വിവാഹവുമായി ബന്ധപ്പെട്ട് നിർബന്ധിതമായോ മുൻ വ്യവസ്ഥകൾ പ്രകാരമോ നൽകുന്ന സമ്മാനമാണ് സ്ത്രീധനം ( Dowry). സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചുകൊണ്ട്, കേന്ദ്ര സർക്കാറാണ് 1961-ൽ സ്ത്രീധന നിരോധന നിയമം ( Dowry Prohibition Act ) പാസ്സാക്കിയത്.
ഈ നിയമം 1984-ൽ ഭേദഗതി ചെയ്തു. സ്ത്രീധനം എന്താണെന്നു ഈ നിയമത്തിൽ നിർവ്വചിച്ചത് – വിവാഹവുമായി ബന്ധപ്പെട്ട് വിവാഹസമയത്തോ അതിനു മുമ്പോ പിമ്പോ വിവാഹിതരാവുന്ന കക്ഷികളിൽ ഒരാൾ മറ്റൊരാൾക്കു കൊടുക്കുന്നതോ, വിവാഹിതരാവുന്നവരുടെ മാതാപിതാക്കളൊ മറ്റാരങ്കിലുമോ വധുവിനോ വരനോ മറ്റാർക്കെങ്കിലുമോ കൊടുക്കുന്ന എല്ലാ സ്വത്തുക്കളും വിലയുള്ള പ്രമാണങ്ങളും സ്ത്രീധനം ആണ്. എന്നാല്‍ മുസ്ലിം വ്യക്തി നിയമപ്രകാരമുള്ള മെഹറും സ്ത്രീധനവും ഇതില്‍ നിന്ന് ഒഴിവാക്കിട്ടുണ്ട്. എന്നാല്‍ ആരുടെയും നിര്‍ബന്ധമില്ലാതെ വധുവരന്മാര്‍ സ്വന്തം ഇഷ്ടപ്രകാരം പരസ്പരം നല്‍കുന്ന തുകകള്‍ സ്ത്രീധന നിരോധന നിയമത്തിന്റെ കീഴില്‍ വരുന്നതല്ല. ഭാവിയിൽ ഒരു വ്യവഹാരം ഉണ്ടാകാതിരിക്കുവാനായി വധൂ വരന്മാർക്ക് ലഭിക്കുന്ന വസ്തു വകകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി ഇരുവരും അതിൽ ഒപ്പ് വച്ച് സൂക്ഷിക്കേണ്ടതാണ്.
സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടിയുള്ള കരാറുകൾ അസാധുവാണ്.
ശിക്ഷ
സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും വേണ്ടിയുള്ള കരാറുകളും സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കൊടുക്കാനും വാങ്ങാനും പ്രേരിപ്പിക്കുന്നതും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തടവു ശിക്ഷ കൂടാതെ, 15,000/- രൂപയോ , സ്ത്രീധനതുകയോ ഏതാണോ കൂടുതൽ, ആ സംഖ്യയ്ക്കുള്ള പിഴ ശിക്ഷയും ഉണ്ടായിരിക്കും. ഇപ്രകാരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കുറ്റവാളിക്ക്, അഞ്ച് വർഷത്തിൽ കുറവുള്ള ശിക്ഷയാണ് ചുമത്തുന്നതെങ്കിൽ, ആയതിനുള്ള കാരണം മജിസ്ട്രേറ്റ് രേഖപ്പെടുത്തേണ്ടാതാണ്.
കൂടാതെ 15,000 രൂപയോ സ്ത്രീധന തുകയോ ഏതാണോ കൂടുതല്‍ ആ സംഖ്യ പിഴ ശിക്ഷയും ഉണ്ടായിരിക്കും. ഇനി വധൂവരന്മാരുടെ മാതാപിതാക്കളാണ് സ്ത്രീധനം വാങ്ങാനും കൊടുക്കാനും പ്രേരിപ്പിക്കുന്നത് എങ്കില്‍ 6 മാസം മുതല്‍ 2 വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാം. കൂടാതെ 10,000 രൂപ പിഴയും അടയ്ക്കണം. സ്ത്രീധനനിരോധ നിയമപ്രകാരമുള്ള കേസുകള്‍ക്ക് ജാമ്യം ലഭിക്കാനും രാജിയാക്കാനും വ്യവസ്ഥയില്ല.
ആരോട് എവിടെപരാതിപ്പെടണം?
ഏതു വ്യക്തിയ്ക്കും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കാം. കല്യാണം കഴിഞ്ഞ് പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ കേസ് ഫയല്‍ ചെയ്യാം.
ഒരു മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റിനോ, ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിനോ,ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോ പോലീസ് റിപ്പോര്‍ട്ട് പ്രകാരമോ ,പരാതിപ്പെടുന്ന വ്യക്തി, രക്ഷകര്‍ത്താക്കള്‍, ബന്ധുക്കള്‍,അംഗീകരിക്കപ്പെട്ട സാമൂഹ്യ സേവക സംഘടനകള്‍ എന്നിവരുടെപരാതിയുടെ അടിസ്ഥാനത്തിലോ ഈ നിയമപ്രകാരം കേസെടുക്കാം.
സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുവാന്‍, കേരളാ സത്രീധന നിരോധന ചട്ടം 2004 ഭേദഗതി വരുത്തി, വനിതാ ശിശു വികസന ഡയറക്ടറെ ചീഫ് ഡവറി പ്രൊഹിബിഷന്‍ ഓഫീസറായും, 14 ജില്ലകളിലേയും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍മാരെ സ്ത്രീധന നിരോധന ഓഫീസര്‍മാരായും നിയോഗിച്ചിട്ടുണ്ട്.
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക