എന്താണ്  UAPA (The Unlawful Activities Prevention Act)?

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം അഥവാ  The Unlawful Activities Prevention Act, 1967 എന്ന നീയമത്തെയാണ്  UAPA എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. രാജ്യത്തിനെതിരായുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടു കൂടി 1967 ഡിസംബർ 30 തിന് ഇന്ത്യയിൽ നിലവിൽ വന്ന നിയമമാണ്  UAPA (The Unlawful Activities Prevention Act, 1967).
ഇന്ത്യയിൽ വ്യത്യസ്ത ഭീകര നിയമങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ആദ്യം TADA ( Terrorist and Disruptive Activities (Prevention) Act ), അതിനു ശേഷം POTA ( Prevention of Terrorism Act, 2002) എന്നിങ്ങനെയുള്ള തീവ്രവാദ വിരുദ്ധ നിയമങ്ങൾ നിലവിൽ വന്നു. പിന്നീട് പലവിധ പ്രതിഷേധങ്ങൾ മൂലം ഇതൊക്കെ പിൻവലിക്കുകയാണുണ്ടായത്.

രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും (Integrity & Sovereignty) തകർക്കാനായി നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും സംഘടനകളെ തടയുക എന്നതായിരുന്നു 2019 വരെ UAPA യുടെ ലക്ഷ്യം. എന്നാൽ, 2019 ൽ ഈ നിയമത്തിൽ ഒരു ഭേദഗതി (The Unlawful Activities Prevention Amendment Act, 2019) നടത്തികൊണ്ട് വ്യക്തികളെ കൂടി ഇതിലേക്ക് ചേർത്തുകയുണ്ടായി.

ഭരണഘടന പൗരന്മാർക്കുറപ്പു നൽകുന്ന മൗലിക അവകാശങ്ങളെ തകർക്കുന്ന ഒന്നാണ് UAPA. UAPA പോലൊരു നിയമം നിലവിൽ വരുന്നതിന് പ്രധാനമായും വെല്ലുവിളിയുയർത്തിയിരുന്നത് പൗരന്മാരുടെ സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കൾ 19 &  ആർട്ടിക്കൾ 21 ആയിരുന്നു. 1963 ലെ പതിനാറാം ഭരണഘടന ഭേദഗതി (SIXTEENTH AMENDMENT ACT, 1963) പ്രകാരം ആർട്ടിക്കൾ 19-ൽ ചില ഭേദഗതികൾ വരുത്തി കൊണ്ട്, ആർട്ടിക്കൾ 19-നെ നിശബ്ദമാക്കുകയാണുണ്ടായത്.

1963 ൽ നടത്തിയ ഈ ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും മുൻനിർത്തി പൗരന്മാരുടെ സ്വാതന്ത്ര്യത്തിലുൾപ്പടെ ആവശ്യമായ നിയന്ത്രണങ്ങൾ നടത്താൻ സ്റ്റേറ്റിന് അവകാശം നൽകി. ഈ അവകാശത്തിലൂടെയാണ്‌ 1967 ൽ UAPA നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്നത്.
സാധാരണ കേസുകളിലെ അറസ്റ്റുകളിൽ നിന്നും വിഭിന്നമാണ്  UAPA പ്രകാരമുള്ള അറസ്റ്റുകൾ. UAPA പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആവശ്യത്തിനനുസരിച്ച്, ആവശ്യക്കാരന് ആരുടെ മുകളിലും പ്രയോഗിക്കാനാവും. കാരണം, അത്രത്തോളം വ്യക്തതയില്ലാത്തതും, വിശാലമായതും, അതിരുകളില്ലാത്തതുമായ കുറ്റകൃത്യങ്ങളും UAPA യിൽ പ്രതിപാദിക്കുന്നുണ്ട്. ഇതിൻ പ്രകാരം ആരെയും ഒരു ഗവണ്മെന്റിന് കുറ്റക്കാരനായി പ്രഖ്യാപിക്കാൻ കഴിയും.

മാത്രമല്ല UAPA സെക്ഷൻ 43A, സെക്ഷൻ 43B പ്രകാരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണം നേരിടുന്ന വ്യക്തിയെ വാറന്റ് ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്യാനും, വസ്തുവകകൾ കണ്ടു കെട്ടാനുമെല്ലാം അധികാരമുണ്ട്. ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്. സെക്ഷൻ 43D പ്രകാരം ചാർജ്ഷീറ്റ് സമർപ്പിക്കാതെ പോലീസിന് ഒരു വ്യക്തിയെ 180 ദിവസം വരെ കസ്റ്റഡിയിൽ വെക്കാനും കഴിയും. സാധാരണ കേസുകളിൽ കസ്റ്റഡി 15 ദിവസവും അധിക കസ്റ്റഡി 30 ദിവസവുമാണെന്ന് കൂടി ഓർക്കണം! ഇനി കുറ്റപത്രം സമർപ്പിച്ചാലോ, അനിശ്ചിതമായി വിചാരണയില്ലാതെ ജയിൽ വാസം നീളും. ജാമ്യം എന്ന അടിസ്ഥാന അവകാശത്തെ പോലും ഈ നിയമം റദ്ദ് ചെയ്യുന്നു. UAPA പ്രകാരം മുൻകൂർ ജാമ്യത്തിനുള്ള അവസരവും നിഷേധിക്കപ്പെടും.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും, അന്വേഷണ ഏജൻസികൾക്കും വളരെയധികം അധികാരം നൽകുന്ന ഒന്നാണ്  UAPA. അതുകൊണ്ട് തന്നെ ഉദ്ദേശമൊക്കെ എത്ര നല്ലതാണെന്നു പറഞ്ഞാലും, ഈ നിയമവും ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.
സ്വാതന്ത്ര്യത്തിനുള്ള അവകാശവും, ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണവും (Art. 19 & 21) നിഷേധിക്കുന്ന ഒന്നാണ്  UAPA.

ഇതിലെ മറ്റൊരു വിരോധാഭാസം എന്തെന്ന് വെച്ചാൽ UAPA പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നവരിൽ പകുതിയാളുകൾ പോലും ശിക്ഷിക്കപ്പെടുന്നില്ലെന്നതാണ്! കോടതിയുടെ മുന്നിലിത്തരം കേസുകളെത്തുമ്പോൾ കുറ്റക്കാരെല്ലെന്ന് കണ്ട് കോടതിയിവരെയെല്ലാം മോചിപ്പിക്കുകയാണ്‌ പതിവ്. സർക്കാർ കണക്കുകൾ കാണിക്കുന്നത്, UAPA പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ വളരെ വളരെ കുറച്ചു കേസുകൾ മാത്രമാണ് കോടതി ശരി വെച്ചിട്ടുള്ളതെന്നാണ്.  ( റഫറൻസ്  )  അതായത് UAPA നിയമം നന്നായി ദുരുപയോഗപ്പെടുന്നുണ്ടെന്ന് അർത്ഥം! എന്നാൽ ജാമ്യം ലഭിക്കാതെ, കോടതി നടപടി ക്രമങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പു തന്നെയാണ് ഏറ്റവും വലിയ ശിക്ഷ! (കുറ്റക്കാരൻ അല്ലെങ്കിലോ? – 1000 കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് തല്ക്കാലം മറക്കാം )

PS സരിത്, സ്വപ്ന സുരേഷ് തുടങ്ങിയവരെ കാത്തിരിക്കുന്ന നിയമ കുരുക്കുകൾ എന്തൊക്ക? അഥവാ എൻ ഐ എ (NIA) ക്കു അന്വേഷിക്കാവുന്ന കുറ്റകൃത്യങ്ങൾ എന്തെല്ലാം?

ഇന്ത്യയിലെ ഒരു ദേശീയ കുറ്റാന്വേഷണ ഏജൻസി ആയ എൻ ഐ എ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ആക്ട്,2008 പ്രകാരം 2009 ൽ ആണ് രൂപീകൃതമായത്. എൻ ഐ എ യുടെ പ്രധാന ലക്‌ഷ്യം ഇന്ത്യ മഹാരാജ്യത്തെ ഭീകര പ്രവർത്തനങ്ങൾ കാര്യക്ഷമമായി അന്വേഷിക്കുക എന്നുള്ളതാണ്.

ന്യൂ ഡൽഹി ആസ്ഥാനമായ എൻ ഐ എ യുടെ ബ്രാഞ്ച് ഓഫീസ്  കേരളത്തിൽ കൊച്ചി കടവന്ത്രയിലെ ഗിരിനഗറിലും സ്പെഷ്യൽ കോടതി കലൂർ ബാനർജി റോഡിലും പ്രവർത്തിക്കുന്നു.

എൻ ഐ എ ക്കു അന്വേഷിക്കാവുന്ന കുറ്റകൃത്യങ്ങൾ എന്തൊക്കെ?

എൻ ഐ എ ആക്ടിൽ അനുബന്ധം (Schedule) ചെയ്യപ്പെട്ടിട്ടുള്ള നിയമങ്ങളിലെ കുറ്റകൃത്യങ്ങൾ മാത്രമാണ് എൻ ഐ എ ക്കു അന്വേഷിക്കാവുന്നത്. അവ താഴെ പറയുന്നവയാണ് 

  • The Atomic Energy Act, 1962; 
  • Explosive substances act 1908;
  • The Unlawful Activities (Prevention) Act, 1967; 
  • The Anti-Hijacking Act, 1982 (65 of 1982); 
  • The Suppression of Unlawful Acts against Safety of Civil Aviation Act, 1982 (66 of 1982); 
  • The SAARC Convention (Suppression of Terrorism) Act, 1993 (36 of 1993); 
  • The Suppression of Unlawful Acts Against Safety of Maritime Navigation and Fixed Platforms on Continental Shelf Act, 2002 (69 of 2002); 
  • The Weapons of Mass Destruction and their Delivery Systems (Prohibition of Unlawful Activities) Act, 2005 (21 of 2005); 
  • Offences under— 
    • sections 121 to 130 Indian Penal Code 1860;
    • Section 370 and 370A Indian Penal Code 1860;  
    • Sections 489-A to 489-E of the Indian Penal Code, 1860;
    • Section 25 Subsection 1aa Of Arms Act 1959;
    • Section 66 F Of Information Technology Act,2000.

ആക്ടിൽ അനുബന്ധം (SCHEDULE)  ചെയ്യപ്പെട്ട ഒരു കുറ്റ കൃത്യം FIR രജിസ്റ്റർ ചെയ്ത ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സ്റ്റേറ്റ് ഗവണ്മെന്റ്നു റിപ്പോർട്ട് ചെയ്യേണ്ടതും, സ്റ്റേറ്റ് കഴിയും വേഗം ആ റിപ്പോർട്ട് കേന്ദ്ര ഗവണ്മെന്റ്നെ അറിയിക്കേണ്ടതുമാണ് ഇപ്രകാരം റിപ്പോർട്ട് കിട്ടിയാൽ കേന്ദ്ര ഗവണ്മെന്റ് റിപ്പോർട്ട് പരിശോധിച്ച് ആ കുറ്റകൃത്യം എൻ ഐ എ ആക്ട് (NIA Act ) പ്രകാരം  ചെയ്യപ്പെട്ടിട്ടുള്ളതാണോ എന്നും എൻ ഐ എ അന്വേഷിക്കത്തക്ക ഗ്രാവിറ്റി ഉള്ളതാണോ എന്നും 15 ദിവസത്തിനകം തീരുമാനമെടുത്തു എൻ ഐ എ ക്കു കൈമാറുകയോ തിരിച്ചു സ്റ്റേറ്റ് നെ ഏൽപ്പിക്കുകയോ ചെയ്യും .

സ്റ്റേറ്റ് ന്റെ അനുമതി കൂടാതെ തന്നെ ബന്ധപ്പെട്ട കുറ്റ കൃത്യങ്ങൾ അന്വേഷിക്കാൻ കേന്ദ്ര ഗവണ്മെന്റ്നു അധികാരമുണ്ട്.

സ്വർണക്കടത്തു കേസിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന നിയമങ്ങൾ 

പ്രധാനമായും യു എ പി എ (UAPA – Unlawful Activities (Prevention) Act )യിലെ നിയമങ്ങൾ ആണ്. എൻ ഐ എ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് യു എ പി എ സെക്ഷൻ  15,16,17,18  എന്നിവയാണ് INVOKE ചെയ്യുക എന്നാണ് 

ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതക്കും സുരക്ഷക്കും ഭീഷണിയാകുമെന്നത് കൂടാതെ വൻതോതിൽ എത്തിച്ചേരുന്ന ഈ പണം ഭീകര പ്രവർത്തനങ്ങൾക്കും ഉപയോഗിക്ക പ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആക്ടിൽ ഉൾപ്പെടാത്ത കുറ്റകൃത്യങ്ങൾക്ക് കേരള പോലീസിന്റെയോ മറ്റു അന്വേഷണ ഏജൻസികളുടെയും അന്വേഷണവയും സ്വർണ്ണ കടത്തു കേസിലെ പ്രതികൾ നേരിടേണ്ടതായി വന്നേക്കും