പകർപ്പവകാശത്തെ (Copy right) പ്പറ്റി പറയുമ്പോൾ ബൗദ്ധികസ്വത്തവകാശം (Intellectual Property Rights (IPR)) എന്താണെന്ന് ചർച്ചചെയ്യേണ്ടി വരും. ഒരു വ്യക്തിയോ വ്യക്തികളുടെ കൂട്ടായ്മയോ സ്ഥാപനമോ അവരുടെ കഴിവുകൾ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന, രൂപപ്പെടുത്തുന്ന സൃഷ്ടിയുടെ മേൽ അവർക്കു നിയമപരമായി നൽകുന്ന അവകാശങ്ങൾ ആണ് ബൗദ്ധികസ്വത്തവകാശ നിയമങ്ങളുടെ പരിധിയിൽ വരുന്നത്. ഇതിൽ പലവിധ നീയമങ്ങൾ ഉണ്ട് – പകർപ്പവകാശ നിയമം (Copy Right Act), വ്യാപാരമുദ്ര നിയമം (Trade Marks Act, 1999) , The Patents Act, 1970 (amended in 2005).
ഉദാഹരണത്തിന്, പുതിയതായി ഗവേഷണം ചെയ്ത് കണ്ടുപിടിച്ച ഒരു മരുന്ന്, പുതിയ ഒരു സാങ്കേതിക വിദ്യ, സോഫ്റ്റ്വെയര്, കഥ, കവിത, വ്യാപാര രഹസ്യങ്ങള്‍ (KFC ചേരുവ), ട്രേഡ് മാര്‍ക്കുകള്‍, കമ്പനി അടയാളങ്ങള്‍, ( ഗൂഗിൾ / ആപ്പിള്‍ ലോഗോ) ഇതെല്ലാം ബൗദ്ധിക സ്വത്തിന്റെ ഉദാഹരണങ്ങള്‍ ആണ്.
പകർപ്പവകാശ നിയമം ( Copy Right Act)
ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ സംഘടനയോ സ്വന്തം കഴിവും സമയവും ഉപയോഗിച്ച് നിർമ്മിച്ച / രൂപപ്പെടുത്തിയ ഒരു സൃഷ്ടിയിൽ, ആ വ്യക്തിക്ക് ലഭിക്കുന്ന പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം നൽകുന്ന നിയമം ആണ് പകർപ്പവകാശ നിയമം ( Copy Right Act).
കഥ, കവിത തുടങ്ങി സാഹിത്യ സൃഷ്ടികൾ പ്രസാധനം, സംഗീതം, കലകൾ, ചലച്ചിത്രം, ശബ്ദലേഖനം, വാർത്താ പ്രക്ഷേപണങ്ങൾ, പത്ര മാധ്യമ സൃഷ്ടികൾ, ഫോട്ടോകൾ, പെയിന്റിങ്ങുകൾ, ശില്പങ്ങൾ, വാസ്തുവിദ്യാരൂപാരേഖകൾ, കമ്പ്യൂട്ടർ പ്രോഗ്രാമുകൾ, സോഫ്റ്റ്വെയർ എന്നീ വിഭാഗങ്ങളെക്കൂടി ഈ നിയമത്തിൻറെ പരിധിയിൽ കൊണ്ടുവരികയും ചെയ്തു. പകർപ്പവകാശം നേടിയവ, അതിന്റെ അവകാശിയുടെ രേഖാമൂലമുള്ള അനുമതിയോടെ മറ്റുള്ളവർക്ക് ഉപയോഗിക്കാം, വിപണനം ചെയ്യാം, പരിഷ്കരിക്കാം.
സൃഷ്ടിയുടെ പുനർനിർമ്മാണം, പകർപ്പ്, ട്രാൻസ്ക്രിപ്റ്റ്, വിവർത്തനം എന്നിവ നടത്തുന്നതിന് യഥാർത്ഥ സൃഷ്ടിയുടെ ഉടമയ്ക്ക്, അഥവാ അനുമതിയുള്ളവർക്ക് ഇത് പ്രത്യേക അവകാശം നൽകുന്നു. സൃഷ്ടിപരമായ പ്രവർത്തനങ്ങളുടെ ഫലം മറ്റുള്ളവർക്ക് ആസ്വദിക്കുന്നതിനോടൊപ്പം, സൃഷ്ടാവിന് സൃഷ്ടിയുടെ മേൽ പരിരക്ഷയും നൽകുന്നത്ക കൊണ്ട് സർഗ്ഗാത്മകതയ്ക്കായി സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിയമം ആണ് പകർപ്പവകാശ നിയമം
പകർപ്പവകാശത്തിന്റെ പ്രാധാന്യം
സൃഷ്ടിയുടെ പുനർനിർമ്മാണം, പകർപ്പ്, ട്രാൻസ്ക്രിപ്റ്റ്, വിവർത്തനം എന്നിവ നടത്തുന്നതിന് യഥാർത്ഥ സൃഷ്ടിയുടെ ഉടമയ്ക്ക് അവകാശം നൽകുന്നു. സൃഷിയുടെ കർത്താവിനു അവരുടെ സൃഷ്ടിയുടെ ദുരുപയോഗം തടയാനും നിയമ ലംഘനം നടന്നാൽ നിയമനടപടി സ്വീകരിക്കാനും കഴിയും. ഉടമയ്ക്ക് അവരുടെ സൃഷ്ടിയിൽ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങൾ നേടാനുള്ള അവകാശവുമുണ്ട്.
പകർപ്പവകാശത്തിന്റെ കാലാവധി
ഒരു രചയിതാവിന്റെ ജീവിത കാലയളവ് + 60 വർഷം. റേഡിയോ ടെലിവിഷൻ പ്രക്ഷേപണങ്ങൾക്ക് പ്രക്ഷേപണ മാസം മുതൽ 25 വർഷം.