എന്താണ് പെറ്റി കേസ് (Petty case)?

Petty എന്ന വാക്കിന്റെ അർത്ഥം ‘നിസാരമായ’, ‘അപ്രധാനമായ’ (Trivial) എന്നൊക്കെയാണ്. അപ്പോൾ പെറ്റി കേസെന്നാൽ നിസാരമായ കേസ് എന്ന് അർത്ഥം.

പൊതുവേ കേസുകളെ നമുക്ക് മൂന്നായി വിഭജിക്കാം – സമന്‍സ് കേസ്, വാറണ്ട് കേസ്, പെറ്റി കേസ്. വാറണ്ട് കേസ് എന്നാല്‍ രണ്ട് വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നതാണ്. അതില്‍ താഴെ ശിക്ഷ കിട്ടാന്‍ ഇടയുള്ള കേസുകളെ സമന്‍സ് കേസുകള്‍ എന്നാണ് വിളിക്കുന്നത്.
പെറ്റിക്കേസുകളാകട്ടെ അപ്പോള്‍ തന്നെ പിഴയടച്ച്‌ പുറത്ത് വിടുന്ന കേസുകളാണ്. ഓരോ തരം കേസുകൾക്കും വ്യത്യസ്തമായ നടപടിക്രമം ആണ് കോടതികൾക്കുള്ളത്.

ആയിരം രൂപയിൽ കവിയാത്ത പിഴ ശിക്ഷ നൽകുന്ന കേസുകൾ ആണ് പെറ്റി കേസുകൾ. ഇതിൽ മോട്ടോർ വാഹന നിയമം (Motor Vehicles Act, 1939) അനുസരിച്ചുള്ള കുറ്റങ്ങൾ പെടുന്നില്ല.

പെറ്റി കേസുകളിൽ പ്രതികൾക്ക് നേരിട്ടോ വക്കീൽ മുഖേനയോ കുറ്റസമ്മതം നടത്തി പിഴയടച്ചു കോടതി നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് Section 206 of CrPc പരിശോധിക്കാവുന്നതാണ്.

എന്താണ് മുൻകൂർ ജാമ്യം (Anticipatory Bail)? മുൻ‌കൂർ ജാമ്യം തേടേണ്ടത് എപ്പോൾ?

കോടതി ആവശ്യപ്പെടുമ്പോൾ കോടതി ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും ഹാജരായിക്കൊള്ളാമെന്ന വ്യവസ്ഥയിൽ ഉറപ്പിന്മേൽ നിയമപരമായ കസ്റ്റഡിയിൽ നിന്നും ഒരാളെ മോചിപ്പിക്കുന്നതിനെ ജാമ്യം എന്ന് പറയാം.

കുറ്റവാളിയെ സ്വതന്ത്രനാക്കുക എന്നതല്ല ജാമ്യം കൊണ്ടുദ്ദേശിക്കുന്നത്. മറിച്ച് കുറ്റാരോപിതനെ കസ്റ്റഡിയില്‍ നിന്നുള്ള താല്‍ക്കാലിക മോചനമാണ് ജാമ്യം. വിചാരണവേളയില്‍ കൃത്യസ്ഥലത്ത്, കൃത്യസമയത്ത് കുറ്റവാളിയെ ഹാജരാക്കാന്‍ ജാമ്യക്കാര്‍ ബാധ്യസ്ഥരാണ്. ഓരോ കുറ്റവാളിയും കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നതുവരെ നിയമത്തിനു മുന്നില്‍ നിരപരാധിയായിരിക്കും.

ഇന്ത്യൻ നീയമ പ്രകാരം കുറ്റകൃത്യങ്ങള്‍ പ്രധാനമായും 2 വിഭാഗങ്ങളില്‍‌പ്പെടുന്നു.
1. ജാമ്യം അനുവദിക്കാവുന്ന/ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍
2. ജാമ്യം അനുവദിക്കാത്ത കുറ്റകൃത്യങ്ങള്‍

എന്താണ് മുന്‍കൂര്‍ ജാമ്യം? എപ്പോൾ?

ജാമ്യം അനുവദിക്കാത്ത കുറ്റകൃത്യ വകുപ്പു പ്രകാരം കേസ് ചാർജ് ചെയ്തു അറസ്റ്റുചെയ്യപ്പെടും എന്നു ബോധ്യമുള്ള പക്ഷം ഒരു വ്യക്തിക്ക് ഹൈക്കോടതിയിലോ സെഷന്‍സ് കോടതിയിലോ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാം. മുൻ‌കൂർ ജാമ്യം ലഭിച്ചാൽ, അറസ്റ്റുണ്ടായാല്‍ അയാളെ ഉടൻ തന്നെ ജാമ്യത്തില്‍ വിടുന്നതാണ്. മുന്‍കൂര്‍ജാമ്യം അനുവദിക്കുമ്പോള്‍ കോടതി ചില ഉപാധികള്‍ വയ്ക്കാറുണ്ട്. ഉദാഹരണം – പാസ്പോർട്ട് കോടതിയിൽ ഏൽപ്പിക്കുക, (രാജ്യം വിട്ടുപോകുന്നതിന് മുമ്പ് പ്രതി കോടതിയുടെ അനുവാദം വേണം), കേസ് അന്വേഷണത്തിൽ തടസ്സങ്ങൾ ഉണ്ടാക്കാതിരിക്കുക.

കോടതി മുൻ‌കൂർ ജാമ്യം അനുവദിക്കുന്നതിന് മുൻപ് കേസിന്റെ വിശദവിവരങ്ങൾ അന്വേഷിക്കുകയും മറ്റു നിയമ പ്രശ്നങ്ങൾ ഇല്ലെന്നു ബോധ്യം വന്നാൽ മാത്രമേ മുൻ‌കൂർ ജാമ്യം അനുവദിക്കൂ.

എന്താണ് സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടം (Psychological autopsy)?

ഒരു വ്യക്തിയുടെ മരണം എപ്പോൾ എപ്രകാരം സംഭവിച്ചു എന്നു ശാസ്ത്രീയമായ രീതിയിൽ നിർണ്ണയിക്കുന്നതിനുള്ള പ്രത്യേകതരം ശസ്ത്രക്രിയാ രീതിയാണ് സാധാരണ നമ്മൾ കേൾക്കാറുള്ള പോസ്റ്റ്മോർട്ടം (post-mortem examination, Autopsy, obduction, necropsy, or autopsia cadaverum). ഈ പ്രക്രിയയിൽ മരിച്ച വ്യക്തിയുടെ ശരീരം ഭാഗങ്ങൾ ബാഹ്യവും ആന്തരികവുമായ വിവിധ പരിശോധനകൾക്ക് വിധേയമാക്കുന്നു.

എന്നാൽ മരിച്ചയാളുടെ മാനസീക നില എന്തായിരിക്കും എന്ന് മനസിലാക്കുന്നതിനെ ആണ് സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടം (Psychological autopsy) എന്ന് പറയുന്നത്. മരിക്കുവാനുള്ള കാരണം എന്തായിരിക്കാം എന്നത് മാനസ്സിലാക്കുന്നതിനു വേണ്ടി ആണ് ഇത് നടത്തുന്നത്. നിഗുഢമായ കാരണങ്ങൾ കൊണ്ട് ആത്മഹത്യാ ചെയ്തവരോ കൊല്ലപ്പെട്ടവരെയോ ആണ് Psychological autopsy ക്ക് വിധേയമാക്കുന്നത്.

എന്തൊക്കെയാണ് Psychological autopsy പരിഗണിക്കുന്ന വിവരങ്ങൾ

  1. ജീവചരിത്ര വിവരങ്ങൾ / Biographical information (age, marital status, occupation).
  2. വ്യക്തിഗത വിവരങ്ങൾ/ Personal information (relationships, lifestyle, alcohol/drug use, sources of stress).
  3. മറ്റു വിവരങ്ങൾ / Secondary information (family history, police records, diaries)

മരിച്ചവരുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍, ഡയറിക്കുറിപ്പുകള്‍, കത്തുകള്‍, മറ്റുള്ളവരുമായി ഇടപെട്ടിരുന്ന രീതി തുടങ്ങിയവയെല്ലാം സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പരിശോധനയ്ക്ക് വിധേയമാകും. ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമായി വിദഗ്ധസംഘം വിശദമായ അഭിമുഖങ്ങളും നടത്തും.

സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടം(Psychological autopsy) ഉപയോഗിച്ച കേസുകൾ

  1. Burari deaths – ഒരു കുടുംബത്തിലെ 11 പേര് ദുരൂഹമായി മരണപ്പെട്ടത്
  2. Sunanda Pushkar death case – ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കർ മരണപ്പെട്ട കേസ്.
  3. 2006 Nithari Killings – നിതാരി വില്ലേജിൽ (UP) മൊനീന്ദർ പാന്ഥർ എന്നയാളുടെ വീടിനു സമീപം 19 ശവ ശരീരങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ടത്

എന്താണ് ബീറ്റ്‌ പൊലീസിങ് (Beat Police/ Beat Policing)? ഇലക്‌ട്രോണിക്‌ ബീറ്റ്‌ ?

ഒരു പ്രത്യേക സ്ഥലത്തു ഒരു പ്രത്യേക സമയത്തു കൃത്യമായ ഇടവേളകളിൽ ദിവസവും പോലീസ് ഉദ്യോഗസ്ഥർ നടത്തുന്ന റോന്തുചുറ്റല്‍ ആണ് ബീറ്റ് (beat) എന്നറിയപ്പെടുന്നത്.

മുൻകാലത്തു് വേണ്ടത്ര വാർത്താ വിനിമയ മാർഗ്ഗങ്ങൾ (റേഡിയോ സംവിധാനങ്ങൾ/ wireless) ഇല്ലായിരുന്നതു കൊണ്ട് കുറ്റകൃത്യങ്ങൾ നടന്നുകഴിഞ്ഞു ഒരുപാടു സമയം കഴിഞ്ഞു മാത്രമേ സംഭവ സ്ഥലത്തു പോലീസിന് എത്താൻ സാധിച്ചിരുന്നുള്ളു. അത് കൊണ്ട് ഓരോ പ്രദേശവും നിരീക്ഷണം നടത്തുവാനും കുറ്റകൃത്യങ്ങൾ നടക്കാനുള്ള സാധ്യത ഒഴിവാക്കാനും ആവശ്യമെങ്കിൽ കൂടുതൽ പോലീസിനെ സംഭവസ്ഥലത്തേക്ക് വരുത്തുവാനും സാധിക്കും. ബീറ്റ് റോന്തുചുറ്റല്‍ എല്ലാ ദിവസവും ഒരേ ഉദ്യോഗസ്ഥർ ആണ് ചെയ്യുന്നത്. ഇത് സ്ഥലത്തെ പറ്റി കൃത്യമായ അറിവുണ്ടാകാനും ജനങ്ങളുമായി ബന്ധം സ്ഥാപിക്കാനും അവരുടെ സഹകരണത്തോടെ കുറ്റകൃത്യങ്ങൾ തടയാനും കഴിയുന്നു എന്നത് കൊണ്ട് കമ്മ്യൂണിറ്റി പൊലീസിങ് (Community policing) എന്നും അറിയപ്പെടാറുണ്ട്. ബീറ്റ് പട്രോളിങ് നടത്തുന്നവർ നിർദേശിക്കപ്പെട്ടിക്കുന്ന സമയത്തു വാർത്താവിനിമയ സംവിധാനം ലഭ്യമായ സ്ഥലത്തു എത്തുകയും പുതിയ നിർദേശങ്ങൾ സ്റ്റേഷനിൽ നിന്നും സ്വീകരിക്കാവുന്നതും ആണ്. ഉദ്യോഗസ്ഥർ നടന്നോ സൈക്കിളിലോ ബൈക്കിലോ ആണ് ബീറ്റ് പട്രോളിങ് സാധാരണ നടത്താറുള്ളത്. പട്രോളിങ്ങിനെത്തുന്ന പോലീസുകാര്‍ സേവനവിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഓരോ സ്‌ഥലങ്ങളില്‍ സ്‌ഥാപിച്ചിട്ടുള്ള പട്ട ബുക്കുകളില്‍ ഒപ്പിട്ടിരിക്കേണ്ടതാണ്.

എന്താണ് ഇലക്‌ട്രോണിക്‌ ബീറ്റ്‌ (ഇ-ബീറ്റ്‌ / e – Beat )?

പോലീസുകാരുടെ രാത്രികാല പട്രോളിങ്‌ സംവിധാനം കാര്യക്ഷമമാക്കുന്നതിനു നടപ്പിലാക്കിയ ഇലക്‌ട്രോണിക്‌ ബീറ്റ്‌ (ഇ-ബീറ്റ്‌) പദ്ധതി ചില നഗരങ്ങളിൽ കേരള പോലീസ്‌ ആരംഭിച്ചിരുന്നു. സ്‌ത്രീ സുരക്ഷ, ക്രമസമാധാനപാലനം എന്നിവ ലക്ഷ്യമിട്ടാണു കേരള പോലീസ്‌ ഇ-ബീറ്റ്‌ പദ്ധതിക്കു തുടക്കമിട്ടത്‌. റേഡിയോ ഫ്രീക്കന്‍സ്‌ ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യയുള്ള ഉപകരണം ബീറ്റിലിറങ്ങുന്ന ഓരോ പോലീസുകാരന്റെയും പക്കലുമുണ്ടാകും. വിവിധ സ്‌ഥലങ്ങളില്‍ വച്ചിരിക്കുന്ന ഇലക്‌ട്രോണിക്‌ ടാഗുകളില്‍ ഈ ഉപകരണം സൈ്വപ്പ്‌ ചെയ്‌താണ്‌ പോലീസുകാരന്‍ ഡ്യൂട്ടി സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്‌. പട്രോളിങ്ങിനിറങ്ങുന്ന പോലീസുകാരന്റെ പേര്‌, സമയം, സ്‌ഥലം തുടങ്ങിയ വിവരങ്ങള്‍ ഈ മിഷ്യനില്‍ രേഖപ്പെടുത്തും. പട്ട ബുക്കിനു പകരമാണു ഇ-ബീറ്റ്‌ സംവിധാനം.

നൈറ്റ്‌ പട്രോളിങ്ങിനെത്തുന്ന പോലീസുകാര്‍ സേവനവിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഓരോ സ്‌ഥലങ്ങളില്‍ സ്‌ഥാപിച്ചിട്ടുള്ള പട്ട ബുക്കുകളില്‍ ഒപ്പിട്ടിരുന്ന രീതി ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. രാത്രികാല ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ പട്ട ബുക്കുകളില്‍ മാസങ്ങളോളം ഒപ്പിടാതെ പരിശോധനയ്‌ക്കെത്തുമ്പോള്‍മാത്രം ഒരുമിച്ച്‌ ഒപ്പിടുന്ന രീതി ഉണ്ടായിരുന്നു. ഇ-ബീറ്റ്‌ സംവിധാനം ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ആകുമെന്ന് കരുതുന്നു.

എന്താണ് ദയാവധം (Euthanasia)? ഇന്ത്യയിൽ ദയാവധം നിയമപരമായി അംഗീകരിച്ചിട്ടുണ്ടോ?

രോഗം മൂലമോ അപകടം മൂലമോ ഗുരുതരാവസ്ഥയിൽ കഴിയുന്ന, വേദനയോ മറ്റു അവശതകളോ അനുഭവിക്കുന്ന, ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധ്യത ഒട്ടുമില്ലെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്ന ഒരു വ്യക്തിയെ, ജീവൻ അവസാനിപ്പിക്കണമെന്ന മനഃപൂർവ ഉദ്ദേശത്തോടെ വേദനയോ കഷ്ടപ്പാടോ ഇല്ലാതെ ജീവൻ അവസാനിപ്പിക്കുക എന്നതാണ് Euthanasia (Greek word) എന്നറിയപ്പെടുന്ന ദയാവധം.

ദയാവധം സംബന്ധിച്ച് ഓരോ രാജ്യങ്ങളിലും നിയമം ഓരോ തരത്തിൽ ആണ്. ചില രാജ്യങ്ങൾ ദയാവധം അനുവദിക്കുമ്പോൾ, മറ്റു ചില രാജ്യങ്ങൾ നീയമവിരുദ്ധമാക്കിയിട്ടുണ്ട്. ചില രാജ്യങ്ങൾ ഉപാധികളോടെ അനുവദിക്കുന്നുണ്ട്‌.

ഇന്ത്യയിൽ?
നിഷ്ക്രിയ ദയാവധം (Passive Euthanasia) കർശനമായ ഉപാധികളോടെ ഇന്ത്യയിൽ നിയമവിധേയമാക്കി കൊണ്ട് 2018 മാർച്ച് 9 ന് സുപ്രീംകോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. ഇതിനു രോഗിയുടെ മുൻ‌കൂർ സമ്മതപത്രം അഥവാ ലിവിങ് വിൽ ഉണ്ടായിരിക്കണം.അതായത്, രോഗാവസ്ഥ കാരണം ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലെന്ന് വൈദ്യശാസ്ത്രം കണ്ടെത്തുന്ന പക്ഷം തനിക്ക് ദയാവധം അനുവദിക്കണം എന്ന് ഒരാൾ മരണപത്രം ( Living will) മുൻകൂട്ടി എഴുതി വച്ചിരിക്കണം. അരുണ ഷാൻബൗഗ് കേസ് മുതലാണ് ഇന്ത്യയിൽ ദയാവധം ഒരു ചർച്ച വിഷയമായത്.

ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അനുവദിക്കാത്തവര്‍ക്ക് മുന്‍കൂര്‍ മരണതാത്പര്യപത്രം എഴുതിവയ്ക്കാം. ഇതുപ്രകാരം കോടതിയുടെയും മെഡിക്കല്‍ ബോര്‍ഡിന്റെയും അനുമതിയോടെ ദയാവധം നടപ്പാക്കാം. മരുന്നുനല്‍കാതെയും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കിയുമുള്ള നിഷ്‌ക്രിയ ദയാവധത്തിനാണ് അനുമതി.

മരണപത്രം തയ്യാറാക്കാതെ അബോധാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കള്‍ക്ക് നിഷ്‌ക്രിയ ദയാവധത്തിനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാം. ഇതുസംബന്ധിച്ച മാര്‍ഗരേഖയും സുപ്രീംകോടതി പുറത്തിറക്കി. സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഈ മാര്‍ഗരേഖയ്ക്ക് സാധുതയുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്നാല്‍, മരുന്ന് കുത്തിവെച്ചുള്ള സക്രിയ ദയാവധം (Active Euthanasia) ഒരു സാഹചര്യത്തിലും അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് വ്യക്തമാക്കി.