലോ “ഞാൻ ഇപ്പോൾ ഡ്യൂട്ടിയിൽ അല്ല” എന്ന ഒഴിവു പറയാൻ സാധിക്കില്ല എന്നർത്ഥം.

Section 17 of Kerala Police Act, 1960: Police officers always on duty – Every Police officer not on leave or under suspension shall, for all purposes of this Act, be considered to be always on duty and may at any time be employed as Police officers in any part of the State.

എന്താണ് FIR അഥവാ പ്രഥമ വിവര റിപ്പോർട്ട് (First Information Report)?

എഫ്.ഐ.ആർ (FIR) എന്ന വാക്ക് കേൾക്കാത്തവർ ആരും ഉണ്ടെന്നു തോന്നുന്നില്ല.

എന്നാൽ പ്രഥമ വിവര റിപ്പോർട്ട് (First Information Report) എന്നത് ഒരു നിയമ പുസ്തകത്തിലും പരാമർശിക്കുന്നില്ല. പക്ഷെ നീതി നിർവ്വഹണ സംവിധാനത്തിൽ ഉപയോഗിക്കുന്നുണ്ട്.

അപ്പോൾ എന്താണ് എഫ്.ഐ.ആർ (FIR)?
ഒരു കുറ്റ കൃത്യത്തെപറ്റി വിവരം ലഭിച്ചാൽ, പോലീസ് ഓഫീസർ എഴുതി തയ്യാറാക്കുന്ന (ലിഖിതമായ) പ്രമാണം ആണ് പ്രഥമ വിവര റിപ്പോർട്ട് (FIR). പോലീസ് സ്റ്റേഷനിൽ നേരിട്ടോ അല്ലാതെയോ എഴുതിയതോ പറഞ്ഞതോ ആയ പരാതി, ഒരു എഫ്.ഐ.ആർ ആയി മാറാം. എഫ്.ഐ.ആർ (FIR) തയ്യാറാക്കിയതിനു ശേഷം മാത്രമേ ഒരു കുറ്റകൃത്യം അന്വേഷിക്കു. ഒരു കുറ്റകൃത്യത്തിന്റെ അന്വേഷണം ആരംഭിക്കുന്നത് FIR മുതൽ ആണ്.

കുറ്റകൃത്യത്തെ പറ്റി ആർക്കൊക്കെ പോലീസിൽ വിവരം കൊടുക്കാം?
കുറ്റകൃത്യത്തിൽ ഇരയായവർക്കോ, ഇരയായവർക്കു വേണ്ടി മറ്റാരെങ്കിലുമോ, കുറ്റകൃത്യത്തെപറ്റി അറിയാവുന്ന ആർക്കും വാമൊഴിയായോ എഴുതിയോ വിവരം കൊടുക്കാം. പോലീസ് ഓഫീസർ ഇത് FIR ആയി രജിസ്റ്റർ ചെയ്യും.

ആത്മഹത്യാ കുറ്റകരമാണോ?

ആത്മഹത്യാ കുറ്റകരമല്ല. കാരണം ശിക്ഷിക്കാൻ ആളുണ്ടാകില്ല.
എന്നാൽ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 309 പ്രകാരം ആത്മഹത്യാ ശ്രമം കുറ്റകരം ആണ്. ഇതിനു ഒരു വർഷത്തിൽ കവിയാത്ത തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്നതുമാണ്.

എന്നാൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച വ്യക്തിയുടെ അവസ്ഥ സഹാനുഭൂതിയോടും കരുതലോടും കാണണമെന്ന പരിഷ്‌കൃത മനുഷ്യന്റെ ചിന്ത ഇതിനെ ശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന അഭിപ്രായത്തിൽ എത്തിച്ചു. ലോ കമ്മിഷൻ ഇത് പീനൽ കോഡിൽ നിന്നും ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു. ഇതിനു വേണ്ടി ഒരു ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചു എങ്കിലും അത് നിയമമായില്ല.

എന്നാൽ Mental Health Care Bill, 2013 പാസ്സായതോടു കൂടി ആത്മഹത്യാ ശ്രമം ഒരു മാനസീക രോഗാവസ്ഥ ആയി പരിഗണിച്ചു കുറ്റകരമല്ലാതെയാക്കി ശിക്ഷയിൽ നിന്നും ഒഴിവായി. അതായതു ഐപിസി സെക്ഷൻ 309 നിലനിൽക്കെ തന്നെ, മറ്റൊരു നിയമത്തിലൂടെ അത് കുറ്റകരമല്ലാതെയാക്കി.

(In article 124, that “Notwithstanding anything contained in section 309 of the Indian Penal Code, any person who attempts to commit suicide shall be presumed, unless proved otherwise, to be suffering from mental illness at the time of attempting suicide and shall not be liable to punishment under the said section.” It also provides that the Government shall have the duty to provide medical care to any such person attempting suicide. The Bill, therefore, does not repeal Section 309 of the Indian Penal Code, but merely provides the presumption of mental illness.)

എന്താണ് ഹേബിയസ്സ് കോർപ്പസ് (habeas corpus)?

കേരളത്തില്‍ ഹേബിയസ്സ്‌ കോര്‍പ്പസ്‌ ഫയല്‍ സ്വീകരിച്ചുകൊണ്ട്‌ കേരളഹൈക്കോടതി ഉത്തരവിടുന്ന ആദ്യകേസ്സാണ്‌ രാജന്‍ തിരോധാനം അല്ലെങ്കില്‍ രാജന്‍ വധക്കേസ്‌. . ഒരു പിതാവ്‌ പ്രൊഫ. ഈച്ചരവാര്യര്‍, തന്റെ മകന്റെ തിരോധനത്തിന്റെ സത്യം കണ്ടെത്താന്‍ ജീവിതത്തിന്റെ നല്ലൊരു പങ്ക്‌ ചിലവഴിച്ചിട്ടും പണത്തിന്റെ മുക്കാല്‍ പങ്ക്‌ ചിലവഴിച്ചിട്ടും സത്യാവസ്ഥയെന്തെന്ന്‌ കണ്ടെത്താന്‍ കഴിയാതെ പോയിയെന്നതാണ്‌ സത്യം.

എന്താണ് ഹേബിയസ്സ് കോർപ്പസ്? ഹേബിയസ്സ് കോർപ്പസ് എന്ന ലാറ്റിൻ വാക്കിന്റെ അർഥം – “നിങ്ങളുടെ കയ്യിൽ ശരീരം ഉണ്ടോ” – “that you have the body” എന്നാണ്. അതായതു അനധികൃതമായി കസ്റ്റഡിൽ (illegal detention) ഉള്ള ഒരാളെ ഹാജരാക്കാൻ ആരുടെ കസ്റ്റഡിയിൽ ആണോ ഉള്ളത് അയാളോടും നിയമ നിർവ്വഹണ വിഭാഗത്തോടും കോടതി ആവശ്യപ്പെടുന്ന ഉത്തരവാണ് ഹേബിയസ്സ് കോർപ്പസ്. ഇത് ഹൈക്കോടതി / സുപ്രിം കോടതിക്കും ഉപയോഗിക്കാൻ ഭരണഘടനാ പ്രകാരം അനുമതിയുള്ള റിട്ട് (Writ) പെറ്റീഷനുകളിൽ ഒന്നാണ്. കാണാതെ പോയ ആളെ കണ്ടെത്താൻ ഉപയോഗിക്കേണ്ട പെറ്റീഷൻ അല്ല ഹേബിയസ്സ് കോർപ്പസ്.

ഈയിടെ വാർത്താപ്രാധാന്യം നേടിയ മറ്റൊരു ഹേബിയസ്സ് കോർപ്പസ് കേസ് ഹാദിയ (അഖില അശോകൻ) സത്യസരണി എന്ന മത സ്ഥാപനം തന്റെ മകളെ അനധികൃതമായി തടവിൽ വെച്ചിരിക്കുന്നു എന്ന് ആരോപിച്ചു ഹൈ കോടതിയിൽ ഹേബിയസ്സ് കോർപ്പസ് ഫയൽ ചെയ്തിരുന്നു.