എന്താണ് പൗരാവകാശരേഖ (citizen charter)?

സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ള ഓരോ ഭരണ സ്ഥാപനങ്ങളിലും നിർണയിക്കപ്പെട്ട രീതിയിൽ പൗരന്മാർക്ക് വിവിധ ഇനം സേവനങ്ങളും അവയുടെ വ്യവസ്ഥകളും അവ ലഭ്യമാക്കുന്ന സമയപരിധിയും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന രേഖയാണ് പൗരാവകാശ രേഖ(citizen charter). ഭരണ സംവിധാനത്തിൽ വിവിധ സർക്കാർ ഓഫീസുകളിൽ നിന്നും ഒരു പൗരന് അവകാശപ്പെട്ടത് എന്തൊക്കെ എന്നത് അവർക്കറിയാൻ അവകാശമുണ്ടാക്കുക എന്ന പ്രാഥമിക കർത്തവ്യം നിറവേറ്റാനാണ് ഓരോവിഭാഗവും പൗരാവകാശ രേഖ പ്രസിദ്ധികരിക്കേണ്ട ആവശ്യം. പൗരാവകാശ രേഖ പ്രസിദ്ധപ്പെടുത്തുന്നതു വഴി അവകാശത്തോടൊപ്പം അവ ലഭ്യമാകാനുള്ള വഴിയും സുതാര്യമാകുന്നു.

കുടിക്കടം (Encumbrance) എന്നാൽ എന്താണ്?

ഒരു വസ്തുവിന്റെ ആധാരതിനുമേൽ ഏതെങ്കിലും നിയമപരവും, സാമ്പത്തികവുമായ ബാദ്ധ്യതകൾ അവശേഷിക്കുന്നുണ്ടോ എന്ന് രേഖപ്പെടുത്തുന്നത് കുടിക്കടത്തിലാണ്. ആധാരപ്രകാരമുള്ള ഉടമസ്ഥന് സ്വതന്ത്രമായ ഉടമസ്ഥാവകാശം നിലനില്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കുടിക്കടം പരിശോധിക്കുന്നത് വഴി സാധിക്കും. വില്പ്പനയ്‌ക്കോ പണയത്തിനോ  സ്വീകരിക്കുന്ന വസ്തു, മറ്റെല്ലാ ബാദ്ധ്യതകളിൽ നിന്നും തീർത്തും മുക്തമാണെന്ന് ഉറപ്പാക്കേണ്ടത് പ്രസ്തുത വസ്തു വാങ്ങിക്കുന്നവൻ/പണയത്തിനു എടുക്കന്നവന്റെ ചുമതലയാണ്. പക്ഷെ രജിസ്ട്രാർ ഓഫീസിൽ രേഖപ്പെടുത്തിയ പണയങ്ങൾ മാത്രമേ കുടിക്കടത്തിൽ(Encumbrance) ഉണ്ടാകുകയുള്ളൂ. അതുകൊണ്ടു Encumbrance മാത്രം നോക്കി ഇടപാട് നടത്തുന്നത് ബുദ്ധിപരമല്ല.

1908 ലെ രജിസ്ട്രഷൻ നിയമ പ്രകാരം ചില തരത്തിലുള്ള ബാധ്യതകൾ/പണങ്ങൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ല. അത്തരം ബാദ്ധ്യതകൾ കുടിക്കടം(Encumbrance) എന്ന രേഖയിൽ കാണില്ല. ഒരു ഉദാഹരണത്തിന് Equitable Mortgage നൽകുന്നത് മുഴുവൻ അസ്സൽ രേഖകളും പണയ സ്ഥാപനം കൈവശത്തിൽ വാങ്ങിച്ചിട്ടാണ്, എന്നാൽ ഇത് രജിസ്റ്റർ ചെയ്യാറില്ല ).

വസ്തു ഇടപാടുകൾ നടത്തുമ്പോൾ ഇത്തരം കാര്യങ്ങൾ വേണ്ടവിധം അന്വേഷിച്ചില്ല എങ്കിൽ അപകടത്തിൽ പെടാം.

എന്താണ് ഒഴിമുറി ആധാരം? എന്താണ് അവകാശ/കൂട്ടവകാശ ഒഴിമുറി?

ഒഴിമുറി ആധാരം
വസ്തുവിന്മേലുള്ള ഒരു പണയം/മറ്റേതെങ്കിലും ബാധ്യതകൾ രജിസ്റ്റർ ഓഫീസിൽ രേഖപ്പെടുത്തി കഴിഞ്ഞാൽ അത് കുടിക്കടത്തിൽ(Encumbrance) ഒരു ആധാരം നമ്പർ സഹിതം അടയാളപ്പെടുതുന്നതാണ്. കടത്തിന്റെ സ്വഭാവം, ഇത് ആര് എഴുതി നൽകി, ആർക്ക് എഴുതി നൽകി എന്നും കുടിക്കടരേഖയിൽ രേഖപ്പെടുത്തും. ഇങ്ങനെ രേഖപ്പെടുത്തിയ ഒരു കടം തീരുമ്പോൾ, കടം കൊടുത്തയാൾ പ്രസ്തുത കടം തീർന്നു എന്ന് ബോധ്യപ്പെട്ടു ആ വസ്തു തിരിച്ച് ഉടമസ്ഥന് എഴുതി നല്കുന്നതാണ് ഒഴിമുറി ആധാരം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്.

എന്താണ് അവകാശ/കൂട്ടവകാശ ഒഴിമുറി?
ഒന്നിൽ കൂടുതൽ അവകാശികൾ ഉള്ള വസ്തുവിൽ നിന്നും ഒരാളുടെ അവകാശം പ്രതിഫലം വാങ്ങി ഒഴിഞ്ഞു കൊടുക്കുന്നു ഒഴിഞ്ഞു പോകുന്ന ആളും ഒഴിഞ്ഞു കിട്ടുന്ന ആളും മേൽ പ്രകാരമുള്ള വസ്തുവിൽ അവകാശി ആയിരിക്കണം.

‘വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ചെയ്യില്ല’ എന്ന വ്യാപാര സ്ഥാപനങ്ങളിലെ അറിയിപ്പ് നിയമ വിരുദ്ധമാണോ?

വിറ്റ ഉൽപ്പന്നങ്ങൾക്ക് സാങ്കേതിക പിഴവോ തകരാറോ ഉണ്ടെങ്കിൽ വ്യാപാരി മാറ്റി നല്കുകയോ പ്രശ്നം പരിഹരിച്ചു നല്കുകയോ വേണം. ഉപഭോക്തൃ അവകാശങ്ങളിൽ പറയുന്നു ഈ ന്യായം സംസ്ഥാന സർക്കാർ 2007 ൽ ഉത്തരവായി (GO(P) 60/2007/FCS & CA) ഇറക്കിയിട്ടുണ്ട്. 

ബഹു കേരള ഹൈക്കോടതി Cochin International Airport Ltd vs State Of Kerala on 7 June, 2019(WP 30706 of 2013) എന്ന കേസിൽ ഇത് കൃത്യമായി പറഞ്ഞിട്ടുണ്ട്. എയർപോർട്ട് അതോറിറ്റിയുടെ കാന്റീനിൽനിന്ന്‌ വാങ്ങിയ സാധനങ്ങൾക്ക് നൽകിയ ബില്ലിൽ ‘വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ചെയ്യില്ല’ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് ഗുണമേന്മയില്ലാത്ത ഉത്‌പന്നം മാറി ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനമാണെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ ഉപഭോക്തൃ വിജിലൻസ് ഫോറം എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഹർജി നൽകിയിരുന്നു. പരാതി പരിശോധിച്ച എറണാകുളം ഫോറം, വിജിലൻസ് ഫോറത്തിന്റെ വാദം അംഗീകരിച്ചു. കേസ് നടത്തിപ്പ് ചെലവായി പരാതിക്കാരന് അയ്യായിരം രൂപ നൽകാനും വിധിച്ചു.

ഇതിനെതിരേ സിയാൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ അപ്പീൽ നൽകി. സംസ്ഥാന കമ്മീഷൻ അപ്പീൽ തള്ളുകയും കേസ് നടത്തിപ്പ് ചെലവ് പതിനായിരം രൂപയായി വർധിപ്പിക്കുകയും ചെയ്തു. തുടർന്ന് സിയാൽ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയാണ്  ഉപഭോക്താവിന് അനുകൂലമായി തള്ളിയത്.

എന്താണ് പ്രേതവിചാരണ (ഇന്‍ക്വസ്റ്റ്) (Inquest)

മരണകാരണത്തെപ്പറ്റി നടത്തുന്ന നിയമാനുസൃതമായ പ്രാഥമികാന്വേഷണമാണ് പ്രേതവിചാരണ (ഇൻക്വസ്റ്റ് Inquest). ക്രിമിനൽ നടപടിചട്ടം പ്രകാരം പോലീസോ മജിസ്ട്രേറ്റോ ആണ് പ്രേതവിചാരണ നടത്തുന്നത്. പ്രേതവിചാരണയ്ക്കു ശേഷം പോസ്റ്റ്മോർട്ടം പരിശോധന നടത്തണോ എന്ന് അന്വേഷണോദ്യോഗസ്ഥന് തീരുമാനമെടുക്കാവുന്നതാണ്. അസ്വാഭാവിക മരണമുണ്ടായി എന്ന പരാതി ലഭിക്കുമ്പോഴാണ് സാധാരണ ഇൻക്വസ്റ്റ് നടത്തപ്പെടുക.

ക്രിമിനൽ നടപടിച്ചട്ടം വകുപ്പ് 174, 176 എന്നിവയാണ് പ്രേതവിചാരണയെപ്പറ്റി പ്രതിപാദിക്കുന്നത്. 

ഒരാൾ അത്മഹത്യ ചെയ്തുവെന്നോ കൊല ചെയ്യപ്പെട്ടുവെന്നോ ഒരു മൃഗമോ യന്ത്രസാമഗ്രിയോ ഒരാളുടെ മരണത്തിന് കാരണമായെന്നോ അപകടം മൂലം മരണം സംഭവിച്ചുവെന്നോ മരണത്തെപ്പറ്റി ന്യായമായ സംശയമുണ്ടെന്നോ വിവരം ലഭിക്കുന്ന മുറയ്ക്ക് ഒരു പോലീസ് സ്റ്റേഷന്റെ ചുമതലയുള്ളതും പ്രേതവിചാരണ നടത്തുവാൻ സംസ്ഥാനസർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളതുമായ ഉദ്യോഗസ്ഥൻ ഉടൻതന്നെ അടുത്തുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് ഇതെസംബന്ധിച്ച വിവരം നൽകേണ്ടതാണ്.  പ്രേതവിചാരണയിൽ അയൽവാസികളായ രണ്ടുപേർ ഉണ്ടാകേണ്ടതാണ്. റിപ്പോർട്ടിൽ താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു.

  • പ്രഥമദൃഷ്ട്യാ മരണകാരണമെന്താണ്
  • മുറിവുകൾ, ചതവുകൾ, ഒടിവുകൾ, മറ്റു പരിക്കുകൾ എന്നിവയുടെ വിവരണം,
  • എന്ത് ഉപകരണം കൊണ്ട് ഏത് സാഹചര്യത്തിലാണ് ഈ പരിക്കുകൾ ഉണ്ടാക്കപ്പെട്ടത്

ഈ റിപ്പോർട്ട് പോലീസുദ്യോഗസ്ഥനും മറ്റാൾക്കാരും ഒപ്പിട്ടശേഷം ജില്ലാ മജിസ്ട്രേറ്റിനോ സബ്‌-ഡിവിഷണൽ മജിസ്ട്രേറ്റിനോ അയച്ചുകൊടുക്കേണ്ടതാണ്.

മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിനായി അയച്ചുകൊടുക്കേണ്ടത് താഴെപ്പറയുന്ന സാ‌ഹചര്യങ്ങളിലാണ്.

  • വിവാഹം കഴിഞ്ഞ് ഏഴുവർഷങ്ങൾക്കുള്ളിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്യുക
  • വിവാഹം കഴിഞ്ഞ് ഏഴുവർഷത്തിനുള്ളിൽ ഒരു സ്ത്രീ മരിക്കുകയും മറ്റാരോ ഈ വിഷയത്തിൽ എന്തോ കുറ്റം ചെയ്തിട്ടുണ്ടെന്ന് ന്യായമായും സംശയിക്കാനുള്ള സാഹചര്യമുണ്ടാവുകയോ ചെയ്യുക
  • വിവാഹം കഴിഞ്ഞ് ഏഴുവർഷങ്ങൾക്കുള്ളിൽ ഒരു സ്ത്രീ മരിക്കുകയും സ്ത്രീയുടെ ഒരു ബന്ധു പോസ്റ്റ്മോർട്ടം പരിശോധന നടത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുക
  • മരണകാരണത്തെപ്പറ്റി എന്തെങ്കിലും സംശയമുണ്ടായിരിക്കുക (പ്രേതവിചാരണയിൽ പങ്കെടുത്തവർ സംശയമുന്നയിക്കുമ്പോൾ)
  • മരണകാരണത്തെപ്പറ്റി പോലീസ് ഉദ്യോഗസ്ഥന് എന്തെങ്കിലും സംശയമുണ്ടായിരിക്കുക.