ഒരു പോലീസ് ഓഫീസർ എപ്പോഴും ഡ്യൂട്ടിയിൽ ആണോ? ഞാൻ ഇപ്പോൾ ഡ്യൂട്ടിയിൽ അല്ല എന്ന് പറയാൻ പറ്റുമോ?

അതെ. പോലീസ് ആക്ട് പ്രകാരം, സസ്പെന്ഷനിലോ അവധിയിലോ അല്ലാത്ത ഏതൊരു പോലീസ് ഉദ്യോഗസ്ഥനും എപ്പോഴും ഡ്യൂട്ടിയിൽ ആണ്. ഇത് പോലീസ് ഉദ്യോഗസ്ഥർ വിശ്രമമില്ലാതെ ജോലി ചെയ്യണമെന്നല്ല. യൂണിഫോമിൽ ആണെങ്കിലും അല്ലെങ്കിലും നിയമവാഴ്ച ഉറപ്പുവരുത്താൻ ബാധ്യസ്ഥൻ ആണ്. ഒരു കുറ്റകൃത്യം നടക്കുമ്പോഴോ നിയമവാഴ്ച ഉറപ്പുവരുത്തേണ്ട സന്ദർഭത്തിലോ “ഞാൻ ഇപ്പോൾ ഡ്യൂട്ടിയിൽ അല്ല” എന്ന ഒഴിവു പറയാൻ സാധിക്കില്ല എന്നർത്ഥം.

Section 17 of Kerala Police Act, 1960: Police officers always on duty – Every Police officer not on leave or under suspension shall, for all purposes of this Act, be considered to be always on duty and may at any time be employed as Police officers in any part of the State.

എന്താണ് പോലീസ് കസ്റ്റഡി? എന്താണ് ജുഡീഷ്യൽ കസ്റ്റഡി?

വളരെ സാധാരണമായി കേൾക്കാറുള്ള വാക്കാണ് റിമാൻഡ്.
പ്രതിയെ കസ്റ്റഡിയിൽ എടുത്തു 24 മണിക്കൂർ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിച്ചില്ല എങ്കിൽ പ്രതിയെ കസ്റ്റഡിയിൽ വെയ്ക്കാൻ നിർദേശിക്കുന്ന ഉത്തരവിനെയാണ് റിമാൻഡ് എന്നറിയപ്പെടുന്നത്.

അന്വേഷണത്തിന് വേണ്ടി പോലീസ് പ്രതിയെ ആവശ്യപ്പെടുകയെങ്കിൽ, കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ കൊടുക്കാം. ജുഡീഷ്യൽ കസ്റ്റഡി എന്നാൽ പ്രതിയെ കോടതിയുടെ നീയന്ത്രണത്തിൽ ജയിലിൽ സൂക്ഷിക്കുക എന്നതാണ്.

പോലീസ് പിടിച്ചാൽ എന്ത് ചെയ്യണം?

പുലി പിടിച്ചാൽ എന്ത് ചെയ്യും എന്ന് ചോദിക്കുന്നത് പോലെ, “ഒന്നും ചെയ്യേണ്ട എല്ലാം പുലി ചെയ്തോളും” എന്നല്ല.

നിയമപരമായ കർത്തവ്യം ചെയ്യാൻ പോലീസ് ഓഫീസറോട് സഹകരിക്കുക. പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക. അന്വേഷണത്തിൽ സഹായിക്കുക. നിങ്ങൾക്ക് നിയമ സഹായം ആവശ്യമുണ്ടെങ്കിൽ വക്കിലിനെ സമീപിക്കാൻ അവകാശവും ഉണ്ട്.

പോലീസ് പിടിക്കുക എന്നാൽ അറസ്റ്റ് രേഖപ്പെടുത്തുക എന്ന് അർത്ഥമില്ല. നമുക്ക് അറിയാവുന്ന, അന്വേഷണത്തിന്റെ ഭാഗമായി ഓഫീസർക്ക് അറിയേണ്ടുന്ന വിവരങ്ങൾ ചോദിക്കാനും നോട്ടീസ് തന്നു പോലീസ് സ്റ്റേഷനിലേക്ക് വര്ത്തിക്കാവുന്നതാണ്. ചില സന്ദർഭങ്ങളിൽ ഒരു പോലീസ് ഓഫീസർക്ക് സംശയിക്കത്തക്ക കാരണങ്ങൾ ഉണ്ടെങ്കിൽ ഒരാളെ ചോദ്യം ചെയ്യുന്നതിനും പരിശോധനകൾക്കുമായി തടഞ്ഞു വെക്കാനുള്ള അധികാരം ഉണ്ട്. അല്ലെങ്കിൽ നോട്ടീസ് അയച്ചു ഒരു വ്യക്തിയെ പോലീസ് സ്റ്റേഷനിലേക്ക് വരുത്താവുന്നതാണ്. ഇതൊക്കെ അറസ്റ്റിലേക്ക് നയിക്കണമെന്നില്ല. എന്നാൽ 24 മണിക്കൂറിൽ കൂടുതൽ ഇപ്രകാരം പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നിയമപരമായി അനുവാദം ഇല്ല. പക്ഷേ അന്വേഷണം 24 മണിക്കൂറിൽ തീരാത്തതോ ചോദ്യം ചെയ്തതിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിന്‌ വേണ്ടത്ര തെളിവുകൾ / സംശയങ്ങൾ ഉള്ള പക്ഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി തുടർ നടപടികൾ എടുക്കാവുന്നതാണ്.