ഇസ്ലാമീക നിയമ പ്രകാരം ( ശരീഅത്ത്‌ ), മരിച്ചയാളുടെ വാപ്പയുടെ സ്വത്ത്, മരിച്ചയാളുടെ ഭാര്യയ്ക്കും മക്കൾക്കും ലഭിക്കുമോ?

മുസ്ലിങ്ങളുടെ സ്വത്തു പിന്തുടർച്ച ഇസ്ലാമീക നിയമ പ്രകാരം ( ശരീഅത്ത്‌ ) ആണ്.

മുസ്ലീം നിയമമനുസരിച്ച്, വസ്തുവിന്റെ ഉടമയ്ക്ക് അവന്റെ ജീവിതകാലം വരെ സ്വത്ത് കൈകാര്യം ചെയ്യാൻ സമ്പൂർണ്ണ അവകാശമുണ്ട്. ഉടമയുടെ മരണശേഷം സ്വത്ത് ഏറ്റവും അടുത്ത അവകാശികൾക്കു (nearer heirs) പങ്കിടും / ലഭിക്കും.

ഭാര്യയും മക്കളും ഉള്ള ഒരാൾ മരണപ്പെടുന്നു എന്ന് കരുതുക. മരിക്കുന്ന സമയത്തു ഇയാളുടെ പേരിൽ ഉള്ള സ്വത്ത് അയാളുടെ ഏറ്റവും അടുത്ത അവകാശികൾക്ക് (nearer heirs) ലഭിക്കും. അതായത് മരിച്ചയാളുടെ ഭാര്യയ്ക്കും മക്കൾക്കും അവകാശം ലഭിക്കും.

എന്നാൽ ഇയാൾ അവകാശിയായി, കിട്ടേണ്ട സ്വത്തിൽ, ഉദാഹരണത്തിന് ഇയാളുടെ വാപ്പയുടെ പേരിൽ ഉള്ള സ്വത്തൂക്കൾ ഭാഗം ചെയ്തു ഇയാളുടെ പേരിൽ വന്നിരുന്നില്ല (മരിക്കുന്ന സമയത്തു) എങ്കിൽ, പ്രസ്തുത സ്വത്തിൽ മരിച്ചയാളുടെ ഭാര്യയ്ക്കും മക്കൾക്കും യാതൊരു അവകാശവും ഉണ്ടാകില്ല (വാപ്പയുടെ (grand father) സ്വത്തു ഏറ്റവും അടുത്ത, ജീവിച്ചിരിക്കുന്ന അവകാശികൾക്കു (nearer heirs) മാത്രമായി പങ്കിടും.

മരിച്ചയാളുടെ ഭാര്യയ്ക്കും മക്കൾക്കും മരിച്ചയാളുടെ വാപ്പയുടെ (grand father) സ്വത്തിൽ അവകാശം ഉണ്ടാവില്ല. ഭാര്യയ്ക്കും മക്കൾക്കും അനന്തരാവകാശം ലഭിക്കേണ്ടത് അവരുടെ ഭർത്താവ് / പിതാവ് വഴിക്കാണ്. ആയാൾ മരണപ്പെട്ടാൽ, ആ വഴി/ ബന്ധം മുറിഞ്ഞു അവകാശം നഷ്ടപ്പെടും. അതാണ് പ്രശ്നം!

ഒരു ഉദാഹരണം: അബുവിന് രണ്ടു മക്കൾ. സലിം, റഹിം!
സലിം വിവാഹിതൻ, മൂന്നു കുട്ടികൾ.
റഹിം വിവാഹിതൻ, രണ്ടു കുട്ടികൾ.

 

ഒരു അപകടത്തിൽ സലീമും വാപ്പയും ഉമ്മയും (അബുവും ഭാര്യയും) മരണപ്പെട്ടു.  വാപ്പയുടെ സ്വത്ത് അവകാശികൾക്ക് (സലിം,റഹിം) വിഭജിച്ചിരുന്നില്ല. ഒസിയൊത്തൊന്നും എഴുതിയിരുന്നില്ല. ഈ സാഹചര്യത്തിൽ മരിച്ച സലീമിന്റെ ഭാര്യയ്ക്കും മക്കൾക്കും സലീമിന്റെ ഉപ്പയുടെ സ്വത്തിൽ ഭാഗ അവകാശം ഉണ്ടായിരിക്കില്ല. വാപ്പയുടെ മുഴുവൻ സ്വത്തും റഹിമിന് ലഭിക്കും (ഏറ്റവും അടുത്ത അവകാശി(nearer heirs). റഹീമിന്റെ സ്വത്തിൽ അയാളുടെ ഭാര്യക്കും മക്കൾക്കും മാത്രമായിരിക്കും അവകാശം! മരിച്ചയാളുടെ മറ്റൊരു മകന്റെ ഭാര്യയ്ക്കും കുട്ടികൾക്കും സ്വത്ത് ലഭിക്കാനുള്ള അവകാശമാണ് ഇല്ലാതെയാകുന്നത്.

എന്താണ് ഏകികൃത സിവിൽ കോഡ് (Uniform Civil Code)? അല്ലെങ്കിൽ പരിഷ്കരിച്ച വ്യക്തി നീയമങ്ങൾ? അതിന്റെ ഗുണ ദോഷങ്ങൾ എന്തൊക്കെ?

ഇന്ത്യയിലെ മിക്കവാറും എല്ലാ നീയമങ്ങളും ( ക്രിമിനൽ, സിവിൽ, കോൺട്രാക്ട്, മോട്ടോർ വാഹന നിയമം….) ഏതൊരു മതസ്ഥർക്കും ഒരു പോലെ ആണ്. എന്നാൽ വ്യക്തി നിയമങ്ങൾ(Personal law) ഓരോ മതസ്ഥർക്കും വ്യത്യസ്തമാണ്. അതായതു വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയെ സംബന്ധിച്ച നീയമങ്ങൾ ഓരോ മതസ്ഥർക്കും വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, ഇസ്ലാം നിയമപ്രകാരം ഒരാൾക്ക് 4 വിവാഹം വരെ കഴിക്കാം. എന്നാൽ ഹിന്ദു നിയമ പ്രകാരം ഒരാൾക്ക് ഒരു വിവാഹം മാത്രമേ നിയമപരമായി സാധിക്കു.

അതുപോലെ തന്നെ ഇത്തരം വ്യക്തി നിയമത്തിൽ ഒരുപാടു അപാകതകൾ ഉണ്ട്. ഹിന്ദു നീയമങ്ങൾ പല പ്രാവശ്യം പരിഷ്കരിക്കപ്പെടുകയും മെച്ചപ്പെടുത്തുകയും ചെയ്തു. ഇനിയും പരിഷ്കരിക്കാൻ ഉണ്ട്. എന്നാൽ ഇസ്ലാം നീയമങ്ങളിൽ ഉള്ള പല പോരായ്മകളും പലവിധ പ്രശ്നങ്ങളാൽ യാതൊരു മാറ്റവും വരുത്താതെ തുടരുന്നു.

നിലവിലുള്ള നിയമത്തിൽ ഉള്ള ചില പോരായ്മകൾ

  1. ഹിന്ദു പുരുഷൻ മരിച്ചാൽ, അയാൾക്ക്‌ അവശേഷിക്കുന്ന സ്വത്ത് ഹിന്ദു സ്വത്തവകാശ നിയമം അനുസരിച്ചു, അയാളുടെ അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും തുല്യമായി ലഭിക്കും. അച്ഛന് യാതൊരു സ്വത്തും ലഭിക്കില്ല. ഇത് മരിച്ചയാളുടെ അച്ഛന് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.
  2. ക്രിസ്ത്യൻ പുരുഷൻ മരിച്ചാൽ, മൂന്നിൽ ഒന്ന് ഭാര്യയ്ക്കും ബാക്കി മൂന്നിൽ രണ്ട് ഭാഗം അയാളുടെ മക്കൾക്കും ലഭിക്കും. മരിച്ചയാളുടെ സ്വത്തിൽ അയാളുടെ അച്ഛനോ അമ്മയ്ക്കോ യാതൊരു അവകാശവും ഇല്ല. ഇത് മരിച്ചയാളുടെ അപ്പനും അമ്മയും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.
  3. ഒരു മുസ്ലിം പുരുഷൻ മരിച്ചാൽ, ഒരു പെൺകുട്ടി മാത്രമെങ്കിൽ പിതാവിന്റെ സ്വത്തിന്റെ പകുതി മാത്രമേ കുട്ടിക്ക് ലഭിക്കു. (ഒന്നിൽ കൂടുതൽ പെൺ കുട്ടികൾ ഉണ്ടെങ്കിൽ പിതാവിന്റെ സ്വത്തിന്റെ മൂന്നിൽ രണ്ടു സ്വത്ത് എല്ലാ പെൺകുട്ടികൾക്കും.) ബാക്കി വസ്തുവകകൾ മരിച്ചയാളുടെ സഹോദരങ്ങൾക്ക് ലഭിക്കും. ഇനി മറ്റൊരു രീതിയിൽ ആണെങ്കിൽ, മകൻ അപ്പന് മുന്നേ മരിച്ചെങ്കിൽ, മകന്റെ ഭാര്യയ്ക്കും കുട്ടികൾക്കും മരിച്ചയാളുടെ അപ്പന്റെ സ്വത്തിൽ യാതൊരു അവകാശവും ഉണ്ടാവില്ല. ഇത് മരിച്ചയാളുടെ ഭാര്യയ്ക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.


വ്യക്തിനിയമങ്ങളിലെ ചില പോരായ്മകൾ, വിവിധ പരിഷ്കരണത്തിലൂടെ തിരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്,THE HINDU SUCCESSION (KERALA AMENDMENT AMENDMENT BILL 2015, BILL NO: 333 ) ഹിന്ദു പിന്തുടർച്ച അവകാശത്തിലുണ്ടായിരുന്ന ഒരു തെറ്റ് തിരുത്തുവാൻ വേണ്ടിയുള്ള ഭേദഗതി ആണ്ഹിന്ദു നിയമ പ്രകാരം, മരിച്ച മകന്റെ സ്വത്തിൽ അമ്മയ്ക്ക് അവകാശം ഉണ്ടായിരുന്നു. അതായതു അമ്മയുടെ സ്വത്ത്‌ മക്കൾക്ക് ഭാഗം വെച്ചതിനു ശേഷം പോലും മകൻ മരിച്ചാൽ മകന്റെ സ്വത്തിൽ അമ്മയ്ക്ക് അവകാശം ലഭിക്കും. ഇപ്രകാരം അമ്മയ്ക്ക് ലഭിക്കുന്ന സ്വത്തിൽ സ്വാഭാവികമായും വീണ്ടും അമ്മയുടെ മറ്റു മക്കൾക്ക് (മരിച്ച ആളുടെ സഹോദര(രി)ങ്ങൾക്ക്) അവകാശം ഉണ്ടാകും. അത് വീണ്ടും പാർട്ടീഷൻ നടത്തേണ്ടി വരും. ഇത് മരിച്ച മകന്റെ ഭാര്യയുടെയും മക്കളുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതു കൊണ്ടാണ് ഇങ്ങനെ ഒരു ഭേദഗതി വന്നത്


ഇതുപോലെ പല പ്രശ്നങ്ങളും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയിൽ ഉണ്ട്. ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത എന്നതിനെ കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്.

ഏകീകൃത പൗരനിയമം എന്ന ആവശ്യം എപ്പോഴെല്ലാം ഉയർന്നു വന്നിട്ടുണ്ടോ അപ്പോഴെല്ലാം മുസ്‌ലിം യാഥാസ്ഥിതികവിഭാഗങ്ങൾ അതിനെ പ്രതിരോധിക്കാൻ ആശ്രയിച്ചുപോന്നിട്ടുള്ള (ഇപ്പോഴും ആശ്രയിക്കുന്ന) ചില വാദമുഖങ്ങളുണ്ട്‌. ഉദാഹരണത്തിന്: മുസ്‌ലിം വ്യക്തിനിയമങ്ങൾക്കുപകരം ഏകീകൃത സിവിൽകോഡ്‌ വരുമ്പോൾ മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യം ഇല്ലാതാകും, മുസ്‌ലിങ്ങളുടെ സാംസ്കാരികസ്വത്വം നഷ്ടപ്പെടും, മുസ്‌ലിങ്ങളിൽ ഹിന്ദുകോഡ്‌ അടിച്ചേല്പിക്കപ്പെടും, ഏകീകൃത പൗരനിയമം ബഹുസ്വരത തകർക്കും.

എന്നാൽ മതവിശ്വാസങ്ങളുടെയോ മതാചാരങ്ങളുടെയോ ഏകീകരണമല്ല, പൗരനിയമങ്ങളുടെ ഏകീകരണമാണ്‌ സിവിൽകോഡ്‌ ലക്ഷ്യമിടുന്നത്‌. ഇസ്‌ലാമിന്റെ ഈശ്വരാരാധനമുറകളായ പ്രാർഥന (നമസ്കാരം), വ്രതം, സക്കാത്ത്‌, ഹജ്ജ്‌ എന്നീ മേഖലകളിലും പൊതുപൗരനിയമം കൈകടത്തുന്ന പ്രശ്നമുദിക്കുന്നില്ല. എന്നാൽ ഈ വസ്തുത മനസിലാക്കാതെ പൗരനിയമ ഏകീകരണം മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമെന്ന്‌ പ്രചരിപ്പിക്കുന്നു.

വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.

എല്ലാ വിവാഹങ്ങളും മുൻസിപ്പാലിറ്റി/പഞ്ചായത്ത് ൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം പോലെ, ഏകീകൃത സിവിൽ കോഡ് വന്നാലും നിലവിൽ നടത്തുന്ന ആചാരങ്ങൾ അതുപോലെ തന്നെ നടത്താം.