രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും (Integrity & Sovereignty) തകർക്കാനായി നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും സംഘടനകളെ തടയുക എന്നതായിരുന്നു 2019 വരെ UAPA യുടെ ലക്ഷ്യം. എന്നാൽ, 2019 ൽ ഈ നിയമത്തിൽ ഒരു ഭേദഗതി (The Unlawful Activities Prevention Amendment Act, 2019) നടത്തികൊണ്ട് വ്യക്തികളെ കൂടി ഇതിലേക്ക് ചേർത്തുകയുണ്ടായി.
മാത്രമല്ല UAPA സെക്ഷൻ 43A, സെക്ഷൻ 43B പ്രകാരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണം നേരിടുന്ന വ്യക്തിയെ വാറന്റ് ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്യാനും, വസ്തുവകകൾ കണ്ടു കെട്ടാനുമെല്ലാം അധികാരമുണ്ട്. ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്. സെക്ഷൻ 43D പ്രകാരം ചാർജ്ഷീറ്റ് സമർപ്പിക്കാതെ പോലീസിന് ഒരു വ്യക്തിയെ 180 ദിവസം വരെ കസ്റ്റഡിയിൽ വെക്കാനും കഴിയും. സാധാരണ കേസുകളിൽ കസ്റ്റഡി 15 ദിവസവും അധിക കസ്റ്റഡി 30 ദിവസവുമാണെന്ന് കൂടി ഓർക്കണം! ഇനി കുറ്റപത്രം സമർപ്പിച്ചാലോ, അനിശ്ചിതമായി വിചാരണയില്ലാതെ ജയിൽ വാസം നീളും. ജാമ്യം എന്ന അടിസ്ഥാന അവകാശത്തെ പോലും ഈ നിയമം റദ്ദ് ചെയ്യുന്നു. UAPA പ്രകാരം മുൻകൂർ ജാമ്യത്തിനുള്ള അവസരവും നിഷേധിക്കപ്പെടും.
ഇതിലെ മറ്റൊരു വിരോധാഭാസം എന്തെന്ന് വെച്ചാൽ UAPA പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നവരിൽ പകുതിയാളുകൾ പോലും ശിക്ഷിക്കപ്പെടുന്നില്ലെന്നതാണ്