എന്താണ് ‘Corpus Delicti’ ? ചേകന്നൂർ മൗലവി കേസിലെ പ്രസക്തി?

Corpus Delicti എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം ‘body of the crime’ എന്നാണ്. അതായത് കുറ്റകൃത്യം നടന്നു തെളിയിച്ചാൽ മാത്രമേ (“the fact of a crime having been actually committed”) ആ കുറ്റത്തിന് ഒരാളെ ശിക്ഷിക്കാൻ സാധിക്കൂ. The crime must be proved to have occurred before a person can be convicted of committing that crime.

ഉദാഹരണത്തിന് കൊല്ലപ്പെട്ടു എന്ന് കരുതുന്ന ആളുടെ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കിൽ മരിച്ചു എന്നതിന് സമാനമായ തെളിവുകൾ കണ്ടെത്തിയാൽ മാത്രമേ ഒരാൾക്കെതിരെ ഈ കുറ്റം ആരോപിക്കാനും  ശിക്ഷിക്കാനും  സാധിക്കൂ.

ഒരു മതത്തെ വിമർശിച്ചു എന്നതിന്റെ പേരിൽ, ചേകന്നൂർ മൗലവി എന്നയാളെ 1993 ജൂലൈ 29 നു ഒരു മതപ്രഭാഷണത്തിനു എന്ന വ്യാജേന ഒരു കൂട്ടം ആൾക്കാർ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുകയും പിന്നീട് യാതൊരു വിവരം ഇല്ലാതെയാകുകയും ചെയ്തു. ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും പിന്നീട് സിബിഐ യും അന്വേഷിച്ചു 10 പ്രതികൾ ഉണ്ടായിരുന്നു എങ്കിലും പി വി ഹംസയ്ക്ക് മാത്രം സിബിഐ കോടതി ശിക്ഷ വിധിച്ചു. എന്നാൽ corpus delicti എന്ന തത്വമനുസരിച്ചു ഹൈക്കോടതി ഈ ശിക്ഷ റദ്ദാക്കി.

എന്താണ്  UAPA (The Unlawful Activities Prevention Act)?

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം അഥവാ  The Unlawful Activities Prevention Act, 1967 എന്ന നീയമത്തെയാണ്  UAPA എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. രാജ്യത്തിനെതിരായുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടു കൂടി 1967 ഡിസംബർ 30 തിന് ഇന്ത്യയിൽ നിലവിൽ വന്ന നിയമമാണ്  UAPA (The Unlawful Activities Prevention Act, 1967).
ഇന്ത്യയിൽ വ്യത്യസ്ത ഭീകര നിയമങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ആദ്യം TADA ( Terrorist and Disruptive Activities (Prevention) Act ), അതിനു ശേഷം POTA ( Prevention of Terrorism Act, 2002) എന്നിങ്ങനെയുള്ള തീവ്രവാദ വിരുദ്ധ നിയമങ്ങൾ നിലവിൽ വന്നു. പിന്നീട് പലവിധ പ്രതിഷേധങ്ങൾ മൂലം ഇതൊക്കെ പിൻവലിക്കുകയാണുണ്ടായത്.

രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും (Integrity & Sovereignty) തകർക്കാനായി നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും സംഘടനകളെ തടയുക എന്നതായിരുന്നു 2019 വരെ UAPA യുടെ ലക്ഷ്യം. എന്നാൽ, 2019 ൽ ഈ നിയമത്തിൽ ഒരു ഭേദഗതി (The Unlawful Activities Prevention Amendment Act, 2019) നടത്തികൊണ്ട് വ്യക്തികളെ കൂടി ഇതിലേക്ക് ചേർത്തുകയുണ്ടായി.

ഭരണഘടന പൗരന്മാർക്കുറപ്പു നൽകുന്ന മൗലിക അവകാശങ്ങളെ തകർക്കുന്ന ഒന്നാണ് UAPA. UAPA പോലൊരു നിയമം നിലവിൽ വരുന്നതിന് പ്രധാനമായും വെല്ലുവിളിയുയർത്തിയിരുന്നത് പൗരന്മാരുടെ സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കൾ 19 &  ആർട്ടിക്കൾ 21 ആയിരുന്നു. 1963 ലെ പതിനാറാം ഭരണഘടന ഭേദഗതി (SIXTEENTH AMENDMENT ACT, 1963) പ്രകാരം ആർട്ടിക്കൾ 19-ൽ ചില ഭേദഗതികൾ വരുത്തി കൊണ്ട്, ആർട്ടിക്കൾ 19-നെ നിശബ്ദമാക്കുകയാണുണ്ടായത്.

1963 ൽ നടത്തിയ ഈ ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും മുൻനിർത്തി പൗരന്മാരുടെ സ്വാതന്ത്ര്യത്തിലുൾപ്പടെ ആവശ്യമായ നിയന്ത്രണങ്ങൾ നടത്താൻ സ്റ്റേറ്റിന് അവകാശം നൽകി. ഈ അവകാശത്തിലൂടെയാണ്‌ 1967 ൽ UAPA നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്നത്.
സാധാരണ കേസുകളിലെ അറസ്റ്റുകളിൽ നിന്നും വിഭിന്നമാണ്  UAPA പ്രകാരമുള്ള അറസ്റ്റുകൾ. UAPA പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആവശ്യത്തിനനുസരിച്ച്, ആവശ്യക്കാരന് ആരുടെ മുകളിലും പ്രയോഗിക്കാനാവും. കാരണം, അത്രത്തോളം വ്യക്തതയില്ലാത്തതും, വിശാലമായതും, അതിരുകളില്ലാത്തതുമായ കുറ്റകൃത്യങ്ങളും UAPA യിൽ പ്രതിപാദിക്കുന്നുണ്ട്. ഇതിൻ പ്രകാരം ആരെയും ഒരു ഗവണ്മെന്റിന് കുറ്റക്കാരനായി പ്രഖ്യാപിക്കാൻ കഴിയും.

മാത്രമല്ല UAPA സെക്ഷൻ 43A, സെക്ഷൻ 43B പ്രകാരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണം നേരിടുന്ന വ്യക്തിയെ വാറന്റ് ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്യാനും, വസ്തുവകകൾ കണ്ടു കെട്ടാനുമെല്ലാം അധികാരമുണ്ട്. ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്. സെക്ഷൻ 43D പ്രകാരം ചാർജ്ഷീറ്റ് സമർപ്പിക്കാതെ പോലീസിന് ഒരു വ്യക്തിയെ 180 ദിവസം വരെ കസ്റ്റഡിയിൽ വെക്കാനും കഴിയും. സാധാരണ കേസുകളിൽ കസ്റ്റഡി 15 ദിവസവും അധിക കസ്റ്റഡി 30 ദിവസവുമാണെന്ന് കൂടി ഓർക്കണം! ഇനി കുറ്റപത്രം സമർപ്പിച്ചാലോ, അനിശ്ചിതമായി വിചാരണയില്ലാതെ ജയിൽ വാസം നീളും. ജാമ്യം എന്ന അടിസ്ഥാന അവകാശത്തെ പോലും ഈ നിയമം റദ്ദ് ചെയ്യുന്നു. UAPA പ്രകാരം മുൻകൂർ ജാമ്യത്തിനുള്ള അവസരവും നിഷേധിക്കപ്പെടും.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും, അന്വേഷണ ഏജൻസികൾക്കും വളരെയധികം അധികാരം നൽകുന്ന ഒന്നാണ്  UAPA. അതുകൊണ്ട് തന്നെ ഉദ്ദേശമൊക്കെ എത്ര നല്ലതാണെന്നു പറഞ്ഞാലും, ഈ നിയമവും ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.
സ്വാതന്ത്ര്യത്തിനുള്ള അവകാശവും, ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണവും (Art. 19 & 21) നിഷേധിക്കുന്ന ഒന്നാണ്  UAPA.

ഇതിലെ മറ്റൊരു വിരോധാഭാസം എന്തെന്ന് വെച്ചാൽ UAPA പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നവരിൽ പകുതിയാളുകൾ പോലും ശിക്ഷിക്കപ്പെടുന്നില്ലെന്നതാണ്! കോടതിയുടെ മുന്നിലിത്തരം കേസുകളെത്തുമ്പോൾ കുറ്റക്കാരെല്ലെന്ന് കണ്ട് കോടതിയിവരെയെല്ലാം മോചിപ്പിക്കുകയാണ്‌ പതിവ്. സർക്കാർ കണക്കുകൾ കാണിക്കുന്നത്, UAPA പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ വളരെ വളരെ കുറച്ചു കേസുകൾ മാത്രമാണ് കോടതി ശരി വെച്ചിട്ടുള്ളതെന്നാണ്.  ( റഫറൻസ്  )  അതായത് UAPA നിയമം നന്നായി ദുരുപയോഗപ്പെടുന്നുണ്ടെന്ന് അർത്ഥം! എന്നാൽ ജാമ്യം ലഭിക്കാതെ, കോടതി നടപടി ക്രമങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പു തന്നെയാണ് ഏറ്റവും വലിയ ശിക്ഷ! (കുറ്റക്കാരൻ അല്ലെങ്കിലോ? – 1000 കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് തല്ക്കാലം മറക്കാം )

സ്വകാര്യ വാഹനം പൊതുസ്ഥലം ആണോ?

എന്താണ് പൊതുസ്ഥലം  (public place)?
പൊതുവഴി (public place) എന്നാൽ, പൊതുജനത്തിന് പ്രവേശനമുള്ള അനുവാദമുള്ള  (access)  സ്ഥലം എന്ന് പറയാം.

പൊതുവഴിയിൽ ആയാലും സ്വകാര്യ വാഹനത്തിൽ ഇരുന്നു മദ്യപിക്കുന്നത് കുറ്റകരമല്ല എന്നാണ് ചിലരെങ്കിലും കരുതുന്നത്. ഇതിനു ഒരു കാരണം, ‘പൊതുസ്ഥല’മെന്ന നിർവ്വചനത്തിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. അതുപോലെ പൊതുനിരത്തിലെ സ്വകാര്യവാഹനത്തെ സ്വകാര്യ ഇടമായി പരിഗണിക്കാമെന്ന 1999 ലെ കേരള ഹൈക്കോടതി വിധിയും ഉണ്ടായിരുന്നു.

പൊതുവഴികളിലൂടെ പോകുന്ന സ്വകാര്യ വാഹനവും ‘പൊതുസ്ഥലം’എന്ന നിർവചനത്തിൽ വരുമെന്ന് സുപ്രീം കോടതി. മദ്യപിച്ചതിനു പിടിയിലായ കാര്‍ യാത്രികന്‍റെ അപ്പീല്‍ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. പൊതുസ്ഥലത്ത് അനുവദനീയമല്ലാത്തതൊന്നും സ്വകാര്യ വാഹനത്തിലും പാടില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു. ഇതോടെ പൊതുനിരത്തിലെ സ്വകാര്യവാഹനത്തെ സ്വകാര്യ ഇടമായി പരിഗണിക്കാമെന്ന 1999 ലെ കേരള ഹൈക്കോടതി വിധി ദുർബലമായി.  (കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി, കാറിൽ ഇരിക്കുമ്പോൾ മാസ്ക് ധരിക്കണമോ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ)

ജാർഖണ്ഡിൽ നിന്നു ബിഹാറിലേക്കു സ്വന്തം കാറിൽ വരുംവഴി മദ്യപിച്ച നിലയിൽ അറസ്റ്റിലായി കുറ്റം ചുമത്തപ്പെട്ട സ‍ത്‍വീന്ദര്‍ സിംഗ് എന്നയാള്‍ പട്‍ന ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.  2016 ലാണ് സംഭവം. ബിഹാര്‍ അതിര്‍ത്തിയില്‍ വച്ചാണ്  സ‍ത്‍വീന്ദര്‍ സിംഗ് പിടിയിലാകുന്നത്.

18 വയസ്സിൽ താഴെയുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാണോ?

എന്താണ് ഐപിസി സെക്‌ഷൻ 375 (IPC 375 – Rape – ബലാല്‍സംഗം ) ഉം പോക്‌സോ (POCSO)  നീയമവുമായുള്ള പരസ്‌പരവിരുദ്ധത?
(What is the conflict between IPC 375 and POCSO Act)
—————————————–

IPC 375 പ്രകാരം, 18 വയസ്സിൽ താഴെയുള്ള സ്ത്രീയുമായുള്ള ലൈംഗിക ബന്ധം, ബലാല്‍സംഗം ആയി പരിഗണിക്കും. എന്നാൽ സെക്ഷൻ 375 Exception പ്രകാരം 15 വയസ്സിനു മുകളിൽ ഉള്ള, സ്വന്തം ഭാര്യയുമായി സമ്മത്തോടെയോ അല്ലാതെയോ ഉള്ള ലൈംഗിക ബന്ധം, ബലാല്‍സംഗം ആയി പരിഗണിച്ചിരുന്നില്ല.

എന്നാൽ, 2012 ൽ നിലവിൽ വന്ന POCSO Act പ്രകാരം, ലൈംഗിക ബന്ധത്തിനുള്ള സമ്മതത്തിനുള്ള (consent) കുറഞ്ഞ പ്രായം 18 വയസ്സാണ്. ഇത് IPC സെക്ഷൻ 375 യുമായി പരസ്‌പരവിരുദ്ധമായിരുന്നു. അതുപോലെ തന്നെ ഈ നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 21 നു വിരുദ്ധമെന്ന് 2017 ഒക്ടോബർ 11 നു സുപ്രിം കോടതി വിധിച്ചു. ആയതിനാൽ  IPC 375 ലെ പ്രസ്തുത ഭാഗം റദ്ദുചെയ്തു.

അതുപോലെ തന്നെ ഈ exception, ശൈശവ വിവാഹ നിരോധന നിയമം ( Prohibition of Child Marriage Act ) ആയിട്ടും വിരുദ്ധമായിരുന്നു.

അതായത് 18 വയസ്സിൽ താഴെയുള്ള ഏതു സ്ത്രീയമായും, അത് ഭാര്യ ആയാലും  സമ്മത്തോടെയോ അല്ലാതെയോ ആയാലും ബലാല്‍സംഗം ആയി പരിഗണിക്കും. കുറ്റകരമാണ്!

എന്താണ് പോക്സോ (POCSO )കേസ് / പോക്സോ നിയമം (The Protection of Child from Sexual Offenses Act)

2012 വരെ ഇന്ത്യയില്‍ ബാലലൈംഗികചൂഷണം (CSA – Child Sex Abuse ) തടയുന്നതിനായി പ്രത്യേകം നിയമമൊന്നും ഉണ്ടായിരുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ IPC 354 (സ്ത്രീകളെ അപമാനിക്കല്‍), 375 (ബലാത്സംഗം) , 377 (പ്രകൃതിവിരുദ്ധ ലൈംഗികബന്ധം), 509 (Insult the modesty of a woman) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ നല്‍കിയിരുന്നത്. ഈ വകുപ്പുകൾ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളെ ഉദ്ദേശിച്ചു കൊണ്ടായിരുന്നില്ല. അതുപോലെ നീയമങ്ങളിൽ പലതും സ്ത്രീകളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളവയായിരുന്നു. ഇതുകൊണ്ട് തന്നെ, പല രീതിയിൽ ഉള്ള പാകപ്പിഴകൾ ബാലലൈംഗികചൂഷണം കൈകാര്യം ചെയ്യുന്നതിൽ ഉണ്ടായിരുന്നു.
ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമം  (The Protection of Child from Sexual Offenses Act) 2012 ലാണ് പ്രാബല്യത്തിലായത്. ഇത് POCSO – പോക്‌സോ എന്നറിയപ്പെടുന്നു. 18 വയസില്‍ താഴെയുളള കുട്ടികൾ (ആണ്‍കുട്ടികളും പെണ്‍കുട്ടികളും) നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ തടയുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം.
നിലവിലുണ്ടായിരുന്ന പഴയ നിയമത്തില്‍ നിന്ന് വ്യത്യസ്തമായി, ലൈംഗിക അക്രമം മാത്രമല്ല, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവൃത്തികളെയും ലൈംഗിക അക്രമമായി കുറ്റമായി കാണുന്നുവെന്നതാണ് പോക്‌സോയുടെ പ്രത്യേകത. കുട്ടികളുടെ അശ്ലീല ചീത്രങ്ങള്‍ ഉള്‍പ്പെടെ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.
പോക്‌സോ നിയമം ചുമത്തുന്നതോടെ പ്രതിക്ക് ഒത്തുതീര്‍പ്പിലൂടെ കേസില്‍ നിന്ന് തലയൂരാനുളള സാധ്യതകളും പഴുതുകളും അടയും. പ്രതിക്ക് ജാമ്യം കിട്ടില്ല. ഇരയായ കുട്ടി തന്റെ മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യം പറഞ്ഞ മൊഴിയാകും നിലനില്‍ക്കുക.
കുട്ടികളെ ലൈംഗികച്ചുവയോടെ സ്പര്‍ശിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാനുളള കുറ്റകൃത്യമായി കണക്കാക്കും. ഈ കുറ്റം അധ്യാപകര്‍, മതാധ്യാപകര്‍, ഹോസ്പിറ്റര്‍ സ്റ്റാഫുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചെയ്താല്‍ തടവ് ശിക്ഷ 8 വര്‍ഷം വരെയാകാം. ഒരു കുട്ടി പീഡനത്തിനിരയായാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലെങ്കില്‍ മൂന്നാമതൊരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യം ചെയ്യാവുന്നതും പരാതി നല്‍കാത്ത രക്ഷിതാക്കള്‍ക്കെതിരെ പോക്‌സോ ചുമത്താവുന്നതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം കേസുകള്‍ അധ്യാപകര്‍ മറച്ചുവച്ചാലും സമാനശിക്ഷ ലഭിക്കും.
കേസിന്റെ പ്രാരംഭം മുതല്‍ രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നതാണ് പോക്‌സോയുടെ മറ്റൊരു പ്രത്യകത. കുട്ടിയെ തിരിച്ചറിയുവാൻ സാധിക്കുന്ന പേരോ, ഫോട്ടോയോ, ദൃശ്യങ്ങളോ, മേല്‍വിലാസമോ പുറത്തുപറയാന്‍ പാടില്ല, മാധ്യമങ്ങളില്‍ ഇരയെ തിരിച്ചറിയാന്‍ കഴിയുന്ന വാര്‍ത്ത വരാന്‍ പാടില്ല. കേസില്‍ കൈക്കൊണ്ട നടപടിക്രമങ്ങളെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും കോടതിയെയും ബോധ്യപ്പെടുത്തുകയും വേണം.
അതുപോലെ തന്നെ വളരെയേറെ ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു നിയമമാണ് ഇത്. വ്യക്തി വൈരാഗ്യം തീർക്കുന്നതിനായി കുട്ടികളെ കരുവാക്കി ഇത് ദുരുപയോഗം ചെയ്യാറുണ്ട്.