18 വയസ്സിൽ താഴെയുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാണോ?

എന്താണ് ഐപിസി സെക്‌ഷൻ 375 (IPC 375 – Rape – ബലാല്‍സംഗം ) ഉം പോക്‌സോ (POCSO)  നീയമവുമായുള്ള പരസ്‌പരവിരുദ്ധത?
(What is the conflict between IPC 375 and POCSO Act)
—————————————–

IPC 375 പ്രകാരം, 18 വയസ്സിൽ താഴെയുള്ള സ്ത്രീയുമായുള്ള ലൈംഗിക ബന്ധം, ബലാല്‍സംഗം ആയി പരിഗണിക്കും. എന്നാൽ സെക്ഷൻ 375 Exception പ്രകാരം 15 വയസ്സിനു മുകളിൽ ഉള്ള, സ്വന്തം ഭാര്യയുമായി സമ്മത്തോടെയോ അല്ലാതെയോ ഉള്ള ലൈംഗിക ബന്ധം, ബലാല്‍സംഗം ആയി പരിഗണിച്ചിരുന്നില്ല.

എന്നാൽ, 2012 ൽ നിലവിൽ വന്ന POCSO Act പ്രകാരം, ലൈംഗിക ബന്ധത്തിനുള്ള സമ്മതത്തിനുള്ള (consent) കുറഞ്ഞ പ്രായം 18 വയസ്സാണ്. ഇത് IPC സെക്ഷൻ 375 യുമായി പരസ്‌പരവിരുദ്ധമായിരുന്നു. അതുപോലെ തന്നെ ഈ നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 21 നു വിരുദ്ധമെന്ന് 2017 ഒക്ടോബർ 11 നു സുപ്രിം കോടതി വിധിച്ചു. ആയതിനാൽ  IPC 375 ലെ പ്രസ്തുത ഭാഗം റദ്ദുചെയ്തു.

അതുപോലെ തന്നെ ഈ exception, ശൈശവ വിവാഹ നിരോധന നിയമം ( Prohibition of Child Marriage Act ) ആയിട്ടും വിരുദ്ധമായിരുന്നു.

അതായത് 18 വയസ്സിൽ താഴെയുള്ള ഏതു സ്ത്രീയമായും, അത് ഭാര്യ ആയാലും  സമ്മത്തോടെയോ അല്ലാതെയോ ആയാലും ബലാല്‍സംഗം ആയി പരിഗണിക്കും. കുറ്റകരമാണ്!

എന്താണ് പോക്സോ (POCSO )കേസ് / പോക്സോ നിയമം (The Protection of Child from Sexual Offenses Act)

2012 വരെ ഇന്ത്യയില്‍ ബാലലൈംഗികചൂഷണം (CSA – Child Sex Abuse ) തടയുന്നതിനായി പ്രത്യേകം നിയമമൊന്നും ഉണ്ടായിരുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ IPC 354 (സ്ത്രീകളെ അപമാനിക്കല്‍), 375 (ബലാത്സംഗം) , 377 (പ്രകൃതിവിരുദ്ധ ലൈംഗികബന്ധം), 509 (Insult the modesty of a woman) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ നല്‍കിയിരുന്നത്. ഈ വകുപ്പുകൾ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളെ ഉദ്ദേശിച്ചു കൊണ്ടായിരുന്നില്ല. അതുപോലെ നീയമങ്ങളിൽ പലതും സ്ത്രീകളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളവയായിരുന്നു. ഇതുകൊണ്ട് തന്നെ, പല രീതിയിൽ ഉള്ള പാകപ്പിഴകൾ ബാലലൈംഗികചൂഷണം കൈകാര്യം ചെയ്യുന്നതിൽ ഉണ്ടായിരുന്നു.
ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമം  (The Protection of Child from Sexual Offenses Act) 2012 ലാണ് പ്രാബല്യത്തിലായത്. ഇത് POCSO – പോക്‌സോ എന്നറിയപ്പെടുന്നു. 18 വയസില്‍ താഴെയുളള കുട്ടികൾ (ആണ്‍കുട്ടികളും പെണ്‍കുട്ടികളും) നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ തടയുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം.
നിലവിലുണ്ടായിരുന്ന പഴയ നിയമത്തില്‍ നിന്ന് വ്യത്യസ്തമായി, ലൈംഗിക അക്രമം മാത്രമല്ല, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവൃത്തികളെയും ലൈംഗിക അക്രമമായി കുറ്റമായി കാണുന്നുവെന്നതാണ് പോക്‌സോയുടെ പ്രത്യേകത. കുട്ടികളുടെ അശ്ലീല ചീത്രങ്ങള്‍ ഉള്‍പ്പെടെ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.
പോക്‌സോ നിയമം ചുമത്തുന്നതോടെ പ്രതിക്ക് ഒത്തുതീര്‍പ്പിലൂടെ കേസില്‍ നിന്ന് തലയൂരാനുളള സാധ്യതകളും പഴുതുകളും അടയും. പ്രതിക്ക് ജാമ്യം കിട്ടില്ല. ഇരയായ കുട്ടി തന്റെ മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യം പറഞ്ഞ മൊഴിയാകും നിലനില്‍ക്കുക.
കുട്ടികളെ ലൈംഗികച്ചുവയോടെ സ്പര്‍ശിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാനുളള കുറ്റകൃത്യമായി കണക്കാക്കും. ഈ കുറ്റം അധ്യാപകര്‍, മതാധ്യാപകര്‍, ഹോസ്പിറ്റര്‍ സ്റ്റാഫുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചെയ്താല്‍ തടവ് ശിക്ഷ 8 വര്‍ഷം വരെയാകാം. ഒരു കുട്ടി പീഡനത്തിനിരയായാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലെങ്കില്‍ മൂന്നാമതൊരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യം ചെയ്യാവുന്നതും പരാതി നല്‍കാത്ത രക്ഷിതാക്കള്‍ക്കെതിരെ പോക്‌സോ ചുമത്താവുന്നതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം കേസുകള്‍ അധ്യാപകര്‍ മറച്ചുവച്ചാലും സമാനശിക്ഷ ലഭിക്കും.
കേസിന്റെ പ്രാരംഭം മുതല്‍ രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നതാണ് പോക്‌സോയുടെ മറ്റൊരു പ്രത്യകത. കുട്ടിയെ തിരിച്ചറിയുവാൻ സാധിക്കുന്ന പേരോ, ഫോട്ടോയോ, ദൃശ്യങ്ങളോ, മേല്‍വിലാസമോ പുറത്തുപറയാന്‍ പാടില്ല, മാധ്യമങ്ങളില്‍ ഇരയെ തിരിച്ചറിയാന്‍ കഴിയുന്ന വാര്‍ത്ത വരാന്‍ പാടില്ല. കേസില്‍ കൈക്കൊണ്ട നടപടിക്രമങ്ങളെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും കോടതിയെയും ബോധ്യപ്പെടുത്തുകയും വേണം.
അതുപോലെ തന്നെ വളരെയേറെ ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു നിയമമാണ് ഇത്. വ്യക്തി വൈരാഗ്യം തീർക്കുന്നതിനായി കുട്ടികളെ കരുവാക്കി ഇത് ദുരുപയോഗം ചെയ്യാറുണ്ട്.

പൊതുവഴിയിൽ (public place) സ്വകാര്യ വാഹനത്തിലുള്ള മദ്യപാനം പുകവലി കുറ്റകരമാണോ?

എന്താണ് പൊതുസ്ഥലം  (public place)?
പൊതുവഴി (public place) എന്നാൽ, പൊതുജനത്തിന് പ്രവേശനമുള്ള അനുവാദമുള്ള  (access)  സ്ഥലം എന്ന് പറയാം.

പൊതുവഴിയിൽ ആയാലും സ്വകാര്യ വാഹനത്തിൽ ഇരുന്നു മദ്യപിക്കുന്നത് കുറ്റകരമല്ല എന്നാണ് ചിലരെങ്കിലും കരുതുന്നത്. ഇതിനു ഒരു കാരണം, ‘പൊതുസ്ഥല’മെന്ന നിർവ്വചനത്തിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. അതുപോലെ പൊതുനിരത്തിലെ സ്വകാര്യവാഹനത്തെ സ്വകാര്യ ഇടമായി പരിഗണിക്കാമെന്ന 1999 ലെ കേരള ഹൈക്കോടതി വിധിയും ഉണ്ടായിരുന്നു.

പൊതുവഴികളിലൂടെ പോകുന്ന സ്വകാര്യ വാഹനവും ‘പൊതുസ്ഥലം’എന്ന നിർവചനത്തിൽ വരുമെന്ന് സുപ്രീം കോടതി. മദ്യപിച്ചതിനു പിടിയിലായ കാര്‍ യാത്രികന്‍റെ അപ്പീല്‍ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. പൊതുസ്ഥലത്ത് അനുവദനീയമല്ലാത്തതൊന്നും സ്വകാര്യ വാഹനത്തിലും പാടില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു. ഇതോടെ പൊതുനിരത്തിലെ സ്വകാര്യവാഹനത്തെ സ്വകാര്യ ഇടമായി പരിഗണിക്കാമെന്ന 1999 ലെ കേരള ഹൈക്കോടതി വിധി ദുർബലമായി.  (കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി, കാറിൽ ഇരിക്കുമ്പോൾ മാസ്ക് ധരിക്കണമോ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ)

ജാർഖണ്ഡിൽ നിന്നു ബിഹാറിലേക്കു സ്വന്തം കാറിൽ വരുംവഴി മദ്യപിച്ച നിലയിൽ അറസ്റ്റിലായി കുറ്റം ചുമത്തപ്പെട്ട സ‍ത്‍വീന്ദര്‍ സിംഗ് എന്നയാള്‍ പട്‍ന ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.  2016 ലാണ് സംഭവം. ബിഹാര്‍ അതിര്‍ത്തിയില്‍ വച്ചാണ്  സ‍ത്‍വീന്ദര്‍ സിംഗ് പിടിയിലാകുന്നത്.

കസ്റ്റംസ് കേസിൽ മുൻകൂർ ജാമ്യം ലഭിക്കുമോ?

എന്താണ് മുൻ‌കൂർ ജാമ്യം എന്നത് അറിയുവാൻ ഇവിടെ നോക്കുക
ജാമ്യം ലഭിക്കാൻ സാധ്യത ഇല്ലാത്ത ഒരു കുറ്റകൃത്യത്തിനു, ഒരാൾ അറസ്റ്റിൽ ആകുമെന്ന് സംശയിക്കുന്ന അവസ്ഥയിൽ ആണ് മുൻ‌കൂർ ജാമ്യത്തിന് അപേക്ഷിക്കേണ്ടത്. എന്നാൽ  കസ്റ്റംസ് ഡിപ്പാർട്മെന്റിന്  പോലീസിന്റേതായ അധികാരമില്ല. അതുകൊണ്ടു പോലീസ് ചെയ്യുന്നത് പോലെ ആരെയെങ്കിലും അറസ്റ്റുചെയ്യാനോ തടവിൽ സൂക്ഷിക്കാനോ കഴിയില്ലെന്നാണ് നിയമം

കസ്റ്റംസ് ഒരാളെ വിളിക്കുന്നത് അവർക്ക് കള്ളക്കടത്തുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് അറിയാൻ മാത്രമാണ്. കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിവ് ലഭിച്ചാൽത്തന്നെ അറസ്റ്റ് ചെയ്യണമെങ്കിൽ കസ്റ്റംസിന് നിയമ നടപടികളുണ്ട്. ഇതിനായി കസ്റ്റംസ് കമ്മിഷണർ കസ്റ്റംസ് ആക്ട് സെക്‌ഷൻസ് 104 പ്രകാരം ഉത്തരവിടണം.

എന്നാൽ ഇത്തരം നിയമ നടപടികൾ സി.ആർ.പി.സി (CrPC) യിൽ ഇല്ല. അതാണ് പോലീസ് അന്വേഷിക്കുന്നുവെന്ന സംശയത്തിന്റെ പേരിൽ പോലും മുൻകൂർ ജാമ്യം തേടാനാകുന്നത്.

കൊറോണ വൈറസ് പോലെ പകർച്ചവ്യാധികൾ പകരുവാൻ കാരണമായാൽ നിയമപ്രകാരം കുറ്റകരമാണോ?

കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നും ദോഹ വഴി കൊച്ചിയിൽ എത്തിയ ഒരു കുടുംബത്തിലെ ചിലർക്ക് ഇറ്റലിയിൽ നിന്നും കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നു.  കൊറോണ വൈറസ് ബാധ സ്ഥിതികരിച്ച രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേയ്ക്ക് വരുന്നവർ ആ വിവരം ആരോഗ്യപ്രവർത്തകരെ അറിയിച്ചു രോഗബാധ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണം എന്ന് സർക്കാർ നിർദേശം ഉണ്ടായിരുന്നു. എന്നാൽ ഈ കുടുംബം ഈ നിർദേശം കാര്യമായി എടുത്തില്ല.  തന്മൂലം അവരുമായി ഇടപെട്ട ചിലർക്കും വൈറസ് ബാധ ഉണ്ടായി. ഇവർ ഇപ്പോൾ ആശുപത്രിയിൽ ഐസൊലേറ്റഡ് വാർഡിൽ കഴിയുന്നതായി വാർത്തകളിൽ കാണുന്നു.

സർക്കാർ നിർദേശം അവഗണിച്ചു വേണ്ട മുന്കരുതൽ  എടുക്കാതെ ഇത്തരം പകർച്ചവ്യാധികൾ പടർത്തുന്നവർ നിയമപ്രകാരം കുറ്റവാളികൾ ആണോ? അതേ! IPC സെക്ഷൻ 269 പ്രകാരം നിയമം അനുശാസിക്കുന്ന മുൻകരുതലുകൾ എടുക്കാതെ വേണ്ടത്ര ശ്രദ്ധകൊടുക്കാതെ ഇത്തരം പകർച്ചവ്യാധികൾ പടർത്തുന്നവർക്ക്, പടർത്തുവാൻ കാരണമായാൽ 6 മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്